ആഘോഷങ്ങള്‍ക്കൊപ്പം ഐക്യത്തിന്‍റെ സന്ദേശം കൂടി പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി റിയാസ്

'വസന്തോത്സവം' പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും ഉദ്ഘാടനം ചെയ്തു
Trivandrum / December 24, 2023

തിരുവനന്തപുരം: ആഘോഷത്തിന്‍റെ അന്തരീക്ഷത്തിനൊപ്പം ഐക്യത്തിന്‍റെ സന്ദേശം കൂടി പ്രചരിപ്പിക്കുകയാണ് പുതുവര്‍ഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പമേളയുടെയും ദീപാലങ്കാരത്തിന്‍റെയും ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍ക്ക് 'ഇല്യൂമിനേറ്റിങ് ജോയ് സ്പ്രെഡിംഗ് ഹാര്‍മണി' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും ഉത്സവ ചാരുത പകരുമെന്ന് മന്ത്രി പറഞ്ഞു. നഗരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കും. കോവിഡിന് ശേഷം ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ ആദ്യമായാണ് പുഷ്പമേള നടത്തുന്നത്. പുഷ്പമേളയില്‍ 75,000 ത്തോളം പുഷ്പ ചെടികള്‍ പ്രദര്‍ശിപ്പിക്കും. യൂറോപ്യന്‍ മോഡല്‍ വീട്, പൂന്തോട്ടം, ബട്ടര്‍ഫ്ളൈ ഊഞ്ഞാല്‍ തുടങ്ങിയവ ഇതിലെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. ഡിസംബര്‍ 27ന് കോഴിക്കോട്ടും ഡിസംബര്‍ 30ന് കൊച്ചിയിലും ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന്‍റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്ക് ഒത്തുചേരലിന്‍റെ സന്തോഷം പകരുന്നതിനുമുള്ള അവസരമാണ് വസന്തോത്സവമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയായിരുന്നു. വി.കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കനകക്കുന്ന് പ്രവേശന കവാടത്തില്‍ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റലേഷനും ഒരുക്കിയിട്ടുണ്ട്. കനകക്കുന്നിലെ നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്‍റെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാന്‍ ഒരുങ്ങുന്ന കനകക്കുന്നിന് കൂടുതല്‍ ഉണര്‍വേകുന്ന തരത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

 കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിട്ടുള്ളത്. അപൂര്‍വ്വമായ പുഷ്പങ്ങളും കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങളും പ്രത്യേകം തട്ടുകളില്‍ വിന്യസിച്ച് ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ഇത്തവണത്തേത്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ജനുവരി രണ്ട് വരെ നടക്കുന്ന വസന്തോത്സവത്തിലെ പ്രവേശന നിരക്ക്. സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പെറ്റ്സ് പാര്‍ക്ക്, ട്രേഡ് ഫെയര്‍ എന്നിവയാണ് പരിപാടിയുടെ മറ്റ് ആകര്‍ഷണങ്ങള്‍.

 വസന്തോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും മ്യൂസിക്ക് ബാന്‍ഡുകളുടെ പ്രകടനവും അരങ്ങേറും. ആദ്യദിവസം ഉദ്ഘാടന ചടങ്ങിനു ശേഷം മാങ്കോസ്റ്റിന്‍ ബാന്‍ഡിന്‍റെ പെര്‍ഫോമന്‍സ് കാണികള്‍ക്കു മുന്നിലെത്തി. ഇന്ന് (ഡിസംബര്‍ 25) ഫ്ളൈ ഡെ ബാന്‍ഡ്, 26 ന് ഹൈ ഹോപ്പ്, 27 ന് വോയ്സ് ഓഫ് ട്രിവാന്‍ഡ്രം, 28 ന് മല്‍ഹാര്‍, 29 ന് മജസ്റ്റിക് നയന്‍റിസ്, 30 ന് കോത്താലിസ്, 31 ന് ബേക്കറി ജങ്ഷന്‍, ജനുവരി ഒന്നിന് ഭൈരവി എന്‍സെമ്പിള്‍സ്, രണ്ടിന് ക്ലാപ് ബോക്സ് എന്നീ ബാന്‍ഡുകളുടെ സംഗീതനിശ വസന്തോത്സവത്തെ ആവേശത്തിലാഴ്ത്തും.

ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content