കേരള ടെക്നോളജി എക്സ്പോ 2024 ലോഗോ പുറത്തിറക്കി

Calicut / January 21, 2024

കോഴിക്കോട്: രാജ്യത്തെ ടെക്നോളജി വ്യവസായത്തിന്‍റെ കേരളത്തിലെ കവാടമായി കോഴിക്കോടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള ടെക്നോളജി എക്സ്പോ(കെടിഎക്സ്-2024) ലോഗോ പ്രകാശനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 

2024 ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ സരോവരം ബയോ പാര്‍ക്കിനടുത്തുള്ള കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണ് പരിപാടി നടക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 6000 ല്‍പ്പരം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടെക്നോളജി മേഖലയില്‍ കോഴിക്കോട് നടക്കുന്ന ഏറ്റവും വലിയ പരിപാടിയാകും കെടിഎക്സ് 2024 എന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ ഉദ്യമത്തിന് എല്ലാ വിധ വിജയങ്ങളും അദ്ദേഹം ആശംസിച്ചു.

കോഴിക്കോട് സൈബര്‍പാര്‍ക്കടക്കമുള്ള പത്തോളം സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവ്(സിഐടിഐ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

എസിസി പ്രസിഡന്‍റ് എം എ മെഹബൂബ്, വൈസ് പ്രസിഡന്‍റ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി അരുണ്‍ കുമാര്‍, സിഐടിഐ 2.0 ചെയര്‍മാന്‍ അജയന്‍ കെ ആനത്ത്, ജനറല്‍ സെക്രട്ടറി അനില്‍ ബാലന്‍, സിഇഒ ശൈലേഷ് കുമാര്‍, സിഎഎഫ്ഐടി പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി അഖില്‍ കൃഷ്ണ,  കെഎസ്ഐടിഐഎല്‍ ജനറല്‍ മാനേജര്‍ മനോജ് ചുമ്മാര്‍, ക്രെഡായ് പ്രസിഡന്‍റ് സുഭാഷ് കെ ജി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Photo Gallery

+
Content