പാലുല്‍പാദനം കൂട്ടല്‍; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായി ധാരണപത്രം ഒപ്പിട്ട് കേരള ഫീഡ്സ്

Kochi / January 18, 2024

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡുമായി (ഐഐഎല്‍) പൊതുമേഖല കാലത്തീറ്റ ഉത്പാദക സ്ഥാപനമായ കേരള ഫിഡ്സ് ധാരണാപത്രം ഒപ്പിട്ടു. മൃഗ-മത്സ്യ-മനുഷ്യവിഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന ഐഐഎല്‍ ഉത്പന്നങ്ങള്‍ സംസ്ഥാനത്തുടനീളം വില്‍പ്പന നടത്തുന്നതിന് ധാരണാപത്രത്തിലൂടെ കേരള ഫീഡ്സിന് സാധിക്കും. നാഷണല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡിന്‍റെ ഉപ വിഭാഗമാണ് ഐഐഎല്‍.

ഹൈദരാബാദിലെ ഐഐഎല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരള ഫീഡ്സ് എം ഡി ഡോ.ബി ശ്രീകുമാറും ഐഐഎല്‍ എംഡി ഡോ. കെ ആനന്ദകുമാറും ധാരണ പത്രത്തില്‍ ഒപ്പിട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീന്‍ ഉത്പാദിപ്പിച്ചത് ഐഐഎല്ലിന്‍റെ ഫാക്ടറികളില്‍ ആയിരുന്നു. ലോകത്ത് പേപ്പട്ടി വിഷത്തിനെതിരായ വാക്സീന്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ് ഐഐഎല്‍.

ധാരണാപത്രപ്രകാരം ഐഐഎല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും കേരള ഫീഡ്സ് സംസ്ഥാനത്തുടനീളം വില്‍പ്പന നടത്തും. ആദ്യപടിയെന്ന നിലയില്‍ വെറ്റിനറി ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്.

കന്നുകാലികളിലെ മികച്ചക്ഷീരോല്‍പാദനം, കൂടിയ അളവ് കൊഴുപ്പ് ,  മികച്ച രോഗപ്രതിരോധം, മികച്ച പ്രത്യുല്‍പാദനശേഷി എന്നിവയെല്ലാം ഐഐഎല്ലിന്‍റെ പ്രത്യേകതകളാണ്. കേരള ഫീഡിന്‍റെ  മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി തെരഞ്ഞെടുത്ത കേരള ഫീഡ്സ് ഡീലര്‍മാര്‍ വഴിയാണ് ഐഐഎല്‍ ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.

കേരള ഫീഡ്സും ഐഐഎല്ലും തമ്മിലുള്ള സഹകരണം സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഡോ.ബി ശ്രീകുമാര്‍  അഭിപ്രായപ്പെട്ടു. കാലിത്തീറ്റ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കാലിത്തൊക്കൊപ്പം നല്‍കാവുന്ന ഫുഡ് സപ്ലിമെന്‍റുകളാണ് ഐഐഎല്‍ വില്‍പ്പന നടത്തുന്നത്. ഇതു നല്‍കുന്നതിലൂടെ പാലുല്‍പാദനം കൂടുകയും കാലിത്തീറ്റയ്ക്ക് പുറമെ നല്‍കുന്ന തീറ്റയുടെ ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും. അങ്ങിനെ ക്ഷീര വ്യവസായം ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കര്‍ഷകരെ ഈ ഉല്‍പ്പന്നങ്ങള്‍ സഹായിക്കും. സ്വന്തമായി ശീതീകരിച്ച വിതരണ ശൃംഖലയുള്ള അപൂര്‍വ്വം ഉല്‍പാദകരിലൊന്നാണ് ഐഐഎല്‍. അതിനാല്‍ തന്നെ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് ഡോ. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.

1982 ല്‍ സ്ഥാപിതമായ ഐഐഎല്ലിന്‍റെ 150 ഓളം ഉല്‍പ്പന്നങ്ങള്‍ 50ലേറെ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.

 

Photo Gallery

+
Content