'ഡയറി നെക്സ്റ്റ്-പ്രയോഗവും പ്രയോജനവും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു

Kollam / January 12, 2024

കൊല്ലം: ക്ഷീര കര്‍ഷകര്‍ക്ക് പശു വളര്‍ത്തലിന്‍റെ ശാസ്ത്രീയ അറിവുകള്‍ പകരുന്ന സംയോജിത സമ്പര്‍ക്ക പരിപാടിയായ 'ഡയറി നെക്സ്റ്റ്-പ്രയോഗവും പ്രയോജനവും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, ചാണപ്പാറ സന്‍മാര്‍ഗ്ഗദായിനി സ്മാരക വായനശാലയില്‍ വച്ചായിരുന്നു പരിപാടി.

മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് കെഎല്‍ഡിബി, കേരള ഫീഡ്സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് 'ഡയറി നെക്സ്റ്റ് പദ്ധതി' നടപ്പിലാക്കുന്നത്.  

ക്ഷീരകര്‍ക്ക് കന്നുകാലി പരിപാലനത്തില്‍ ശാസ്ത്രീയവും പ്രായോഗികവുമായ പരിശീലനം നല്‍കുക, തീറ്റയുടെ ചിലവ് കുറച്ചു കൊണ്ട് പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടാണ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറി നെക്സ്റ്റ്  പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ശാസ്ത്രീയ പശുപരിപാലനവും തീറ്റക്രമവും വഴി ലാഭകരമായ പശുവളര്‍ത്തല്‍ എങ്ങിനെ നടത്താമെന്ന് കാണിച്ചു തരുന്നതാണ് ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കെഎല്‍ഡിബി, കേരള ഫീഡ്സ് എന്നിവ സംയുക്തമായ നടത്തിയ ഈ ക്ലാസിന്‍റെ ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം തീറ്റയുടെ വിലക്കൂടുതലാണ്. അസംസ്കൃത പദാര്‍ത്ഥങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് സമീകൃതമായ കാലിത്തീറ്റയുണ്ടാക്കുമ്പോള്‍ പശുക്കളുടെ ആരോഗ്യത്തിനുള്ള എല്ലാ ഘടകങ്ങളും ലഭിക്കുന്നു. എന്നാല്‍ പല കര്‍ഷകരും ഇതിനു പുറമെ പരുത്തിക്കുരു, പിണ്ണാക്ക്, തവിട് പോലുള്ള തീറ്റകളും പശുക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതുകൊണ്ട് പാലിന്‍റെ അളവില്‍ വര്‍ധനയുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ചെലവ് കൂടുകയും പശുക്കള്‍ക്ക് ദഹനക്കേട് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ശാസ്ത്രീയമായ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മനസിലാക്കിയ ഈ അറിവുകള്‍ കര്‍ഷകരിലേക്കെത്തിക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ഫീഡ്സ്  എം.ഡി  ഡോ.ബി.ശ്രീകുമാര്‍, കെ.എല്‍.ഡി ബി എം ഡി ഡോ.ആര്‍.രാജീവ്, ക്ഷീര വികസന വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മൃഗസംരക്ഷണവകുപ്പ് അഡി. ഡയറക്ടര്‍ അജിത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രീയ പശുപരിപാലനവും തീറ്റക്രമവും ചിട്ടപ്പെടുത്തിയത്. കേരള ഫീഡ്സിന്‍റെ മോഡല്‍ ഫാമുകള്‍, കെഎല്‍ഡിബിയുടെ മാട്ടുപ്പെട്ടി ഫാം എന്നിവിടങ്ങളിലെ രീതികള്‍ പഠിച്ചു കൊണ്ടാണ് ഇത് വികസിപ്പിച്ചെടുത്തത്. പശുവിന്‍റെ തൂക്കം അളന്ന് അതിനനുസരിച്ച് തീറ്റയും പുല്ലും ഏതു വിധത്തില്‍ നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിലൂടെ കണക്കാക്കിയിട്ടുണ്ട്.

വിഷാംശമുള്ള പച്ചിലകള്‍ തിന്ന് കന്നുകാലികള്‍ മരണപ്പെടുന്ന വിഷയത്തില്‍ ചില മാര്‍ഗനിര്‍ദ്ദേശങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചു. വിഷാംശമുള്ള ഇലകള്‍, പുല്ലുവര്‍ഗങ്ങള്‍ എന്നിവയേതൊക്കെ എന്ന വിവരങ്ങളും പങ്ക് വച്ചു. കന്നുകാലികള്‍ വിഷാംശമുള്ള പുല്ല് തിന്നാല്‍ എടുക്കേണ്ട നടപടികള്‍, വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവയും വിശദീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.
 

Photo Gallery

+
Content