ബേപ്പൂരിനെ ആഗോള ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാക്കും: മന്ത്രി മുഹമ്മദ് റിയാസ്

അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം-ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
Calicut / December 27, 2023

കോഴിക്കോട്: ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ആഗോള ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂരില്‍ ഇതിന് അനുകൂലമായ നിരവധി ഘടകങ്ങളാണുള്ളതെന്നും ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ബേപ്പൂരില്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. മൂന്നാമത് ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ആന്‍റ് ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫറോക്ക് നല്ലൂരിലെ ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്.

ഉള്‍പ്രദേശങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണം ഉറപ്പാക്കാന്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 1.5 ലക്ഷം കുടുംബങ്ങള്‍ ആര്‍ടി മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. 25,000 ആര്‍ടി യൂണിറ്റുകളില്‍ 80 ശതമാനവും സ്ത്രീകളാണ് നയിക്കുന്നത്.  മണ്‍പാത്ര നിര്‍മ്മാണം, നെയ്ത്ത്, വസ്ത്രനിര്‍മ്മാണം തുടങ്ങി പരമ്പരാഗത തൊഴില്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന 52 സ്റ്റാളുകളിലായുള്ള ആര്‍ടി ഫെസ്റ്റ് ബേപ്പൂരിനെ ആര്‍ടി ഡെസ്റ്റിനേഷനായി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന സംഭാവന നല്‍കും.

ബീച്ച് ടൂറിസത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും ഇത് ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ബീച്ചുകളില്‍ കൂടുതല്‍ ജല കായിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ബീച്ച് ടൂറിസം വിപുലപ്പെടുത്തും. ബീച്ച് ടൂറിസത്തിന്‍റെ ഭാഗമായി വിഭാവനം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അടുത്തിടെ നടന്ന 'ടൂറിസം നിക്ഷേപക സംഗമ'ത്തില്‍ ഒട്ടേറെ നിക്ഷേപകര്‍ ബീച്ച് ടൂറിസത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 ബീച്ചുകളില്‍ വാട്ടര്‍ സ്പോര്‍ട്സ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കും. കോഴിക്കോട് ബീച്ചിന്‍റെ വികസനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
രാജ്യത്തിന്‍റെ സമ്പന്നമായ പരമ്പരാഗത കരകൗശല വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലൊരു മേള കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് ആര്‍ടി മിഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്കുമാര്‍ പറഞ്ഞു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ഗവാസ്, ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ശ്രീധന്യന്‍, ആര്‍ടി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

ജെന്‍ഡര്‍ ഇന്‍ക്ലുസിവിറ്റി ഇന്‍ ട്രഡീഷണല്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ എന്ന വിഷയത്തില്‍ യുഎന്‍ വിമന്‍ ഇന്ത്യ കണ്‍സള്‍ട്ടന്‍റ് ഡോ.പീജ രാജന്‍, ക്രാഫ്റ്റിംഗ് ഫോര്‍ സസ്റ്റൈനബിള്‍ ഫ്യൂച്ചേഴ്സ് എന്ന വിഷയത്തില്‍ ഗ്രാന്‍ഡ്മാര്‍ക്ക് സ്ഥാപക ലക്ഷ്മി മേനോന്‍ എന്നിവര്‍ പങ്കെടുത്ത സെഷനുകള്‍ ആദ്യദിവസം നടന്നു.

കേരളത്തിലെ കലാസ്വാദകര്‍ക്ക് നെയ്ത്തുകലാവിദ്യ പരിചയപ്പെടുത്തുന്നതിനായി ഇത്തരമൊരു പരിപാടി ഇത് ആദ്യമായാണ് കോഴിക്കോട് നടക്കുന്നത്. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള നെയ്ത്തു കലാ വിദഗ്ദര്‍ക്കൊപ്പം കേരളീയ കലാകാരന്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാ-കരകൗശല പാരമ്പര്യങ്ങളുടെ വിപുലമായ പ്രദര്‍ശനമാണ് മേളയിലുള്ളത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ (ആര്‍ടി മിഷന്‍) സംഘടിപ്പിക്കുന്ന മേള ഡിസംബര്‍ 30 വരെയാണ്.

ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റില്‍ തമിഴ്നാട്, ആസാം, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍, നാഗാലാന്‍ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പുതുച്ചേരി, ഒഡിഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ പങ്കാളിത്തമുണ്ടാകും. ടാപ്പെസ്റ്ററി വിഭാഗത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗത്തു നിന്നുള്ള പാരമ്പര്യമായി കൈത്തൊഴില്‍ ചെയ്യുന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള തുണി വ്യവസായത്തിന്‍റെ വിവിധ കേന്ദ്രങ്ങളെക്കുറിച്ചും നെയ്ത്ത് കലാ പാരമ്പര്യങ്ങളെക്കുറിച്ചും അറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. വസ്ത്രങ്ങളിലെ ചിത്രമുദ്രണം, ടെക്സ്റ്റൈല്‍ പ്രിന്‍റിങ്, പാരമ്പര്യ തുണിത്തരങ്ങള്‍, നെയ്ത്ത് -വസ്ത്ര നിര്‍മ്മാണം എന്നിവയിലെ പാരമ്പര്യ രീതികള്‍, പ്രാദേശികമായ വസ്ത്രാലങ്കാര രീതികള്‍ എന്നിവക്കൊപ്പം പരമ്പരാഗത കരകൗശലങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നുണ്ട്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ യൂണിറ്റുകള്‍ നടത്തുന്ന വിവിധ കരകൗശല, കാര്‍ഷിക, ഭക്ഷ്യ, ഇതര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയിലുണ്ട്. ടൂറിസം മേഖലയിലെ ടെക്സ്റ്റൈല്‍   വികസന സാധ്യതകള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍  ശില്പശാലകളും ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും.

കേരളത്തിലെ വിവിധ ജില്ലകളിലെ സുവനീര്‍ മേഖലയില്‍ നിന്നുമുള്ള ക്രാഫ്റ്റുകളുടെ പ്രദര്‍ശനം, അഗ്രിഫാം ടൂറിസം നെറ്റ്വര്‍ക്ക് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിളകളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും, ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിവിധ ജില്ലകളില്‍ നടത്തുന്ന വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകളുടെ പ്രചാരണം-ബുക്കിംഗ് സംവിധാനം എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.
 

ENDS

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content