സാര്‍ഥകമായ സര്‍ക്കാര്‍ ഇടപെടല്‍ തോട്ടം മേഖലയെ രക്ഷിക്കും- പ്ലാന്‍റേഷന്‍ എക്സ്പോ സിമ്പോസിയം

Kochi / January 21, 2024

കൊച്ചി: ശമ്പള വര്‍ധനവും ഉത്പാദനച്ചെലവും മൂലം നട്ടം തിരിയുന്ന തോട്ടം മേഖലയെ സംരക്ഷിക്കാന്‍ സാര്‍ഥകമായ സര്‍ക്കാര്‍ ഇടപെടലിലൂടെ സാധിക്കുമെന്ന് കൊച്ചിയില്‍ നടക്കുന്ന രണ്ടാമത് പ്ലാന്‍റേഷന്‍ എക്സ്പോയില്‍ നടന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു. വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്.

കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള വ്യത്യാസം, 2018 ലെ പ്രളയം എന്നിവ പ്ലാന്‍റേഷന്‍ മേഖലയുടെ നടുവൊടിച്ചിരിക്കുകയാണെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.  ഇത് മറികടക്കുന്നതിന് ഭരണരംഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ ആവശ്യമാണ്.
തോട്ടം ഉടമകളുടെ വിശ്വാസം തിരികെ കൊണ്ടുവരാന്‍ അധികാരികള്‍ ശ്രമിക്കണം. വിദ്ഗ്ധോപദേശത്തിനായി കൃത്യമായ ഇടവേളകളില്‍ പരിശീലനകളരികള്‍ സംഘടിപ്പിക്കണമെന്നും സിമ്പോസിയത്തില്‍ അഭിപ്രായമുയര്‍ന്നു.

തൊഴിലവസരം നല്‍കുന്ന കാര്യത്തില്‍ തോട്ടം മേഖല വഹിക്കുന്ന പങ്ക് സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് വേണ്ട പിന്തുണ നല്‍കണം. വന്‍കിട തോട്ടം ഉടമകള്‍ക്കും കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും തോട്ടം മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
ഏതാനു ദശകങ്ങള്‍ മുമ്പ് വരെ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായിരുന്നു തോട്ടം മേഖലയെന്ന് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് പ്രൊഫസര്‍ അശുതോഷ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഏത് വിള കൃഷി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തോട്ടം ഉടമകള്‍ക്കാണ് നല്‍കേണ്ടത്. ഈ മേഖലയെ ലാഭകരമാക്കാന്‍ വേണ്ടി വൈവിധ്യവത്കരണം ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്‍റേഷന്‍ മേഖലയുടെ വൈവിധ്യവത്കരണം, പുനരുജ്ജീവനം എന്നിവയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഐഐഎം സംഘത്തിലെ അംഗങ്ങളാണ് അശുതോഷ് സര്‍ക്കാരും എസ് വെങ്കിട്ടരാമനും.

ഇറക്കുമതി നിയന്ത്രണം തോട്ടം മേഖലയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് യുണൈറ്റഡ് പ്ലാന്‍റേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) പ്രസിഡന്‍റ് സി ശ്രീധരന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ റബര്‍ ഉത്പാദനം 2013 ലെ 8 ലക്ഷത്തില്‍ ടണ്ണില്‍ നിന്നും ആറ് ലക്ഷം ടണ്ണായി മാറി. ലാഭമില്ലാത്ത തോട്ടവിളയായി റബര്‍ മാറി. മേക്ക് ഇന്‍ ഇന്ത്യ പോലെ ഗ്രോ ഇന്‍ ഇന്ത്യ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഴ്സ് ഓഫ് കേരള മുന്‍ ചെയര്‍മാനും ടെക്നിക്കല്‍ കമ്മിറ്റി അംഗം എസ് ബി പ്രഭാകര്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു. തോട്ടം മേഖലയുടെ അഞ്ചിലൊന്ന് സ്ഥലം പശ്ചിമഘട്ടമാണെന്ന് ടീ ബോര്‍ഡ് ഡെ. ഡയറക്ടര്‍ ഫാല്‍ഗുനി ബാനര്‍ജി പറഞ്ഞു. ഇവിടുത്തെ മണ്ണ് സംരക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ വിളയുന്ന കൊക്കോ വളരെ മികച്ച ഗുണനിലവാരമുള്ളതാണെങ്കിലും വേണ്ട വിപണി ലഭിക്കുന്നുില്ലെന്നും അവര്‍ പറഞ്ഞു.

കൂലി കൂടുതലാണെങ്കിലും കേരളത്തിലെ ഏലത്തിന്‍റെ ഉത്പാദനം അയല്‍സംസ്ഥാനങ്ങളെക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സ്പൈസസ് ബോര്‍ഡ് പ്രതിനിധി നിതിന്‍ ജോയ് പറഞ്ഞു. എന്നാല്‍ യന്ത്രവത്കരണം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ തോട്ടവിളകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് റബര്‍ ബോര്‍ഡ് ഡെ. ഡയറക്ടര്‍ മുഹമ്മദ് സാദിഖ് പറഞ്ഞു. ഇടവിളകള്‍ വരുമാനം കൂട്ടുകയും ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പികൃഷിയിലെ പുതിയ ഗവേഷണങ്ങളെക്കുറിച്ച് കോഫി ബോര്‍ഡ് ഡെ. ഡയറക്ടര്‍ ഡോ. എം കറുത്തമണി വിവരിച്ചു.

ശനിയാഴ്ച തുടങ്ങിയ മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

Photo Gallery

+
Content