പുകവലിക്കെതിരെ കരുത്തുറ്റ മനസ്സ് അനിവാര്യം: രാജമാണിക്യം ഐഎഎസ്

കിംസ്ഹെല്‍ത്തില്‍ ലോക പുകയില വിരുദ്ധദിനം ആചരിച്ചു
Trivandrum / May 31, 2022

തിരുവനന്തപുരം: അനുകരണത്തിന് അടിമപ്പെടാതെ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കാനുള്ള കരുത്തുറ്റ മനസ്സാണ് വേണ്ടതെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി എംജി രാജമാണിക്യം ഐഎഎസ് പറഞ്ഞു. ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കിംസ്ഹെല്‍ത്ത്, സംസ്ഥാന ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'ബീറ്റ് ദ ഫ്യൂംസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുകവലി വിപത്താണെന്ന് സമൂഹത്തിന് ബോധ്യമുണ്ടായിട്ടും അനുകരണത്തിലൂടെയാണ് ഭൂരിഭാഗം പേരും ഈ ശീലത്തിന് അടിമപ്പെടുന്നത്. പുകവലി ഹാനികരമാണെന്ന സന്ദേശം പങ്കുവച്ചുകൊണ്ടാണ് തീയറ്ററില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇപ്രകാരം എല്ലാ തലങ്ങളിലൂടേയും ബോധവല്‍ക്കരിക്കുന്നുണ്ട്. അറിവില്ലായ്മയല്ല,  വേണ്ട എന്നു തോന്നുന്നത് വേണ്ടെന്നുവയ്ക്കാനുള്ള  മനസ്സാണ് എല്ലാവര്‍ക്കും വേണ്ടത്. പുകവലിശീലം ആരംഭിക്കുന്നത് ഒരു വ്യക്തിക്കു മാത്രമല്ല, കുടുംബത്തിനാകമാനം ബാധ്യതയായി മാറുമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ 21 ശതമാനം ആളുകള്‍ പുകവലിയുടെ പിടിയിലാണെന്നും യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായി പുകവലിക്കുന്ന പുതിയ പ്രവണത കണ്ടുവരുന്നുണ്ടെന്നും കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. 'പരിസ്ഥിതിയെ സംരക്ഷിക്കൂ' എന്ന പ്രമേയമാണ് ലോക പുകയിലവിരുദ്ധ ദിനാചരണത്തിനായി ലോകാരോഗ്യ സംഘടന ഇത്തവണ മുന്നോട്ടുവച്ചിരിക്കുന്നത്. പുകവലി മനുഷ്യനിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മനസ്സിലാക്കി പിന്‍മാറേണ്ട സന്ദേശമാണ്  പുകയില വിരുദ്ധദിനം ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരിവസ്തുക്കളുടെ ഉപയോഗം കൗമാരക്കാര്‍ക്കിടയില്‍ കൂടിവരികയാണെന്ന് അഡിഷണല്‍ എക്സൈസ് കമ്മിഷണറും വിമുക്തി മിഷന്‍ സിഇഒയുമായ ഡി രാജീവ് പറഞ്ഞു. തൊണ്ണൂറു ശതമാനം കൗമാരക്കാര്‍ക്കും ഇക്കാര്യത്തില്‍ അവബോധമുണ്ടെങ്കിലും പുകയില സുലഭമായി ലഭിക്കുന്നതിനാലാണ് പലരും പുകവലിയില്‍ ആരംഭിച്ച് മറ്റു ലഹരികളിലേക്ക് കടക്കുന്നതെന്നും അനുകരണങ്ങള്‍ക്ക് അടിമപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കല എല്ലാവരോടുമുള്ള കരുതലിന്‍റെ പ്രകടനമാകണമെന്ന് കിംസ്ഹെല്‍ത്തില്‍ സംഘടിപ്പിച്ച പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങളുടെ ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് പ്രശസ്ത നാടകകാരനും സാംസ്കാരിക സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. പെയിന്‍റിങ്ങുകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ വാക്കുകള്‍കൊണ്ട് കുത്തിനിറയ്ക്കാതെ അനുവാചകന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, ഡിഗ്രിതലവും അതിനു മുകളിലേക്കും എന്നീ വിഭാഗങ്ങളിലായി നടന്ന  പുകയില വിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന പോസ്റ്റര്‍ ഡിസൈന്‍ മത്സര ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൈസ്കൂള്‍ വിഭാഗത്തില്‍ അല്‍ മുഹമ്മദ് അലീഷ് ഒന്നാം സ്ഥാനവും ഇവാന്‍ എം ക്രിസ്റ്റഫര്‍ രണ്ടാം സ്ഥാനവും നേടി. അനിത് സാലു, പ്രണവ് സരള്‍ എന്നിവര്‍ക്ക്  പ്രത്യേക പരാമര്‍ശം ലഭിച്ചു. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ ആശ്വിന്‍, പാര്‍ത്ഥിക് പിപി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. തസ്ലിം ഷാജഹാന്‍, അക്ഷയ് വിഎ എന്നിവര്‍ക്ക്  പ്രത്യേക പരാമര്‍ശം ലഭിച്ചു. ഡിഗ്രിതലവും അതിനു മുകളിലേക്കുമുള്ള വിഭാഗത്തില്‍ ജിഷ ബി ഒന്നാം സ്ഥാനവും  ഷിനാസ്ഖാന്‍ രണ്ടാം സ്ഥാനവും നേടി. ശില്‍പ, ആശിഷ് എസ് കുമാര്‍, അശ്വിന്‍ ആര്‍  എന്നിവര്‍ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍(നിഷ്) നിന്നും മത്സരത്തില്‍ പങ്കെടുത്ത എട്ടു വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 

47 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 374 എന്‍ട്രികളാണ് മത്സരത്തിന് ലഭിച്ചത്. ഇവയില്‍ നിന്നും തെരഞ്ഞെടുത്ത 207 കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്. കിംസ്ഹെല്‍ത്ത് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇഎം നജീബ്, റെസ്പിറേറ്ററി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. അമീര്‍  കെ എ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.


 

Photo Gallery

+
Content