നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍; ന്യൂജെന്‍ ആയി പ്ലാന്‍റേഷന്‍ മേഖല

Kochi / January 21, 2024

കൊച്ചി: കേരളത്തിലെ ഏറ്റവും പഴയ വ്യവസായങ്ങളിലൊന്നായ പ്ലാന്‍റേഷന്‍ മേഖലയില്‍ ഇന്ന് നടക്കുന്ന ടെക്നോളജി വിപ്ലവമാണ്. മരുന്നടി മുതല്‍ ഫാക്ടറി മാനേജ്മന്‍റ് വരെ ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റമാണ് നടക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പ്ലാന്‍റേഷന്‍ ഡയറക്ട്രേറ്റ് സംഘടിപ്പിച്ച പ്ലാന്‍റേഷന്‍ എക്സ്പോയില്‍ ന്യൂജെന്‍ ടെക്നോളജിയുടെ വിപുലമായ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്.

തോട്ടം മേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ വരവ് താരതമ്യേനെ പതുക്കെയായിരുന്നെങ്കിലും ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ വരവോടെ ഇതില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി എന്ന് പ്ലാന്‍റേഷന്‍ സ്പെഷ്യല്‍ ഓഫീസറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ ശ്രീ ഹരികിഷോര്‍ അഭിപ്രായപ്പെട്ടു. വന്‍കിട തോട്ടങ്ങള്‍ പലതും ഇന്ന് ആധുനിക സാങ്കേതികവിദ്യയിലെ വിവിധ സേവനങ്ങള്‍ ഉപയോഗിച്ചു വരുന്നു. തോട്ടം മേഖലയിലെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയുമെന്നതിനാല്‍ കൂടുതല്‍ തോട്ടമുടമകള്‍ ആധുനികവത്കരണത്തിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏക്കര്‍ കണക്കിനു വരുന്ന തോട്ടങ്ങളിലെ കീടനാശിനി പ്രയോഗം, രോഗനിര്‍ണയം, ജലസേചനം തുടങ്ങിയ കാര്യങ്ങള്‍ ഇന്ന് ഓട്ടോമേഷനിലൂടെയാണ് നടക്കുന്നത്. നിരവധി സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനമായ കാംകോയുമെല്ലാം ഡ്രോണുകളുടെ പ്രദര്‍ശനം പ്ലാന്‍റേഷന്‍ എക്സ്പോയില്‍ ഒരുക്കിയിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഫ്യൂസലേജുമായി ചേര്‍ന്നാണ് കാംകോ ഡ്രോണുകള്‍ വില്‍പന നടത്തുന്നത്.

എന്നാല്‍ ഈ മേഖലയിലെ സ്വകാര്യപങ്കാളിത്തവും ശ്രദ്ധേയമാണ്. ഒരു ഡ്രോണുപയോഗിച്ച് ആകാശനിരീക്ഷണം നടത്തി രോഗം ബാധിച്ച ചെടികള്‍ കണ്ടെത്തുന്നു. ഈ ഡാറ്റ തത്സമയം കീടനാശിനി ഡ്രോണിലേക്ക് അയച്ച് അവിടെ മാത്രം ആവശ്യമായ മരുന്നടിക്കുന്ന സാങ്കേതികവിദ്യ പലരും നല്‍കുന്നുണ്ട്.

നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിംഗും അടിസ്ഥാനമാക്കിയ തുള്ളിനനയാണ് മറ്റൊരു താരം. ഇസ്രായേലില്‍ നിന്നുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നു. നൂറേക്കര്‍ മുതല്‍ ഗാര്‍ഹികമായ ചെറുകൃഷിയിടങ്ങള്‍ക്ക് വരെയുള്ള തുള്ളിനന ഉത്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെറും മൊബൈല്‍ ഫോണിലൂടെ നൂറുകണക്കിന് ഏക്കറിലെ നനയ്ക്കല്‍ സാധ്യമാകുന്നതാണ് പല ടെക്നോളജികളും.

തോട്ടങ്ങളുടെ ഭരണനിര്‍വഹണം ചരക്ക് സംഭരണം, തൊഴിലാളികളുടെ ഡാറ്റ മുതലായവ ഓട്ടോമേറ്റ് ചെയ്യുന്ന സംരംഭങ്ങളും പ്ലാന്‍റേഷന്‍ എക്സ്പോയിലുണ്ട്. വരും നാളുകളില്‍ കൂടുതല്‍ തോട്ടമുടമകള്‍ ആധുനികവത്കരണത്തിലേക്ക് കടന്നു വരുമെന്ന പ്രതീക്ഷയാണ് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് വച്ച് പുലര്‍ത്തുന്നത്.

ശനിയാഴ്ച തുടങ്ങിയ മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

ENDS

Photo Gallery

+
Content
+
Content
+
Content
+
Content
+
Content