മാനവീയം വീഥിയില്‍ സംഗീതത്തിര തീര്‍ത്ത് ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് ബാന്‍ഡ് 'ആശ്രം'

Trivandrum / January 5, 2024

തിരുവനന്തപുരം: തലസ്ഥാനത്തിന്‍റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ സായാഹ്നത്തെ സംഗീതത്തില്‍ ആറാടിച്ച് ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് സംഗീത ബാന്‍ഡായ 'ആശ്രം'. തബലയും ഡ്രമ്മും സാരംഗിയും ഗിത്താറും സംസ്കൃത ശ്ലോകങ്ങളും പാശ്ചാത്യ സംഗീതവും ഒത്തുചേര്‍ന്ന ഫ്യൂഷന്‍റെ മായികലോകം തീര്‍ത്താണ് ആശ്രം സംഗീതാസ്വാദകരെ രസിപ്പിച്ചത്.

തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ  സഹകരണത്തോടെ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് നിറഞ്ഞ സദസ്സാണ് മാനവീയം വീഥിയില്‍ സാക്ഷ്യം വഹിച്ചത്. വിവിധ സംഗീതോപകരണങ്ങളുടെ താളലയ വിന്യാസവും സംഗീതവും ഇഴചേരുന്ന അനുഭവം സദസ്സിനെ ഇളക്കിമറിക്കാന്‍ പോന്നതായിരുന്നു. 18 കലാകാരന്‍മാരാണ് 'ആശ്ര'മിനായി സംഗീതപ്രകടനം കാഴ്ചവയ്ക്കാന്‍ വേദിയില്‍ എത്തിയത്.

2004 ലാണ് ആശ്രം എന്ന അന്താരാഷ്ട്ര സംഗീത ബാന്‍ഡ് പിറവിയെടുക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായി ഇക്കാലയളവില്‍ നിരവധി സ്റ്റേജ് പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രിസണ്‍ വിത്തൗട്ട് വാള്‍സ് എന്ന അവരുടെ രണ്ടാമത്തെ ആല്‍ബം ജര്‍മ്മനിയിലും ഇന്ത്യയിലുമായി നൂറോളം ജയിലുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

നോബല്‍ സമ്മാനജേതാവ് ഹെര്‍മ്മന്‍ ഹെസ്സെ 1922 ല്‍ എഴുതിയ സിദ്ധാര്‍ത്ഥ എന്ന നോവലാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി ആശ്രം ബാന്‍ഡിന്‍റെ പ്രധാന പ്രചോദനം. ജനനം മുതല്‍ മരണം വരെയുള്ള കര്‍മഫലം പ്രതിപാദിക്കുന്ന സിദ്ധാര്‍ഥയിലെ ഏടുകള്‍ സംഗീതരൂപത്തിലാക്കിയാണ് അവര്‍ മൂന്നാമത്തെ ആല്‍ബമായ സിദ്ധാര്‍ഥ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍റ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ വേദികളിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്.

സംസ്കൃതത്തിലും ഇംഗ്ലീഷിലുമായി രചിച്ചിട്ടുള്ള വരികള്‍ ഗൗതമബുദ്ധനെന്ന ഇതിഹാസത്തെ 2024 ലേക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ്. ഹെര്‍മ്മന്‍ ഹെസ്സെയുടെ ജീവിതത്തിനാണ് തങ്ങളുടെ സംഗീതത്തെ ആശ്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആശ്രമിന്‍റെ സംഗീതനിശയുടെ ദൃശ്യങ്ങള്‍ www.ashram-music.com ല്‍ ലഭ്യമാണ്.

തിരുവനന്തപുരത്ത് 2006 ലാണ് ആശ്രം ആദ്യ ആല്‍ബം റെക്കോര്‍ഡ് ചെയ്യുന്നത്. 2007 ല്‍ ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ 30 വേദികളില്‍ ആശ്രം എന്ന പേരിലെ ആദ്യ ആല്‍ബം അവതരിപ്പിച്ചു.

രണ്ടാമത്തെ ആല്‍ബമായ പ്രിസണ്‍ വിത്തൗട്ട് വാള്‍സിന്‍റെ സംഗീത മിശ്രണം നടത്തിയിരിക്കുന്നത് 16 തവണ ഗ്രാമി പുരസ്ക്കാരം നേടിയ തോം റുസ്സോയാണ്. മൈക്കിള്‍ ജാക്സണ്‍, എറിക് ക്ലാപ്റ്റണ്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണദ്ദേഹം.

Photo Gallery

+
Content
+
Content
+
Content
+
Content