വെര്‍സിക്കിള്‍സ് ടെക്നോളജീസിന്‍റെ എഐ ഹെല്‍ത്ത്കെയര്‍ കിയോസ്ക് അവതരിപ്പിച്ചു

Trivandrum / December 27, 2023

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്ക് മലയാളി സ്റ്റാര്‍ട്ടപ്പായ വെര്‍സിക്കിള്‍സ് ടെക്നോളജീസ് ആരോഗ്യ വിദഗ്ധര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ഹെല്‍ത്ത്കെയര്‍ കിയോസ്ക് തിരുവനന്തപുരം കോവളത്ത് ഐഎംഎയുടെ 98-ാമത് അഖിലേന്ത്യ മെഡിക്കല്‍ സമ്മേളനത്തിലാണ് അവതരിപ്പിച്ചത്. ഡിസംബര്‍ 28 വരെ സമ്മേളനത്തില്‍ കിയോസ്ക് പ്രദര്‍ശിപ്പിക്കും.


ഭക്ഷണ, ആരോഗ്യ പരിരക്ഷാ മേഖലകളിലെ കിയോസ്ക് അധിഷ്ഠിത സേവനങ്ങളുടെ ആഗോള ദാതാക്കളാണ് കേരളം ആസ്ഥാനമായുള്ള വെര്‍സിക്കിള്‍സ് ടെക്നോളജീസ്.

രക്തസമ്മര്‍ദ്ദം, ബ്ലഡ് ഷുഗര്‍, ഇസിജി, ശരീരഭാരം തുടങ്ങിയ വിവരങ്ങള്‍ വേഗത്തിലും കൃത്യമായും ഈ കിയോസ്ക് വഴി അറിയാനാകും. നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിന്‍റെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് രോഗി കിയോസ്കിലെ ടച്ച് സ്ക്രീനില്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഇത് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കിയോസ്കില്‍ വിശകലനം ചെയ്യും. രോഗനിര്‍ണയം ഒരു മിനിറ്റിനുള്ളില്‍ വിവിധ ഭാഷകളില്‍ ലഭിക്കും.

പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും താളപ്പിഴകള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ രോഗിക്ക് മുന്നറിയിപ്പ് നല്‍കും. ടെലിഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഡോക്ടറെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും ലഭിക്കും. ആശുപത്രി, ഓഫീസ്, മാളുകള്‍, ജിം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കിയോസ്ക് സ്ഥാപിക്കാനാകും.

ഹെല്‍ത്ത് കിയോസ്ക് വഴി ആരോഗ്യ സംരക്ഷണത്തിനായി എഐയെ ജനാധിപത്യവല്‍ക്കരിക്കാനും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് വെര്‍സിക്കിള്‍സ് ടെക്നോളജീസ് സിഇഒ മനോജ് ദത്തന്‍ പറഞ്ഞു. ഏറ്റവും ലാഭകരമായും എളുപ്പത്തിലും അത്യാധുനിക രോഗനിര്‍ണയം നടത്താന്‍ ഗ്രാമീണ, നഗര ജനതയെ ഒരുപോലെ പ്രാപ്തമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിയോസ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:https://myprognosis.ai/kiosk/

Photo Gallery

+
Content