കാഴ്ചയുടെ വിരുന്നൊരുക്കി കൊച്ചിയുടെ ആദ്യ ലൈറ്റ്ഷോ

ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
Kochi / December 30, 2023

കൊച്ചി: അറബിക്കടലിന്‍റെ റാണിയ്ക്ക് നെക് ലസ് അണിഞ്ഞ പോലെയായിരുന്നു മറൈന്‍ ഡ്രൈവില്‍ ആദ്യമായി നടന്ന ലൈറ്റ് ഷോ. സംസ്ഥാനത്തെത്തുന്ന സഞ്ചാരികളുടെ മനസില്‍ കൊച്ചിയ്ക്ക് പ്രത്യേകമൊരിടമുണ്ടെന്ന് ഷോ ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്തേക്കെത്തുന്ന സഞ്ചാരികളില്‍ ഏറ്റവുമധികം പേരെത്തുന്നത് എറണാകുളം ജില്ലയിലാണ്. കൊച്ചിയുടെ മനോഹാരിതയാണ് ഇതിന് പ്രധാന കാരണം. ഭക്ഷണതെരുവുകള്‍ കേരളത്തിലെ ടൂറിസം വ്യവസായത്തിന്‍റെ പ്രധാന ഘടകമാണ്. ഇത്തരം ഉദ്യമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 ചാമ്പ്യന്‍സ് ബോട്ട് ലീഗോടെ മറൈന്‍ ഡ്രൈവിന് കായിക വേദിയുടെ പകിട്ട് കൂടി നല്‍കിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എറണാകുളം എംഎല്‍എ ടി ജെ വിനോദ് പറഞ്ഞു. കൊവിഡ് കാലത്തിനു ശേഷം കൊച്ചിയും കേരളവും ശക്തമായി തിരികെയെത്തിയെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ലൈറ്റ് ഷോയ്ക്കായി കൊച്ചിയെ തെരഞ്ഞെടുത്തത് ഏറെ സന്തോഷപ്രദമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. ജില്ലാകളക്ടര്‍ എന്‍ എസ് കെ ഉമേഷ് നന്ദി അറിയിച്ചു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു.

ഏഴ് ദിവസമാണ് ലൈറ്റ് ഷോ നടക്കുന്നത്. 2024 ന്‍റെ വരവ് ഇക്കുറി ലൈറ്റ് ഷോയോടെയാകും കൊച്ചി ആഘോഷിക്കുന്നത്.

 

Photo Gallery

+
Content
+
Content
+
Content
+
Content