സമഗ്ര എവിജിസി-എക്സ്ആര്‍ നയം; പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍

Trivandrum / January 12, 2024

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയ്മിംഗ്, ആന്‍ഡ് കോമിക്സ് എക്സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്‍) മേഖലയ്ക്കായി സമഗ്രമായ നയം പുറത്തറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ കരട് നയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ എവിജിസി-എക്സ്ആര്‍ മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം.

വിജ്ഞാന കേന്ദ്രീകൃത സാമ്പത്തികമേഖലയെന്ന നിലയില്‍ കേരളം രാജ്യത്തെ തന്നെ നിരവധി തുടക്കങ്ങള്‍ക്ക് ഉടമകളാണ്. വികസിത രാജ്യങ്ങള്‍ക്ക് സമാനമായ ആരോഗ്യമേഖല, നൂറു ശതമാനം സാക്ഷരത, സമ്പൂര്‍ണമായ പ്രാഥമിക വിദ്യാഭ്യാസ പങ്കാളിത്തം എന്നിവ കേരളത്തിന്‍റെ മേന്‍മകളാണ്. ഇതിനൊപ്പം രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും സമഗ്രനയവും കേരളത്തെ വ്യത്യസ്തമാക്കുന്നു.


മാറുന്ന കാലത്തിനനുസരിച്ചുള്ള ഈ ഉദ്യമത്തെക്കുറിച്ച് കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണലുകളുടെ അഭിപ്രായ ക്രോഡീകരണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഈ രംഗത്തെ ആഗോള കമ്പനി മേധാവികള്‍, പ്രൊഫഷണലുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍ തുടങ്ങിയവരുടെ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഉറ്റുനോക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, സി-ഡിറ്റ് കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്മന്‍റ് ഇനോവേഷന്‍ സ്റ്റ്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസി-എക്സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.

2029 ഓടെ എവിജിസി-എക്സ്ആര്‍ മേഖലയില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നയം ലക്ഷ്യം വയ്ക്കുന്നു. ഈ കാലയളവില്‍ മള്‍ട്ടിനാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങാനാണ് ലക്ഷ്യം. രാജ്യത്തെ എവിജിസി-എക്സ്ആര്‍ കയറ്റുമതി വരുമാനത്തിന്‍റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കും. ഓരോ വര്‍ഷവും പതിനായിരം പ്രൊഫഷണലുകളെ കണ്ടെത്തി ഈ മേഖലയ്ക്ക് വേണ്ടി യോഗ്യരാക്കും. രാജ്യത്തെ എവിജിസി-എക്സ്ആര്‍ ഉള്ളടക്കത്തിന്‍റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ പരിശ്രമിക്കും.

കെഎസ് യുഎമ്മിന്‍റെ എമര്‍ജിംഗ് ടെക്നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്സ്ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്സ്ആര്‍ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യും. കെ-ഡിസ്ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ എവിജിസി-എക്സ്ആര്‍ ലാബുകള്‍ നിര്‍മ്മിക്കും.


അടിസ്ഥാനസൗകര്യ വികസനത്തില്‍ ഏറ്റവും പ്രധാനം മികവിന്‍റെ കേന്ദ്രം ആരംഭിക്കുമെന്നതാണ്. തിരുവനന്തപുരത്ത് 20 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ കേന്ദ്രം എവിജിസി-എക്സ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലാകും. എവിജിസി-എക്സ്ആര്‍ പാര്‍ക്കുകള്‍, ലാബുകള്‍ എന്നിവ ഏര്‍പ്പെടുത്തും. ഐടി പാര്‍ക്കുകളിലും വ്യവസായ പാര്‍ക്കുകളിലും എവിജിസി-എക്സ്ആറിനായി പ്രത്യേക ഇടം നല്‍കും. കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍റെ സ്റ്റുഡിയോകള്‍ പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എവിജിസി-എക്സ്ആര്‍ സാധ്യതകള്‍ മുന്നില്‍ കണ്ട് നവീകരിക്കും.

എവിജിസി-എക്സ്ആര്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടു വരും. അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഇ-സ്പോര്‍ട്സ്, ഗെയിം രൂപകല്‍പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, വിആര്‍, എആര്‍, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്സുകള്‍. ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും https://avgcpolicy.startupmission.in എന്ന വെബ് ലിങ്കിലൂടെ അറിയിക്കാം.

Photo Gallery