കേരള പ്ലാന്‍റേഷന്‍ എക്സ്പോ ജനുവരി 20 മുതല്‍ 22 വരെ കൊച്ചിയില്‍

Kochi / January 6, 2024

കൊച്ചി: തോട്ടം മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തുന്നതും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന കേരള പ്ലാന്‍റേഷന്‍ എക്സ്പോ കൊച്ചിയില്‍ നടക്കും. ജനുവരി 20 മുതല്‍ 22 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് എക്സ്പോ.

പ്ലാന്‍റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്ലാന്‍റേഷന്‍ ടൂറിസം ഉള്‍പ്പെടെയുള്ള സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ എക്സ്പോയിലൂണ്ടാകും. പ്ലാന്‍റേഷന്‍ മേഖലയിലെ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി ബിസിനസ് ടു ബിസിനസ് മീറ്റും എക്സ്പോയോടനുബന്ധിച്ച് സംഘടിപ്പിക്കും.

ജനുവരി 20 -ാം തീയതി രാവിലെ 11 ന് നിയമ-വ്യവസായ-കയര്‍  വകുപ്പ് മന്ത്രി പി. രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്ലാന്‍റേഷനുകള്‍ , തോട്ടം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിതരണക്കാര്‍ , തോട്ടം മേഖലയിലെ സേവനദാതാക്കള്‍ , തോട്ടം മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര- സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്നിവരുടെ സ്റ്റാളുകളും തോട്ടം മേഖലയിലെ മൂല്യവര്‍ധന പ്രവര്‍ത്തനങ്ങളുടെ തത്സമയ അവതരണവും സജ്ജീകരിക്കുന്നു. രാവിലെ ഒമ്പത് മണിമുതല്‍ 10 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

പ്ലാന്‍റേഷന്‍ എക്സ്പോയിലെ സ്റ്റാളുകള്‍ സൗജന്യ നിരക്കിലാണ് നല്‍കുന്നത്. സ്റ്റാളുകള്‍ അനുവദിച്ച് ലഭിക്കുന്നതിനായി ഓരോ ജില്ലയിലെയും  ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി റജിസ്ട്രാര്‍മാരെ ബന്ധപ്പെടെണ്ടതാണ്. സ്റ്റാളുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജനുവരി 13 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി  https://plantations.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ENDS

Photo Gallery