നെയ്ത്തു കാണാം, മണ്‍പാത്രമുണ്ടാക്കാം, ഇഷ്ടഭക്ഷണം കഴിക്കാം അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഫെസ്റ്റ് ബേപ്പൂരില്‍

ബേപ്പൂര്‍ ടൂറിസത്തിന് കരുത്തേകും : മന്ത്രി പി എ മുഹമ്മദ് റിയാസ്
Calicut / December 24, 2023

കോഴിക്കോട്: ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ ഭാഗമായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത  ടൂറിസം ഫെസ്റ്റും ടെക്സ്റ്റൈല്‍ ആര്‍ട്ട്  ഫെസ്റ്റും സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 26 മുതല്‍ 30 വരെ ഫറോഖ് നല്ലൂരിലെ ഇ.കെ.നായനാര്‍ മിനി സ്റ്റേഡിയത്തില്‍ വച്ചാണ് ഫെസ്റ്റ്. ആര്‍ ടി ഫെസ്റ്റിന്‍റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് നാലരയ്ക്ക് പൊതുമരാമത്തു-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

ഫറോഖ് നഗരസഭാ അധ്യക്ഷന്‍ എന്‍ സി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായിരിക്കും.
കേരളത്തിലെ കലാസ്വാദകര്‍ക്ക്  ടെക്സ്റ്റൈല്‍ ആര്‍ട്ട് അഥവാ നെയ്ത്തുകലാവിദ്യ പരിചയപ്പെടുത്തുന്നതിനായി ഇത്തരമൊരു പരിപാടി ഇത് ആദ്യമായാണ് കോഴിക്കോട് നടക്കുന്നത്   . രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോകോത്തര നിലവാരത്തിലുള്ള നെയ്ത്തു കലാ വിദഗ്ദര്‍ക്കൊപ്പം കേരളീയ കലാകാരന്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

 ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷന്‍ ആയി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ട്ട് ഫെസ്റ്റും ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റും ഗുണകരമായി മാറ്റണമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ പ്രദേശത്തിന്‍റെയും തനതു കലാരൂപങ്ങള്‍, പാരമ്പര്യ കരകൗശല വിദ്യകള്‍ , തനതു ഭക്ഷണ വിഭവങ്ങള്‍ എന്നിവ വിനോദ സഞ്ചാരികള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. നമ്മുടെ ഗ്രാമീണ മേഖലയില്‍ സാമ്പത്തിക വികസനത്തിന് വഴിയൊരുക്കാന്‍ ഉത്തരവാദിത്ത ടൂറിസത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


അനുഭവവേദ്യ ടൂറിസമാണ് ഉത്തരവാദിത്ത ടൂറിസത്തിന്‍റെ മുഖമുദ്രയെന്ന് സംസ്ഥാന ആര്‍ ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു. ആര്‍ ടി മിഷന്‍ നടത്തുന്ന ഫെസ്റ്റും ആ രീതിയിലുള്ളതായിരിക്കും. പ്രദര്‍ശനമേളയ്ക്കപ്പുറത്തേക്ക് ഫെസ്റ്റ് അക്കാദമിക താത്പര്യം ജനിപ്പിക്കുന്നതും വിജ്ഞാനപ്രദവും അനുഭവവേദ്യമാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റില്‍ തമിഴ്നാട്, അസ്സം, കര്‍ണാടക, ഗുജറാത്ത് , തെലങ്കാന , രാജസ്ഥാന്‍ , സിക്കിം, മധ്യപ്രദേശ് , ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍ , നാഗാലാന്‍ഡ് , ഉത്തര്‍പ്രദേശ്, ഡല്‍ഹി, പുതുച്ചേരി, ഒഡിഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ പങ്കാളിത്തമുണ്ടാകും. ടാപ്പെസ്റ്ററി  വിഭാഗത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗത്തു നിന്നുള്ള പാരമ്പര്യമായി കൈത്തൊഴില്‍ ചെയ്യുന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഇന്ത്യയിലുടനീളമുള്ള  തുണി വ്യവസായത്തിന്‍റെ   വിവിധ കേന്ദ്രങ്ങളെക്കുറിച്ചും  നെയ്തു കലാ പാരമ്പര്യങ്ങളെക്കുറിച്ചും  അറിയാന്‍  സന്ദര്‍ശകര്‍ക്ക്  അവസരമുണ്ടാകും. വസ്ത്രങ്ങളിലെ ചിത്ര മുദ്രണം, ടെക്സ്റ്റൈല്‍ പ്രിന്‍റിങ്,  പാരമ്പര്യ  തുണിത്തരങ്ങള്‍ ,നെയ്ത്ത് -വസ്ത്ര നിര്‍മ്മാണം എന്നിവയിലെ പാരമ്പര്യ രീതികള്‍,  പ്രാദേശികമായ  വസ്ത്രാലങ്കാര രീതികള്‍ എന്നിവക്കൊപ്പം      പരമ്പരാഗത കരകൗശലങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നുണ്ട്.

ഉത്തരവാദിത്ത ടൂറിസം  മിഷന്‍റെ യൂണിറ്റുകള്‍ നടത്തുന്ന  വിവിധ കരകൗശല/ കാര്‍ഷിക/ ഭക്ഷ്യ /മറ്റിതര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും. ടൂറിസം മേഖലയിലെ ടെക്സ്റ്റൈല്‍   വികസന സാധ്യതകള്‍ ഉള്‍പ്പെടെയുള്ള   വിവിധ വിഷയങ്ങളില്‍  ശില്പശാലകളും ഫെസ്റ്റിന്‍റെ ഭാഗമായുണ്ടാകും.


കേരളത്തിലെ വിവിധ ജില്ലകളിലെ  സുവനീര്‍ മേഖലയില്‍ നിന്നും  പ്രാധാന്യമര്‍ഹിക്കുന്ന വ്യത്യസ്ത സുവനീര്‍ ക്രാഫ്റ്റുകളുടെ പ്രദര്‍ശനവും ഇതിനൊപ്പം സംഘടിപ്പിക്കുന്നു. അഗ്രിഫാം ടൂറിസം നെറ്റ്വര്‍ക്ക് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിളകളുടെയും, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും  പ്രദര്‍ശന -വിപണനം , ഉത്തരവാദിത്ത  ടൂറിസം  മിഷന്‍  വിവിധ ജില്ലകളില്‍ നടത്തുന്ന വില്ലജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകളുടെ പ്രചാരണവും, ബുക്കിംഗ് സംവിധാനവും മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

ആര്‍ ടി മിഷന്‍ യൂണിറ്റുകളുടെ തനതു ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും സജ്ജമാക്കുന്നുണ്ട്. കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (ഐഐഎച്ടി) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ പങ്കാളികളാണ്. ഇവരുടെ സ്റ്റാളില്‍ നെയ്ത്, ടാപെസ്റ്ററി, തുണിത്തരങ്ങളിലെ ഡൈയിങ് പ്രോസസ്സ് എന്നിവയുടെ ലൈവ് പ്രദര്‍ശനമുണ്ടായിരിക്കും.

കളിമണ്‍ കരകൗശല വിദ്യകള്‍ക്കായി പ്രത്യേകം വിഭാഗമുണ്ട്. കേരളത്തിലെ പ്രധാന പാരമ്പര്യ തൊഴിലുകളിലൊന്നായ മണ്‍പാത്ര നിര്‍മാണ മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി ഈ പ്രകൃതി സൗഹൃദ നിര്‍മാണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ഇവയില്‍ പ്രവര്‍ത്തി പരിചയത്തിനുമായി ലൈവ് ഡെമോയിലൂടെയുള്ള മണ്‍പാത്ര നിര്‍മാണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കേരളത്തിലെ ടൂറിസത്തിന്‍റെ ഭാഗമായ വിവിധ ടൂറിസം സംരംഭകര്‍, മറ്റ് സംഘടനകള്‍, വനിതാ ആര്‍ ടി ക്ലബ്ബുകള്‍, സാഹസിക ടൂറിസം ഏജന്‍സികള്‍, എന്നിവയുടെ സഹകരണവും ഈ ഫെസ്റ്റിന് ലഭ്യമാക്കിയിട്ടുണ്ട്.

Photo Gallery