ലൈഫോളജി ഫൗണ്ടേഷന്‍റെ നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

ശ്രീകാര്യം ലയോള സ്കൂള്‍ വേദിയാകും
Trivandrum / January 11, 2024

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ലൈഫോളജി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ 2023 ന്‍റെ ഗ്രാന്‍ഡ് ഫിനാലെ ശ്രീകാര്യം ലയോള സ്കൂളില്‍ വെള്ളിയാഴ്ച നടക്കും.

 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ), ലോകബാങ്ക് എന്നിവയുടെ പിന്തുണയോടെയാണ് ലൈഫോളജി ഫൗണ്ടേഷന്‍ നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തെ മുഖ്യധാരാ വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.

ഗ്രാന്‍ഡ് ഫിനാലെയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.45 ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ നിര്‍വഹിക്കും. ജിയോ പ്ലാറ്റ് ഫോംസ് ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് ആര്‍ വി. ബാലസുബ്രഹ്മണ്യം അയ്യര്‍, സിബിഎസ്ഇ ഡയറക്ടര്‍ ഡോ. ബിശ്വജിത് സാഹ, സിബിഎസ്ഇ സ്കില്‍ എഡ്യുക്കേഷന്‍ ജോയിന്‍റ് സെക്രട്ടറി ആര്‍ പി. സിംഗ്, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് -മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിന്‍ലാന്‍ഡ് (എംഐഎഫ്) കത്ജ വെയ്റിനന്‍, ബ്രിഗേഡിയര്‍ സലില്‍ എം പി എന്നിവര്‍ പങ്കെടുക്കും.

ഏഴു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സര്‍വോന്‍മുഖ വികാസം മുന്നില്‍ കണ്ടാണ് നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ആഗോള നിലവാരത്തിന് തുല്യമായി പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളുടെ കഴിവുകളും സര്‍ഗാത്മകതയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ 2023 ലൂടെ ലഭിക്കും. വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സ്ഥാപന മേധാവികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റ് പ്രതിനിധികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ഇതിന്‍റെ ഭാഗമാകും.

 ഫിനാലെയോടനുബന്ധിച്ച് 'നെക്സ്റ്റ് ജെന്‍ കരിയര്‍: വിഷന്‍സ് ഓഫ് ടുമോറോസ് വര്‍ക്ക് പ്ലെയ്സ്' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. ടില്‍റ്റ് ലാബ്സ് സിഇഒ നിഖില്‍ ചന്ദ്രന്‍, വജ്ര റബ്ബര്‍ പ്രോഡക്ട്സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കണ്ണന്‍ പി.എസ്., ഇ വൈ അസോസിയേറ്റ് ഡയറക്ടര്‍ ശരത് ബാബു, പത്രപ്രവര്‍ത്തക നീതു രഘുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലൈഫോളജി ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍ രാഹുല്‍ ജെ നായര്‍ 'ട്രിപ്പിള്‍ പി സമ്മിറ്റ്: പാഷന്‍ ടു പ്രൊഫഷന്‍' എന്ന വിഷയത്തില്‍ സംസാരിക്കും.

ന്യൂഡല്‍ഹിയില്‍ 2023 ലാണ് ലൈഫോളജി ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഇതിനോടകം രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ദേശീയ ഗൈഡന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. അക്കാദമിക്, വ്യവസായ മേഖലകളില്‍ നിന്ന് നിരവധി അംഗീകാരങ്ങളും ലൈഫോളജി ഫൗണ്ടേഷന് നേടാനായി.

ഫെസ്റ്റിവലിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സ്കില്‍ എക്സ്പോയും സംഘടിപ്പിച്ചിരുന്നു. ലോക്കല്‍ ടു ഗ്ലോബല്‍, ഫ്യൂച്ചര്‍ ടെക്, ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് എക്സ്പോ സംഘടിപ്പിച്ചത്.

Photo Gallery