അടുത്ത വര്‍ഷം ബേപ്പൂരില്‍ നിന്ന് ക്രൂയിസ് കപ്പല്‍ സര്‍വീസ് ആരംഭിക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ മൂന്നാം പതിപ്പിന് തുടക്കമായി
Calicut / December 26, 2023

കോഴിക്കോട്: അടുത്ത വര്‍ഷം ബേപ്പൂരില്‍ നിന്ന് ആഭ്യന്തര ക്രൂയിസ് കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. 300 മുതല്‍ 500 വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന കപ്പലുകളുടെ സര്‍വീസ് 2024 ലെ ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനു മുമ്പ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ മൂന്നാം പതിപ്പ് ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോപാലും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്നാണ് ബേപ്പൂര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.

അടുത്ത വര്‍ഷം ബേപ്പൂര്‍ തുറമുഖത്ത് ഡ്രഡ്ജിംഗിന് കൂടുതല്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ബാലഗോപാല്‍ പറഞ്ഞു. സാഗര്‍മാലാ പദ്ധതിയിലൂടെ തുറമുഖത്തെ റോഡുകളുടെയും വാര്‍ഫിന്‍റെയും വികസനം സാധ്യമാക്കും. ക്രൂയിസ് സര്‍വീസ് ആരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര വളര്‍ച്ചയില്‍ നിര്‍ണായകമാകുമെന്നും ഇതിലൂടെ ബേപ്പൂര്‍ ഫെസ്റ്റിന് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ടൂറിസം രംഗത്ത് ബേപ്പൂര്‍ ഫെസ്റ്റ് ഇതിനകം തന്നെ ജനപ്രീതി നേടിയിട്ടുണ്ടെന്നും ഫെസ്റ്റിന്‍റെ ഭാഗമായുള്ള ജല, കായികാഭ്യാസ പ്രകടനങ്ങള്‍ ജനങ്ങള്‍ക്ക് കൗതുകവും ആകാംക്ഷയും സമ്മാനിക്കാന്‍ പോന്നതാണെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.

ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ജനങ്ങളില്‍ ഐക്യത്തിന്‍റെ സന്ദേശം ഊട്ടിയുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ ഫെസ്റ്റിലൂടെ മലബാറിന്‍റെ ടൂറിസം മേഖലയുടെയും അതുവഴി കേരളത്തിന്‍റെയാകെ ടൂറിസം വികസനവും സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗവാസ് പി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ ശൈലജ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബുഷ്റ റഫീഖ്, ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി റസാഖ്, ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂര്‍ ഫെസ്റ്റ് 29 വരെയാണ് നടക്കുന്നത്. ബേപ്പൂര്‍ മറീന ബീച്ച്, ചാലിയം ബീച്ച്, ഫറോക്കിലെ നല്ലൂര്‍, ബേപ്പൂര്‍ തുറമുഖം എന്നിവിടങ്ങള്‍ ഫെസ്റ്റിന്‍റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് വേദിയാകും. ഉത്തരവാദിത്ത ടൂറിസം ആന്‍ഡ് ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ഡിസംബര്‍ 30 വരെ നല്ലൂരിലെ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും.

സൈക്ലിംഗ്, ആര്‍മി ആയോധന കലാപരിപാടി, നേവി ബാന്‍ഡ് കണ്‍സേര്‍ട്ട്, സിറ്റ്-ഓണ്‍-ടോപ്പ് കയാക്കിംഗ്, സ്റ്റാന്‍ഡ് അപ്പ് പാഡില്‍ റേസ്, നെറ്റ് ത്രോയിംഗ്, ഡിങ്കി റേസ്, ട്രഷര്‍ ഹണ്ട്, ബാംബു റാഫ്റ്റിംഗ്, സെയിലിംഗ് റെഗോട്ട, കണ്‍ട്രി ബോട്ട് റേസ്, ബോഡി ബോര്‍ഡ് ഡെമോ, സീ കയാക്ക് റേസ്, ഫൈബര്‍ വള്ളംകളി, ആംഗ്ലിംഗ്, വിംഗ് ഫോയിലിംഗ്, ചുരുളന്‍ വള്ളങ്ങളുടെ മത്സരം, പാരാമോട്ടറിംഗ്, ഫ്ളൈബോര്‍ഡ്, റോയിംഗ് ഡെമോ, സര്‍ഫിംഗ്, സീ റാഫ്റ്റിംഗ്, വിന്‍ഡ് സര്‍ഫിംഗ്, സര്‍ഫ് സ്കീ തുടങ്ങി വിവിധ കായികാഭ്യാസ പ്രദര്‍ശനങ്ങളും മത്സരങ്ങളും വിവിധ ദിവസങ്ങളിലായി നടക്കും.


തുര്‍ക്കി, വിയറ്റ്നാം, ഒമാന്‍, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള പങ്കാളികള്‍ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ മത്സരത്തില്‍ പങ്കെടുക്കും. നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പട്ടം പറത്തലില്‍ ഭാഗമാകും. സമാപന ദിവസത്തെ വള്ളംകളി പ്രധാന ആകര്‍ഷണമായിരിക്കും.

ഫെസ്റ്റിന്‍റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡിന്‍റെയും നേവിയുടെയും കപ്പല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഡിഫെന്‍സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. മലബാറിന്‍റെ രുചിവൈവിധ്യങ്ങള്‍ അറിയാന്‍ അവസരമൊരുക്കുന്ന ഫെസ്റ്റിലെ ഭക്ഷ്യമേള ബേപ്പൂരിലെ പാരിസണ്‍സ് മൈതാനത്ത് നടക്കും.

ഡിസംബര്‍ 27 ന് ബേപ്പൂര്‍ ബീച്ചില്‍ ഗായകരായ സിദ്ധാര്‍ത്ഥ് മേനോനും നിത്യാ മാമനും ചാലിയത്ത് നിഷാദും മൃദുല വാര്യരും നേതൃത്വം നല്‍കുന്ന സംഗീതപരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 28 ന് ബേപ്പൂര്‍ ബീച്ചില്‍ ഗായകന്‍ ഉണ്ണിമേനോന്‍റെയും അതേ ദിവസം ചാലിയത്ത് അഫ്സലിന്‍റെയും സംഗീതസദസ്സുകള്‍ നടക്കും. ബേപ്പൂര്‍ ബീച്ചില്‍ സമാപന ദിവസം സച്ചിന്‍ വാര്യരും ആര്യ ദയാല്‍ ബാന്‍ഡും സംഗീതസായാഹ്നങ്ങള്‍ ആഘോഷമാക്കും.

 ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെയും സഹകരണത്തോടെ ടൂറിസം വകുപ്പാണ് ബേപ്പൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

 

ENDS

Photo Gallery

+
Content
+
Content
+
Content
+
Content