ഇന്‍ഡോര്‍ ഫോട്ടോവോള്‍ട്ടയിക് സെല്ലുകള്‍ക്ക് റെക്കോര്‍ഡ് എഫിഷ്യന്‍സി നേട്ടവുമായി സിഎസ്ഐആര്‍-നിസ്റ്റ്

Trivandrum / January 16, 2024

തിരുവനന്തപുരം: ഇന്‍ഡോര്‍ സോളാര്‍ സെല്ലുകളുടെ ഊര്‍ജശേഷി 35.6 ശതമാനം വരെ വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് തിരുവന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) ശാസ്ത്രജ്ഞര്‍. സുസ്ഥിരവും മലിനീകരണ മുക്തവുമായ ഊര്‍ജ്ജസ്രോതസുകള്‍ നിര്‍മ്മിക്കാനുള്ള ശാസ്ത്രലോകത്തിന്‍റെ ശ്രമത്തില്‍ ഇതൊരു നാഴികക്കല്ലാണ്.


റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ജേണല്‍ ഓഫ് മെറ്റീരീയല്‍സ് കെമിസ്ട്രിയില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഈ സാങ്കേതികനേട്ടത്തിന് ആഗോളതലത്തില്‍ അംഗീകാരമായി.

തുടരെത്തുടരെ ബാറ്ററി മാറ്റാതെ തന്നെ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സെല്‍ഫ് പവേര്‍ഡ് ഉപകരണങ്ങള്‍ സൃഷ്ടിച്ച് ഊര്‍ജ്ജ ഉപഭോഗത്തില്‍ സുസ്ഥിര പരിഹാരം സാധ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ഉപയോഗ ശേഷം വലിച്ചെറിയുന്ന കോടിക്കണക്കിന് ബാറ്ററികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇലക്ട്രോണിക്സ്, പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കും ഇത് ഗുണംചെയ്യും. കെട്ടിടങ്ങള്‍ക്കകത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ഫോട്ടോവോള്‍ട്ടയിക് സാങ്കേതികവിദ്യയായതിനാല്‍ പ്രകൃതിസൗഹൃദ വീടുകള്‍, ഡിസൈനുകള്‍, കെട്ടിടത്തിന്‍റെ അകത്തളങ്ങളിലെ വാസ്തുവിദ്യാ ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങിയ നൂതന ആപ്ലിക്കേഷനുകള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രകൃതിദത്ത ഊര്‍ജ്ജസ്രോതസുകളിലൂടെ സെല്‍ഫ് പവേര്‍ഡ് ആയ ഉപകരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ എന്‍ഐഐഎസ്ടി സംഘം വ്യാപൃതരാണെന്നും അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

എന്‍ഐഐഎസ്ടിയിലെ സെന്‍റര്‍ഫോര്‍ സസ്റ്റൈനബിള്‍ എനര്‍ജി ടെക്നോളജീസിലെ (സി-സെറ്റ്) ശാസ്ത്രജ്ഞനായ ഡോ.സൂരജ് സോമന്‍റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലൂടെ പരമ്പരാഗത അയഡിന്‍ ഇലക്ട്രലൈറ്റുകളെ അപേക്ഷിച്ച് കോപ്പര്‍ അടിസ്ഥാനമായ ഇലക്ട്രലൈറ്റുകള്‍ പരിസ്ഥിതി സൗഹൃദമാണെന്നത് ഈ മാതൃകയുടെ വാണിജ്യസാധ്യത വര്‍ധിപ്പിക്കുന്നു. വീടിനകത്ത് പരമാവധി ബാറ്ററികള്‍ ഒഴിവാക്കിക്കൊണ്ട് ഇന്‍ഡോര്‍ പ്രകാശത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ടെമ്പറേച്ചര്‍ സെന്‍സര്‍ നിര്‍മ്മിച്ച് എന്‍ഐഐഎസ്ടി സംഘം ഈ സാങ്കേതികവിദ്യ വിജയകരമായി പ്രദര്‍ശിപ്പിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഇന്‍ഡോര്‍ ലൈറ്റിന്‍റെ സഹായത്തോടെ സ്വയം പ്രവര്‍ത്തിക്കുന്ന ഐഒടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും ഇത് സഹായമാകുമെന്ന് എന്‍ഐഐഎസ്ടിയിലെ സെന്‍റര്‍ഫോര്‍ സസ്റ്റൈനബിള്‍ എനര്‍ജിടെക്നോളജീസ് മേധാവി ഡോ. കെ. എന്‍ നാരായണന്‍ ഉണ്ണി പറഞ്ഞു. പുറത്തേക്ക് വലിച്ചെറിയുന്ന ബാറ്ററികളുടെ എണ്ണം കുറച്ച് സുസ്ഥിരവും ഹരിതാഭവുമായ ഒരു ഭാവി നിര്‍മ്മിക്കുന്നതിനും ഈ നേട്ടം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഫോട്ടോവോള്‍ട്ടയിക് സെല്ലിലൂടെ സൂര്യനില്‍ നിന്ന് 1.27 വോള്‍ട്ടേജും ഇന്‍ഡോര്‍ പ്രകാശത്തില്‍ നിന്ന് 1.025 വോള്‍ട്ടേജ് എന്ന നിരക്കിലും ഉയര്‍ന്ന വോള്‍ട്ടേജ് കരസ്ഥമാക്കുന്ന ബൈ-ലേയര്‍ ആര്‍ട്ടിടെക്ചര്‍ സാങ്കേതികവിദ്യ നേരത്തെ ഇവിടെയുള്ള ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജേണല്‍ ഓഫ് മെറ്റീരിയല്‍സ് കെമിസ്ട്രിയില്‍ ഈ നേട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Photo Gallery

+
Content
+
Content