മണി വിശ്വനാഥ് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്സണ്‍

Trivandrum / December 21, 2023

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) ചെയര്‍പേഴ്സണ്‍ ആയി മണി വിശ്വനാഥ് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മേഖലയില്‍ ഉള്‍പ്പെടുന്ന നാല് ജില്ലകളിലെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മണി വിശ്വനാഥിനെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്.

ഇന്നലെ ചേര്‍ന്ന മേഖല യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം മണി വിശ്വനാഥിനെ ഐകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറാണ് മണി വിശ്വനാഥ്.

ഒന്നര വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ ഭരണസമിതി രൂപീകരണത്തിന് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനല്‍ വിജയം നേടി. എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് അഞ്ചും സീറ്റ് ലഭിച്ചു. കെആര്‍ മോഹനന്‍പിള്ള, ആയാപറമ്പ് രാമചന്ദ്രന്‍, ടികെ പ്രതുലചന്ദ്രന്‍, മുണ്ടപ്പള്ളി തോമസ്, ടി ഗോപാലകൃഷ്ണപിള്ള, പിജി വാസുദേവന്‍ ഉണ്ണി, ഡബ്ല്യുആര്‍ അജിത് സിങ്, എന്‍.ഭാസുരാംഗന്‍, കെ കൃഷ്ണന്‍ പോറ്റി, പിവി ബീന, ജെ മെഹര്‍, കൃഷ്ണന്‍കുട്ടി എന്നിവരാണ് ഭരണസമിതി അംഗങ്ങളായി സ്ഥാനമേറ്റു. വോട്ടെണ്ണലില്‍ തുല്യവോട്ട് ലഭിച്ചതിനെ തുടര്‍ന്ന് റീകൗണ്ടിംഗ് നടത്തിയപ്പോള്‍ രണ്ട് വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ വിഎസ് പത്മകുമാര്‍ വിജയിച്ചു.

ടിആര്‍സിഎംപിയുവിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്ഷീരസഹകരണ സംഘം ഭാരവാഹികളാണ് വോട്ടെടുപ്പില്‍ ഭാഗമായത്.

ആലപ്പുഴ പത്തിയൂര്‍ക്കാല ക്ഷീര സഹകരണ സംഘം പ്രസിഡന്‍റായ മണി വിശ്വനാഥ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദവിയും വഹിക്കുന്നു. കൃഷി, പഞ്ചായത്ത് വകുപ്പുകളില്‍ 18 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം, ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന വനിത പ്രസിഡന്‍റ്, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന കമ്മിറ്റി അംഗമാണ്. 

Photo Gallery

+
Content