കോഴിക്കോടിനെ നോണ്‍ ലെതര്‍ ഫുട് വെയർ വ്യവസായത്തിന്‍റെ ഇന്ത്യയിലെ ഹബ്ബ് ആക്കാനാകും: മന്ത്രി പി രാജീവ്

Calicut / January 13, 2024

കോഴിക്കോട്: കോഴിക്കോടിനെ നോണ്‍ ലെതര്‍ ഫുട് വെയർ വ്യവസായത്തിന്‍റെ ഇന്ത്യയിലെ ഹബ്ബ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. ലെതര്‍ ഫൂട് വെയര്‍ വ്യവസായത്തില്‍ വലിയ പാരമ്പര്യമാണ് കോഴിക്കോടിനുള്ളത്. ഇത് പ്രയോജനപ്പെടുത്താനും കോഴിക്കോടിനെ ഈ വ്യവസായത്തില്‍ ബ്രാന്‍ഡ് ചെയ്യാനും വ്യവസായികള്‍ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. കേരള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി)  ഫുട് വെയർ  ഡിസൈന്‍ ആന്‍ഡ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടും (എഫ്ഡിഡിഐ) ചേര്‍ന്ന് കോഴിക്കോട്ട് സംഘടിപ്പിച്ച ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്-2024 എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോഴിക്കോടിന് ഏറെ സാധ്യതയുള്ള വ്യവസായമാണ് ചെരിപ്പ് വ്യവസായം. ലെതര്‍  ഫുട് വെയർ  ഇന്‍ഡസ്ട്രിയില്‍ കോഴിക്കോട് പ്രൗഢി വീണ്ടെടുക്കുന്ന പ്രവര്‍ത്തനം നടത്തിയാല്‍ അത് കേരളത്തിലെ വ്യവസായ മേഖലയ്ക്കാകെ ഗുണം ചെയ്യുമെന്നും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ജില്ലകളിലെ പ്രവണത കണക്കിലെടുത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കോഴിക്കോട്ടെ സംരംഭകര്‍ മുന്‍കൈയെടുക്കണം. സംസ്ഥാനത്തെ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ മാര്‍ച്ചോടെ 35 ആകും. നിലവില്‍ 20 എണ്ണത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു.

കേരളത്തിലെ എംഎസ്എംഇ മേഖലയുടെ പ്രവര്‍ത്തനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ എംഎസ്എംഇകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധി കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-22 ല്‍ ബാങ്കുകള്‍ കേരളത്തിലെ എംഎസ്എംഇകള്‍ക്ക് നല്‍കിയത് 50,000 കോടി രൂപയുടെ വായ്പയാണ്. നടപ്പു സാമ്പത്തവര്‍ഷം ഒമ്പത് മാസത്തില്‍ എംഎസ്എംഇകള്‍ക്ക് 81,000 കോടി രൂപയാണ് ബാങ്കുകള്‍ ലോണ്‍ നല്‍കിയത്. ഇത് ഈ മേഖലയുടെ പ്രവര്‍ത്തനക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. എംഎസ്എംഇകലെ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുന്നതിനായുള്ള മിഷന്‍ 1000 പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫുട് വെയർ  വ്യവസായത്തിന് കോഴിക്കോടിന്‍റെ ചരിത്രപരമായ പ്രാധാന്യം നിലനിര്‍ത്തി ഉത്പാദനം കൂട്ടാനും ഉന്നത നിലവാരമുള്ള ഉത്പന്നങ്ങളും പുതിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും പുറത്തിറക്കാനും ലക്ഷ്യമിടണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. പുത്തന്‍ ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിലൂടെ ദേശീയ, അന്തര്‍ദേശീയ വിപണി കണ്ടെത്താന്‍ ശ്രമിക്കണമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

കോഴിക്കോട്ടെ  ഫുട് വെയർ  മേഖലയുടെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും മേഖലയുടെ വികസനത്തിനായി കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുമാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന സ്വാഗതം ആശംസിച്ച കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ പറഞ്ഞു.

ഒരു ഫാഷന്‍ ഇന്‍ഡസ്ട്രി എന്ന നിലയിലേക്ക് വളര്‍ച്ച പ്രാപിച്ചിരിക്കുന്ന  ഫുട് വെയർ  വ്യവസായത്തിന്‍റെ മാറ്റം തിരിച്ചറിഞ്ഞു കൊണ്ടുള്ള നവീകരണം ഈ മേഖലയില്‍ കൊണ്ടുവരണമെന്ന് എഫ്ഡിഡിഐ എംഡി കേണല്‍ പങ്കജ് കുമാര്‍ സിംഹ പറഞ്ഞു. കോഴിക്കോട് ഉള്‍പ്പെടെയുള്ള കേരളത്തിന്‍റെ നോണ്‍ ലെതര്‍ ഫൂട് വെയര്‍ വ്യവസായത്തിന്‍റെ സമ്പന്നമായ പാരമ്പര്യം ഈ മേഖലയില്‍ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ ലെതര്‍  ഫുട് വെയർ വ്യവസായികള്‍ക്ക് ഈ മേഖലയിലെ പുതിയ സാങ്കേതികതകളും സാധ്യതകളും പരിചയപ്പെടാനും വ്യവസായത്തില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനുമുള്ള സാഹചര്യം ഒരുങ്ങണമെന്ന് കെഎസ്ഐഡിസി ഡയറക്ടറും ആള്‍ ഇന്ത്യ എംഎസ്എംഇ  ഫുട് വെയർ കൗണ്‍സില്‍ ചെയര്‍മാനുമായ വികെസി റസാക്ക് പറഞ്ഞു.

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു, കെഎസ്ഐഡിസി അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ സുനി പിഎസ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സെഷനുകള്‍ എഫ്ഡിഡിഐ എക്സിക്യുട്ടീവ് ഡയറക്ടറും കോഴിക്കോട് മുന്‍ കളക്ടറുമായ ഡോ. നരസിംഹുഗാരി ടി എല്‍ റെഡ്ഡി, എഫ്ഡിഡിഐ ചെന്നൈ ഫാക്കല്‍റ്റിമാരായ പ്രിന്‍സ് ജോസഫ്, ഡി രമേഷ്, രാജേഷ് നായര്‍ എന്നിവര്‍ നയിച്ചു.

ENDS

Photo Gallery

+
Content