കന്നുകാലി ചികിത്സയ്ക്ക് ആയുര്‍വേദ മരുന്നുകളുമായി മില്‍മ

മില്‍മ-കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലൈസന്‍സും എഗ്രിമെന്‍റും മന്ത്രി ജെ.ചിഞ്ചുറാണി കൈമാറി
Trivandrum / May 31, 2022

തിരുവനന്തപുരം: കന്നുകാലി രോഗ ചികിത്സാച്ചെലവ് കുറയ്ക്കാനും ആന്‍റിബയോട്ടിക് മരുന്നുകളുടെ അംശം ഇല്ലാത്ത ശുദ്ധമായ പാലുല്‍പ്പാദനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മ്മിക്കാനുള്ള മില്‍മയുടെ പദ്ധതിക്ക് തുടക്കമായി. പ്രമുഖ ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കളായ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കെ.എ.സി.എസ്) യുമായി സഹകരിച്ചാണ് മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ പദ്ധതി നടപ്പാക്കുന്നത്.
    മലബാര്‍ യൂണിയനും കെ.എ.സി.എസും തമ്മിലുള്ള ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആയുര്‍വേദ വെറ്ററിനറി മരുന്നുകളുടെ നിര്‍മ്മാണത്തിനുള്ള എഗ്രിമെന്‍റും ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ലൈസന്‍സും കൈമാറുന്ന ചടങ്ങ് പട്ടത്തെ മില്‍മാ ആസ്ഥാനത്ത് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. 
    കന്നുകാലി ചികിത്സാച്ചെലവ് കുറയ്ക്കുന്ന മില്‍മയുടെ പദ്ധതി കേരളത്തിലെ ക്ഷീരകര്‍ഷകരെ സഹായിക്കുന്ന വലിയ ചുവടുവയ്പാണെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. അകിടുവീക്കം പോലുള്ള സാധാരണ അസുഖങ്ങള്‍ക്ക് പോലും 2000 മുതല്‍ 4000 രൂപ വരെയാണ് ചികിത്സാച്ചെലവ്. ഇത് ഗണ്യമായി കുറയ്ക്കാന്‍ മില്‍മയുടെ ആയുര്‍വേദ വെറ്ററിനറി മരുന്ന് നിര്‍മ്മാണം കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    
    ആയുര്‍വേദ വെറ്ററിനറി മരുന്ന് നിര്‍മ്മാണത്തിനുള്ള എഗ്രിമെന്‍റും ലൈസന്‍സും മന്ത്രി ജെ.ചിഞ്ചുറാണിയില്‍ നിന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണിയും കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് ഡോ.സനില്‍കുമാര്‍ എം.എമ്മും ചേര്‍ന്ന് ഏറ്റുവാങ്ങി. ആയുര്‍വേദ മരുന്നുകളുടെ വിതരണോദ്ഘാടനം ജൂണ്‍ 6 ന് പാലക്കാട് നടക്കും.
കന്നുകാലി ചികിത്സയ്ക്കായുള്ള മരുന്നുകളുടെ ഉത്പാദനത്തിനും വിതരണത്തിനും മില്‍മ നേതൃത്വം നല്‍കുന്നത് ക്ഷീരമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.എസ്.മണി പറഞ്ഞു.
ആയുര്‍വേദ വെറ്ററിനറി മെഡിസിന്‍ ബ്രോഷറിന്‍റെ പ്രകാശനം മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന് നല്‍കി നിര്‍വ്വഹിച്ചു.
കന്നുകാലികളെ രോഗമുക്തരാക്കി അവയുടെ സമഗ്രാരോഗ്യവും ഉത്പാദനക്ഷമതയും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് മരുന്ന് നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.മുരളി പി. പറഞ്ഞു.
    കന്നുകാലികളുടെ തീറ്റച്ചെലവ് കഴിഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്നത് ചികിത്സയ്ക്കു വേണ്ടിയാണെന്നും ഇത് കുറച്ചു കൊണ്ടുവരാനും പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പദ്ധതി കൊണ്ടാകുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ഡോ.സനില്‍കുമാര്‍ എം.എം പറഞ്ഞു.
    കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുബാഷ് റാവു, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വി.പി.സുരേഷ്കുമാര്‍, കെസിഎംഎംഎഫ് ഡയറക്ടര്‍ നാരായണന്‍ പി.പി, എം.ആര്‍.ഡി.എഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ്ബ്, കെ.എ.സി.എസ് സെക്രട്ടറി റിജേഷ് എന്നിവര്‍ സംബന്ധിച്ചു.
    2021 ലാണ് മൃഗചികിത്സയ്ക്കായി ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പദ്ധതിയില്‍ മില്‍മ മലബാര്‍ യൂണിയന്‍ കോഴിക്കോട് ആസ്ഥാനമായ കെ.എ.സി.എസ്സുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അകിടുവീക്ക ചികിത്സക്കുള്ള മാസ്റ്റിക്യുവര്‍, കറവുമാടുകളിലെ പനി കുറയുന്നതിനുള്ള പൈറക്സ് കെയര്‍, വയറിളക്കം കുറയ്ക്കുന്നതിനുള്ള ഡയാര്‍ എന്‍റ്, മുലക്കാമ്പിലെ ചര്‍മ്മരോഗങ്ങള്‍ക്കുള്ള ക്രാക്ക്ഹീല്‍, പശുക്കളിലെ എല്ലാ തരം മുറിവുകളും ഉണങ്ങുന്നതിനുള്ള ഹീല്‍ ഓള്‍, ചെള്ള് ഈച്ച ശല്യത്തിനുള്ള ഫ്ളൈ റിപ്പല്‍, കറവുമാടുകളിലെ ദഹനക്കേടിനുള്ള റൂമാട്ടോര്‍, പാലുല്‍പ്പാദനത്തെ സഹായിക്കുന്ന മില്‍ക്ക്ലെറ്റ് എന്നീ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സാണ് മലബാര്‍ മേഖലാ യൂണിയന് ലഭിച്ചിട്ടുള്ളത്.


 

Photo Gallery

+
Content
+
Content