നിധി പ്രയാസ് ധനസഹായത്തിന് കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

Kochi / January 3, 2024

കൊച്ചി: ഹാർഡ് വെയർ മേഖലയില്‍ നൂതന ആശയങ്ങള്‍ കൈമുതലായവര്‍ക്കുള്ള ധനസഹായ പദ്ധതിയായ നിധി പ്രയാസിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി അപേക്ഷിക്കാം. മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകള്‍ ഉണ്ടാക്കുന്നതിന് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതാണ് പദ്ധതി.

സോഫ്റ്റ് വെയര്‍ ഡെവലപ്മന്‍റ്, ഇ-കോമേഴ്സ്, സര്‍വീസ് സൊല്യൂഷന്‍സ്, ആപ്പുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

പദ്ധതി വഴി സഹായം ലഭിക്കാനാഗ്രഹിക്കുന്ന യുവ സംരംഭകര്‍ ജനുവരി 15 ന് മുമ്പായി   https://startupmission.kerala.gov.in/nidhiprayaas എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അധിഷ്ഠിതമായ  സ്റ്റാര്‍ട്ടപ്പുകളോ അല്ലെങ്കില്‍ ഉത്പന്ന മാതൃകയോ സ്വന്തമായുള്ള 18 വയസ് കഴിഞ്ഞ ഇന്ത്യന്‍ പൗരന്മാർക്കാണ് അപേക്ഷിക്കാനര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്കായി nidhiprayas@startupmission.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിധി പ്രയാസ് പദ്ധതി നടപ്പാക്കി വരുന്നത്. പ്രയാസ് കേന്ദ്രങ്ങള്‍ വഴി നടത്തുന്ന പ്രയാസ് പിച്ച് വീക്കിലൂടെയാണ് സംരംഭകര്‍ ധനസഹായ പദ്ധതിക്കായി അപേക്ഷിക്കേണ്ടത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ പ്രയാസ് കേന്ദ്രത്തിലെ പദ്ധതി നിര്‍വഹണ കേന്ദ്രം വഴിയാണ് ധനസഹായം ലഭിച്ച ആശയങ്ങളുടെ മാതൃകാരൂപീകരണം നടക്കുന്നത്. പരാജയ ഭീതിയില്ലാതെ നൂതനാശയങ്ങളുള്ള യുവാക്കള്‍ക്ക് സധൈര്യം സ്വന്തം ആശയങ്ങളുമായി മുന്നോട്ടു പോകാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.

വ്യക്തമായ സാങ്കേതിക പരിജ്ഞാനം, മാതൃകാരൂപീകരണത്തിനുള്ള വ്യക്തമായ മാര്‍ഗം, എന്നിവ അപേക്ഷകര്‍ക്ക് ആവശ്യമാണ്. ധനസഹായം ലഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃക രൂപീകരിക്കുകയും വേണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യവസായ പ്രമുഖരില്‍ നിന്നുള്ള വിദഗ്ധോപദേശം, ആധുനിക സൗകര്യങ്ങള്‍ അടങ്ങുന്ന ജോലി സ്ഥലം, വിജയകരമായ മാതൃകകളുടെ വാണിജ്യ സാധ്യതകള്‍ തേടാനായുള്ള സഹായം എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും.
 

ENDS

Photo Gallery