കേരളത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഹെലിടൂറിസം;

സാഹസിക ടൂറിസത്തിനായി വിവിധ പരിപാടികള്‍
New Delhi / January 18, 2024

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കേരള ടൂറിസം വകുപ്പ്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹെലി ടൂറിസം ഉള്‍പ്പെടെയുള്ള വമ്പന്‍ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അറിയിച്ചു.

    ടൂറിസം മേഖലയിലെ പങ്കാളികള്‍ക്കായി സംഘടിപ്പിച്ച ബിടുബി മീറ്റിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്കൈ എസ്കേപ്സ് എന്ന് പേരിട്ടിരിക്കുന്ന ഹെലി ടൂറിസം പദ്ധതി, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ പുരവഞ്ചികള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന മാതൃകയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്. 
സമഗ്രമായ ഹെലി ടൂറിസം നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഹെലികോപ്റ്റര്‍ നല്‍കുന്ന യാത്രാ പാക്കേജുകളുടെ വിവരങ്ങളടങ്ങുന്ന മൈക്രോസൈറ്റ് പുറത്തിറക്കി. വിവിധ ഹെലിഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന പാക്കേജുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കും. ഒറ്റ യാത്രയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന വിനോദസഞ്ചാരികള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും ഈ പാക്കേജുകളെന്നും അദ്ദേഹം പറഞ്ഞു. 

പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. മേക്ക് അപ് ഫോര്‍ ലോസ്റ്റ് ടൈം, പാക്ക് അപ് ഫോര്‍ കേരള (നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി കേരളത്തിലേക്ക് പാക്ക് അപ്പ് ചെയ്യുക) എന്നതാണ് കേരള ടൂറിസത്തിന്‍റെ പ്രചാരണം. ഈ പ്രചാരണപരിപാടിയ്ക്ക് അന്തരാഷ്ട്ര ടൂറിസം പുരസ്ക്കാരമായ പാറ്റ ഗോള്‍ഡ് സംസ്ഥാനത്തിന് ലഭിച്ചു. 

പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ അവതരിപ്പിക്കുക, നൂതന ടൂറിസം സര്‍ക്യൂട്ടുകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിലും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളിലും നിക്ഷേപം നടത്തുക ഉത്തരവാദിത്ത ടൂറിസം വിപുലീകരിക്കുക എന്നിവയാണ് ടൂറിസം വകുപ്പ് പുതിയതായി നടപ്പാക്കാനുദ്ദേശിക്കുന്നത്.

ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ട്രാവല്‍ ട്രേഡ് നെറ്റ് വര്‍ക്കിംഗ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വ്യാപാരമേളകളില്‍ പങ്കെടുത്ത് പുതിയ ഉത്പന്നങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ബിടുബി ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഈ ആഴ്ചയില്‍ ഛണ്ഡീഗഢില്‍ നടന്ന പാര്‍ട്ണര്‍ഷിപ്പ് മീറ്റിംഗും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഭോപ്പാല്‍, ലഖ്നൗ അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബിടുബി വാണിജ്യ കൂടിക്കാഴ്ചകളും ഇതിലുള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ഈ വര്‍ഷം നാല് അന്താഷ്ട്ര സാഹസിക കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ ഇടുക്കിയിലെ വാഗമണില്‍ മാര്‍ച്ച് 14 മുതല്‍ 17 വരെ നടക്കും. ഇന്‍റര്‍നാഷണല്‍ സര്‍ഫിങ്ങ് ഫെസ്റ്റിവല്‍ വര്‍ക്കലയില്‍ മാര്‍ച്ച് 29 മുതല്‍ 31 വരെയാണ്. മൗണ്ടെയ്ന്‍ ബൈക്ക് മത്സരം (എംടിബി കേരള-2024) ഏപ്രില്‍ 26 മുതല്‍ 28 വരെ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ പ്ലാന്‍റേഷനിലാണ് നടക്കുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ 28 വരെ കോഴിക്കോട് കോടഞ്ചേരിയില്‍ നടക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

കേരളത്തിന്‍റെ മനോഹരമായ പ്രകൃതിസൗന്ദര്യവും മികച്ച താമസ സൗകര്യങ്ങളും മികച്ച ഗതാഗത സൗകര്യവും വിരുന്നുകള്‍ക്കുള്ള സൗകര്യങ്ങളുമെല്ലാം പ്രയോജനപ്പെടുത്തി മികച്ച വിവാഹ-മധുവിധു ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിമുള്ള തീവ്രശ്രമങ്ങള്‍ കേരള ടൂറിസം നടത്തി വരികയാണ്.

2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 159.69 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. 19.34 ശതമാനം റെക്കോര്‍ഡ് വളര്‍ച്ചയാണിതെന്നും പി ബി നൂഹ് ചൂണ്ടിക്കാട്ടി.
 

Photo Gallery

+
Content
+
Content
+
Content
+
Content