പ്ലാന്‍റേഷന്‍ ടൂറിസം- വമ്പന്‍ സാധ്യതകളില്‍ പ്രതീക്ഷയര്‍പ്പിച്ച് തോട്ടം മേഖല

Kochi / January 21, 2024

കൊച്ചി: സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയില്‍ വമ്പന്‍ കുതിച്ചു ചാട്ടത്തിനുള്ള സാധ്യതയുള്ള മേഖലയാണ് പ്ലാന്‍റേഷന്‍ ടൂറിസം. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ രൂപീകരണത്തോടെ തോട്ടം മേഖലയിലെ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് കൊച്ചിയില്‍ നടത്തുന്ന പ്ലാന്‍റേഷന്‍ എക്സ്പോയില്‍ ടൂറിസം പ്രധാന ഇനമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

തോട്ടം മേഖലയിലെ അഞ്ച് ശതമാനം സ്ഥലം ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന നിയമഭേദഗതി ടൂറിസം മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കിയെങ്കിലും പ്രായോഗികമായ പല പ്രശ്നങ്ങളും മൂലം ഈ രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുകയും തോട്ടം മേഖലയെ വ്യവസായവകുപ്പിന് കീഴിലേക്ക് കൊണ്ടു വരികയും ചെയ്തതോടെ പ്ലാന്‍റേഷന്‍ ടൂറിസം എന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്.

കേരളത്തിന്‍റെ നൈസര്‍ഗിക ടൂറിസം സാധ്യതകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് പ്ലാന്‍റേഷന്‍ മേഖലയെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഷന്‍സ് ഓഫ് കേരള (എപികെ) ചെയര്‍മാന്‍ പ്രിന്‍സ് തോമസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. സ്വര്‍ണഖനിയ്ക്ക് മുകളിലാണ് ഓരോ പ്ലാന്‍റേഷനുകളും സ്ഥിതി ചെയ്യുന്നത്. തോട്ടം മേഖല വ്യവസായവകുപ്പിന് കീഴിലാകുന്നതോടെ ഇതിന്‍റെ സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകും.

 ചെറിയ തോതിലാണെങ്കിലും പല തോട്ടമുടമകളും ഹോംസ്റ്റേ മാതൃകയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിന് ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ പ്ലാന്‍റേഷന്‍ ഡയറക്ട്രേറ്റിലൂടെ സാധിക്കും. പൈതൃക ബംഗ്ലാവുകളും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത മനോഹരയിടങ്ങളും കൊണ്ട് സമ്പന്നമാണ് പ്ലാന്‍റേഷനുകള്‍. ഇത് ഉപയോഗപ്പെടുത്തിയാല്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വമ്പന്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് പ്ലാന്‍റേഷന്‍ ബംഗ്ലാവുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. പല വിധത്തിലുള്ള പാക്കേജുകള്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയവ പുതുതലമുറ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. തോട്ടങ്ങളിലൂടെയുള്ള ട്രക്കിംഗ്, പ്രകൃതിയെ തൊട്ടറിഞ്ഞുള്ള താമസം എന്നിവയും ഇവയെ പ്രിയപ്പെട്ടതാക്കുന്നു.

പ്ലാന്‍റേഷനുകളില്‍ സാഹസിക വിനോദങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളും തങ്ങളുടെ പ്രദര്‍ശനമൊരുക്കിയിട്ടുണ്ട്.  സിപ് ലൈന്‍, ജീപ്പ് സഫാരി, റോവിംഗ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിരവധി നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിനോദ് ജേക്കബ് പറഞ്ഞു.

ടൂറിസത്തിനപ്പുറത്തേക്ക് തോട്ടങ്ങളുടെ വാണിജ്യപ്രവര്‍ത്തനത്തിനും ഈ നടപടികള്‍ സഹായകമാണെന്ന് തോട്ടം മേഖലയിലുള്ളവര്‍ പറഞ്ഞു. തേയില പോലുള്ള ഉത്പന്നങ്ങളുടെ വിപണനത്തിനും ബ്രാന്‍ഡിന്‍റെ പ്രചാരത്തിനും ടൂറിസം ഏറെ ഗുണം ചെയ്യുമെന്ന് ടൈഫോര്‍ഡ് ടീ എസ്റ്റേറ്റ് ജനറല്‍ മാനേജരായ ആര്‍ സാംരാജ് ചൂണ്ടിക്കാട്ടി.

ശനിയാഴ്ച തുടങ്ങിയ മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. 

ENDS

Photo Gallery

+
Content
+
Content