തോട്ടം മേഖലയുടെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്ന നയങ്ങള്‍ക്ക് രൂപം നല്‍കും: മന്ത്രി പി രാജീവ്

Trivandrum / January 17, 2024

തിരുവനന്തപുരം: ആഗോളതലത്തില്‍ കേരള പ്ലാന്‍റേഷന്‍സ് എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്‍റെ ഭാഗമായി കേരളത്തിലെ തോട്ടം മേഖലയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന നയങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ്.


തോട്ടം മേഖലയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരന്തര പരിശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഇതിന്‍റെ ഭാഗമായാണ് 2021 ല്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ പങ്കാളികളെ ഉള്‍പ്പെടുത്തി തോട്ടം മേഖലയുടെ പുരോഗതിക്കായുള്ള സമഗ്ര നയങ്ങളും സഹായ പദ്ധതികളും തയ്യാറാക്കി ദീര്‍ഘവീക്ഷണത്തോടെയാണ് ഇത് നടപ്പാക്കിയത്. ശാസ്ത്രീയവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തരത്തില്‍ തോട്ടം മേഖലയുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ തോട്ടങ്ങളുടെ 46 ശതമാനവും കേരളത്തിലാണ്. കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ തോട്ടം മേഖല ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന സംഭാവന നല്‍കുന്ന മേഖലകളിലൊന്നായും തൊഴില്‍ദാതാവായും ഈ മേഖല തുടരുന്നു. എന്നാല്‍ തോട്ടം മേഖല ഇപ്പോള്‍ ഗൗരവമേറിയ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അത് കൂട്ടായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തോട്ടം മേഖലയുടെ നിലവിലെ അവസ്ഥയെപ്പറ്റിയും മേഖലയില്‍ കൊണ്ടുവരാവുന്ന വൈവിധ്യവല്‍ക്കരണത്തെയും നവീകരണത്തെക്കുറിച്ചും പഠനം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിനെ (ഐഐഎം കോഴിക്കോട്) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐഐഎം സംഘം സംസ്ഥാനത്തെ തോട്ടങ്ങള്‍, തോട്ടമുടമകള്‍, തൊഴിലാളി പ്രതിനിധികള്‍, സംസ്ഥാന, കേന്ദ്ര ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവരെ സന്ദര്‍ശിച്ചു. അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

സംസ്ഥാനത്തിന്‍റെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ ലക്ഷ്യമിട്ടുള്ള 285 മില്യണ്‍ യുഎസ് ഡോളറിന്‍റെ ലോകബാങ്ക് സഹായത്തോടെയുള്ള കേരള ക്ലൈമറ്റ് റിസീലിയന്‍റ് അഗ്രി-വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍ (കെഇആര്‍എ) പദ്ധതിയുടെ പ്രയോജനവും തോട്ടം മേഖലയ്ക്ക് ലഭിക്കും. തോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് ആവശ്യമായ റീപ്ലാന്‍റിഗ്, ഇറിഗേഷന്‍, ഉത്പാദനം എന്നിവ മെച്ചപ്പെടുത്താന്‍ ഈ പദ്ധതി ഉപകരിക്കും.

അഞ്ച് ശതമാനം തോട്ടം ഭൂമി ഹോര്‍ട്ടികള്‍ച്ചര്‍, വാനില, ഔഷധ സസ്യങ്ങള്‍, അനുബന്ധ വിളകളുടെ കൃഷി, ടൂറിസം എന്നിവയ്ക്ക്  ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് അനുമതി നല്‍കുന്നതിന് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റില്‍ ഒരു ഏകജാലക സംവിധാനവും കൊണ്ടുവന്നു. തോട്ടം കര്‍ഷകരില്‍ നിന്നുള്ള ആവശ്യം പരിഗണിച്ച് കൂടുതല്‍ വാണിജ്യപ്രാധാന്യമുള്ള ഫലവൃക്ഷങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

തോട്ടം തൊഴിലാളി ലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് മുന്‍കൈ എടുത്തുവരികയാണ്. ബാങ്ക് വായ്പാ പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ സബ് സിഡി നല്‍കുന്നതാണ് പദ്ധതി. റബ്ബര്‍ പാര്‍ക്ക്, കാര്‍ബണ്‍ ന്യൂട്രല്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, സ്പൈസ് പാര്‍ക്ക് എന്നിവ പ്ലാന്‍റേഷന്‍ മേഖലയിലെ മൂല്യവര്‍ധനയെ സഹായിക്കുന്നതാണ്. സുസ്ഥിരവും പാരിസ്ഥിതികവുമായ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും ഈ മേഖലയിലെ പരിഷ്കാരങ്ങളില്‍ പ്രധാനമാണ്. എസ്റ്റേറ്റുകളുടെ ഒരു ഭാഗം വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ അത് പരിസ്ഥിതി സൗഹൃദ രീതിയില്‍ പരിപാലിക്കണം. 2023 ലെ കേരള വ്യവസായ നയത്തില്‍ നിക്ഷേപസാധ്യതയുള്ള 22 മേഖലകളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊന്ന് തോട്ടം മേഖലയിലെ ഹൈടെക് കൃഷിരീതിയും മൂല്യവര്‍ധനയുമാണ്.

തോട്ടം മേഖലയിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന കേരള പ്ലാന്‍റേഷന്‍ എക്സ്പോയുടെ രണ്ടാം പതിപ്പ് ജനുവരി 20 മുതല്‍ 23 വരെ കൊച്ചിയില്‍ നടക്കും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു. കേരളത്തിലെ തോട്ടം ഉത്പന്നങ്ങളുടെ ആഗോള, ആഭ്യന്തര ആവശ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ എക്സ്പോ മുന്നോട്ടുവയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Photo Gallery