പ്ലാന്‍റേഷന്‍ മേഖലയ്ക്കായി വ്യവസായ വകുപ്പ് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും- പി രാജീവ്

ലയങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍ സഹായം നല്‍കും പ്ലാന്‍റേഷന്‍ എക്സ്പോയ്ക്ക് തുടക്കമായി
Kochi / January 20, 2024

കൊച്ചി: സംസ്ഥാനത്തെ തോട്ടമേഖലയില്‍ അഞ്ച് ശതമാനം മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള് അനുമതികള്‍ വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച രണ്ടാമത് പ്ലാന്‍റേഷന്‍ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവില്‍ തോട്ടം മേഖലയുടെ അഞ്ച് ശതമാനത്തില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. ഇതിന് അനുമതി ലഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് വാസ്തവാണെന്ന് മന്ത്രി പറഞ്ഞു. ഇത് മറി കടക്കുന്നതിനായി പ്ലാന്‍റേഷന്‍ ഡയക്ടറേറ്റില്‍ ഏകജാലക സംവിധാനം ഉടന്‍ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ ചേര്‍ന്ന് ഉടനെ തന്നെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. അടുത്ത സാമ്പത്തികവര്‍ഷമാദ്യം ഏകജാലക സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

പ്ലാന്‍റേഷന്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലയങ്ങളുടെ നവീകരണമാണ്. ഇത് തോട്ടം ഉടമകള്‍ക്ക് വലിയ സാമ്പത്തികബാധ്യത വരുത്തുന്നവെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ മനസിലാക്കുന്നു. ലയങ്ങളുടെ നവീകരണത്തിനായി എടുക്കുന്ന വായ്പയുടെ പലിശ പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ വഹിക്കും. ഇതു സംബന്ധിച്ചുള്ള പ്ലാന്‍ തയ്യാറാക്കാന്‍ ഈ മാസം 25 ന് യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടങ്ങളുടെ റിപ്ലാന്‍റിംഗിലൂടെ ഉത്പാദനം കൂട്ടുന്നതിനായി ലോകബാങ്കിന്‍റെ പദ്ധതിയില്‍ പ്ലാന്‍റേഷനെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളൂരില്‍ ആരംഭിക്കുന്ന റബര്‍ ഫാക്ടറിയില്‍ പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, പ്രതിരോധം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ക്കായുള്ള പ്രത്യേക ഉത്പന്നങ്ങള്‍ എന്നിവയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. റബര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളും ഇവിടെ ഉണ്ടാകും.

നിലവില്‍ പല ഉത്പന്നങ്ങള്‍ക്കും കേരള ബ്രാന്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ ഉത്പന്നങ്ങള്‍ക്കും കേരള ബ്രാന്‍ഡ് കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. പുതിയ പഴ വര്‍ഗങ്ങള്‍ക്ക് വിപണിയില്‍ വലിയ ഡിമാന്‍ഡാണുള്ളത്. വയനാട്ടില്‍ തുടങ്ങിയ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് പ്രത്യേക ബ്രാന്‍ഡായി വിപണനം നടത്തും.

എംഎസ്എംഇ മേഖലയില്‍ കഴിഞ്ഞ ഒന്നേമുക്കാല്‍ വര്‍ഷത്തില്‍ 2,10,000 സംരംഭങ്ങള്‍ ആരംഭിച്ചു. നാലരലക്ഷം തൊഴിലവസരങ്ങളാണ് ഇതു വഴി സൃഷ്ടിക്കപ്പെട്ടത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെ 81,000 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍, വൈവിധ്യവത്കരണം, പ്ലാന്‍റേഷനിതര കൃഷി തുടങ്ങിയ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും കോഴിക്കോട് ഐഐഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വ്യവസായവകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഈ മേഖലയിലേക്കുള്ള സമഗ്രനയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം എംഎല്‍എ ടി ജെ വിനോദ് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ മേയര്‍ എം അനില്‍കുമാര്‍, സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍, കോഫി ബോര്‍ഡ് ഡെ. ഡയറക്ടര്‍ ഡോ. കറുത്തമണി, ടീ ബോര്‍ഡ് ഡെ. ഡയറക്ടര്‍ ഫാല്‍ഗുനി ബാനര്‍ജി, റബര്‍ ബോര്‍ഡ് പ്രതിനിധി മുഹമ്മദ് സാദിഖ്, ഉപാസി പ്രതിനിധി സി ശ്രീധരന്‍, തോട്ടം ഉടമ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

തോട്ടം മേഖലയെ പരിചയപ്പെടുന്നതിനും, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍ തുടങ്ങിയ വൈവിധ്യവത്കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എക്സ്പോ ലക്ഷ്യം വയ്ക്കുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയാണ് മേളനടക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ENDS

Photo Gallery

+
Content