ഫ്രീ ചായ, കോഫി, ഇതു മാത്രമല്ല, ഇവയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരുക്കി പ്ലാന്‍റേഷന്‍ എക്സ്പോ

Kochi / January 20, 2024

കൊച്ചി: ചായയും കാപ്പിയും കുടിക്കാത്ത മലയാളികള്‍ ചുരുക്കമാണ്. എന്നാല്‍ ചായയെയും കാപ്പിയെയും കുറിച്ച് അറിയേണ്ടതെല്ലാം ഒരുക്കിയിരിക്കുകയാണ് കൊച്ചിയില്‍ വ്യവസായവകുപ്പിനു കീഴിലുള്ള പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് സംഘടിപ്പിച്ച പ്ലാന്‍റേഷന്‍ എക്സ്പോ. എക്സ്പോയുടെ കവാടത്തില്‍ തന്നെയാണ് സംസ്ഥാനത്തെ പ്രമുഖ തേയിലത്തോട്ടങ്ങളുടെ ഫ്രീ ചായക്കടയുള്ളത്.

നല്ല ചായയെന്നത് കുടിക്കുന്നവരുടെ നാവിന്‍റെ രുചിയാണെന്നാണ് തേയിലമേഖലയില്‍ ഒന്നരദശകത്തെ പരിചയമുള്ള വണ്ടിപ്പെരിയാര്‍ സ്വദേശി പ്രവീണ്‍ പറയുന്നത്. പ്ലാന്‍റേഷന്‍ എക്സ്പോയില്‍ ഒരുക്കിയിട്ടുള്ള ചായക്കടയില്‍ പൊതുജനങ്ങള്‍ക്ക് ചായയുടെയും കാപ്പിയുടെയും വിശദാംശങ്ങള്‍ പറഞ്ഞു കൊടുക്കുകയാണ് ഈ ചെറുപ്പക്കാരന്‍. എല്ലാ ചായയും ഒരേ ക്വാളിറ്റിയാണ്. എന്നാല്‍ ഇവ സംസ്ക്കരിച്ച് അരിച്ചെടുക്കുമ്പോഴാണ് കടുപ്പം വ്യത്യാസം വരുന്നത്.

ഇതേ മാതൃകയിലാണ് കാപ്പിയുടെ കടുപ്പവും വരുന്നതെന്ന് പ്രവീണ്‍ പറഞ്ഞു. ഫില്‍ട്ടര്‍ കാപ്പിയ്ക്കായുള്ള കുരു വറക്കുന്നത് മുതല്‍ പൊടിക്കുന്നതും സൂക്ഷിക്കുന്നതും വരെ പ്രത്യേകമായാണ്. ഇതിന്‍റെ വ്യത്യാസം മനസിലാക്കാന്‍ യഥാര്‍ത്ഥ ഫില്‍ട്ടര്‍ കാപ്പി രുചിച്ചു നോക്കാനും ഇവിടെ ലഭിക്കുന്നു.

കേവലം പ്ലാന്‍റേഷന്‍ മാത്രമല്ല, വൈവിദ്ധ്യങ്ങളുടെ ഒരു കലവറ തന്നെയാണ് എക്സ്പോയില്‍ ഒരുക്കിയിട്ടുള്ളത്. ചായപ്പൊടി മുതല്‍ പ്ലാന്‍റേഷന്‍ ഓട്ടോമേഷന്‍ വരെയും വെട്ടുകത്തി മുതല്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ വരെയും ഇവിടെ കാണികളെ ആകര്‍ഷിക്കുന്നു. ഇതിനൊപ്പം വിവിധ പഴവര്‍ഗങ്ങളുടെ തൈകളും എക്സ്പോയില്‍ ലഭിക്കുന്നുണ്ട്. കശുമാവിന്‍ തൈകള്‍ സൗജന്യമായും കിട്ടും.

പ്ലാന്‍റേഷന്‍ മേഖലയിലെ ടൂറിസം സംരംഭങ്ങള്‍, സാഹസിക വിനോദങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കയറ്റുമതി സാധ്യതകള്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നുള്ള സ്റ്റാളുകള്‍ ഇവിടെയുണ്ട്. തോട്ടം മേഖലയെ പരിചയപ്പെടുന്നതിനും, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍ തുടങ്ങിയ വൈവിധ്യവത്കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എക്സ്പോ ലക്ഷ്യം വയ്ക്കുന്നു.

 കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയാണ് മേളനടക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ENDS

Photo Gallery

+
Content
+
Content
+
Content
+
Content