ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ചൊവ്വാഴ്ച (ഡിസംബര്‍ 26) തുടക്കം

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
Calicut / December 23, 2023

കോഴിക്കോട്: സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ മൂന്നാം പതിപ്പിന് ചൊവ്വാഴ്ച (ഡിസംബര്‍ 26) തുടക്കമാകും. സംസ്ഥാനത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ബേപ്പൂരില്‍ വൈകിട്ട് 6.30 ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 29 വരെയാണ് മേള.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ്, ജില്ലാ കളക്ടറും ഡിടിപിസി ചെയര്‍മാനുമായ സ്നേഹില്‍കുമാര്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.


ഇതിന്‍റെ ഭാഗമായി ബേപ്പൂര്‍ മറീന ബീച്ചില്‍ വിവിധ വാട്ടര്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ സംഘടിപ്പിക്കും. കോഴിക്കോട് ബീച്ച്, ചാലിയം, ഫറോക്കിലെ നല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് വേദിയാകും. ടൂറിസം കാര്‍ണിവല്‍, അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കൈറ്റ് ഫെസ്റ്റിവെല്‍, ഫുഡ് ഫെസ്റ്റിവല്‍ ഫ്ളീമാര്‍ക്കറ്റ്, സംഗീത നിശ, സാഹസികാഭ്യാസ പ്രകടനങ്ങള്‍ തുടങ്ങിയവയും ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും.


26 ന് രാവിലെ ഏഴിന് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ചിലേക്ക് സൈക്കിള്‍ റാലിയോടെയാണ് വാട്ടര്‍ ഫെസ്റ്റിന് ഔപചാരികമായ തുടക്കമാകുക.


സൈക്ലിംഗ്, സിറ്റ്-ഓണ്‍-ടോപ്പ് കയാക്കിംഗ് എന്നിവ ഫെസ്റ്റിന്‍റെ ആദ്യ ദിവസം നടക്കും. സ്റ്റാന്‍ഡ് അപ്പ് പാഡില്‍ റേസ്, നെറ്റ് ത്രോയിംഗ്, ഡിങ്കി റേസ്, ട്രഷര്‍ ഹണ്ട് എന്നിവ രണ്ടാം ദിവസം നടക്കും. ബാംബു റാഫ്റ്റിംഗ്, സെയിലിംഗ് റെഗോട്ട, കണ്‍ട്രി ബോട്ട് റേസ്, ബോഡി ബോര്‍ഡ് ഡെമോ, സീ കയാക്ക് റേസ് എന്നിവ ഡിസംബര്‍ 28 നും ഫൈബര്‍ വള്ളംകളി, ആംഗ്ലിംഗ്, വിംഗ് ഫോയിലിംഗ്, ചുരുളന്‍ വള്ളങ്ങളുടെ ഓട്ടം എന്നിവ ഫെസ്റ്റിന്‍റെ അവസാന ദിനമായ 29 നും നടക്കും. കൂടാതെ പാരാമോട്ടറിംഗ്, ഫ്ളൈബോര്‍ഡ്, റോയിംഗ് ഡെമോ, സര്‍ഫിംഗ്, സീ റാഫ്റ്റിംഗ്, വിന്‍ഡ് സര്‍ഫിംഗ്, സര്‍ഫ് സ്കീ തുടങ്ങിയ പ്രദര്‍ശനങ്ങളും വിവിധ ദിവസങ്ങളിലായി നടക്കും.


കോഴിക്കോട് ബീച്ച് മുതല്‍ ബേപ്പൂര്‍ വരെ മിനി മാരത്തോണ്‍ ഇന്ന് (ഡിസംബര്‍ 24) നടക്കും. 26 മുതല്‍ 29 വരെ കോസ്റ്റ് ഗാര്‍ഡിന്‍റെയും നേവിയുടെയും കപ്പല്‍ പൊതുജനങ്ങള്‍ക്ക് കാണുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഡിഫെന്‍സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സ്റ്റാളുകളും ബേപ്പൂര്‍ പോര്‍ട്ടില്‍ ഉണ്ടായിരിക്കും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍ എന്നിവിടങ്ങളിലെ വേദികളില്‍ പ്രശസ്ത വാദ്യകലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. മലബാറിന്‍റെ രുചിവൈവിധ്യങ്ങള്‍ അറിയാന്‍ അവസരമൊരുക്കുന്ന ഫെസ്റ്റിലെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം 26 ന് നടക്കും. ഫെസ്റ്റിനോടനുബന്ധിച്ച് നല്ലൂരിലെ ഇ.കെ നായനാര്‍ സ്റ്റേഡിയത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ ഉത്തരവാദിത്ത ടൂറിസം ഫെസ്റ്റും ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഉദ്ഘാടനം 27 ന് വൈകിട്ട് 4.30 ന് ടൂറിസം മന്ത്രി നിര്‍വ്വഹിക്കും.

ഫെസ്റ്റിന്‍റെ പ്രചാരണത്തിനായി വോളിബോള്‍, കബഡി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ചിരുന്നു. ടൂറിസം വകുപ്പ് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ബേപ്പൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
 

Photo Gallery