ഫാബ്രിക്കേഷനിലും ഡിസൈനിംഗിലും നിപുണരാകാം; ഫാബ് അക്കാദമി 2024 അഡ്മിഷന്‍ ആരംഭിച്ചു

കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബിലും കോഴ്സ് പഠിക്കാം
Kochi / December 21, 2023

കൊച്ചി: ഗ്ലോബല്‍ ഫാബ് ഫൗണ്ടേഷന്‍റെ  ആഭിമുഖ്യത്തില്‍ ലോകമാകമാനമുള്ള ഫാബ് ലാബുകളില്‍ നടത്തി വരുന്ന ഫാബ് അക്കാദമി കോഴ്സിന്‍റെ 2024 ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാബ്ലാബിലും ഫാബ് അക്കാദമി കോഴ്സ് പഠിക്കാവുന്നതാണ്. ഡിസംബര്‍ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ https://fabacademy.fablabkerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9497336617 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

എഞ്ചിനീയര്‍മാര്‍ ,ആര്‍ക്കിടെക്ടുമാര്‍ ഡിസൈനര്‍മാര്‍, തുടങ്ങി ഡിജിറ്റല്‍ ഫാബ്രിക്കേഷനിലും പ്രോട്ടോടൈപ്പിംഗിലും താത്പര്യമുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും  കോഴ്സിന് അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും അഭിമുഖ പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീസിന്‍റെ 80 ശതമാനം വരെ സ്കോളര്‍ഷിപ് ലഭിക്കുന്നതാണ്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 95 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കും. ശാസ്ത്ര സാങ്കേതിക മേഖലയില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്കു ഒരു പടി കൂടി മുന്നോട്ട് വെയ്ക്കാന്‍ ഇതിലൂടെ കഴിയും.

 അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ശാസ്ത്ര -സാങ്കേതിക വിഷയങ്ങളിലും , എഞ്ചിനീയറിംഗിലും , ഗണിത ശാസ്ത്രത്തിലും അടിസ്ഥാനപരമായ അറിവുള്ളവര്‍ക്കും ഡിജിറ്റല്‍ ഡിസൈന്‍, പ്രോഡക്റ്റ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ,പ്രോട്ടോടൈപിംഗ് മുതലായ വിഷയങ്ങളില്‍ അഭിരുചിയുള്ളവര്‍ക്കും ഈ കോഴ്സിന് ചേരാവുന്നതാണ് .

ഫാബ് അക്കാദമി എന്നത് ഡിപ്ലോമ കോഴ്സ് എന്നതിലുപരി  ഫിനിഷിംഗ് സ്കൂള്‍ മാതൃകയില്‍ വിഭാവനം ചെയ്തിരിക്കുന്ന പാഠ്യപദ്ധതിയാണ്. ഫാബ് അക്കാദമിയുടെ ക്ലാസുകള്‍ പാഠപുസ്തകത്തിലെ അറിവിനെ  പ്രയോഗിക തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉതകുന്ന തരത്തിലാണ്. സാധാരണ കോഴ്സുകളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്കു സ്വയം പ്രൊജെക്ടുകള്‍ തിരഞ്ഞെടുക്കാനും അവ വികസിപ്പിക്കാനുമുള്ള അവസരമാണ് ഫാബ് അക്കാദമി പ്രോഗ്രാം നല്‍കുന്നത് . ആഴ്ചയില്‍ ഒരു ദിവസം മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍ നീല്‍ ഗേര്‍സ്ചെന്‍ഫീല്‍ഡ് ന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. ഈ ക്ലാസ്സില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കപ്പെടും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൂപ്പര്‍ ഫാബിലാബ് കൊച്ചിയിലെ ഇന്‍സ്ട്രക്ടര്‍മാരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ സ്വയം തിരഞ്ഞെടുത്ത പ്രൊജെക്ടുകള്‍ ചെയ്യുന്ന രീതിയിലാണ് ഫാബ് അക്കാദമി കോഴ്സ്.

ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ എന്ന ശാഖയെ പറ്റിയും പ്രോട്ടോടൈപിങ് എന്ന ആശയത്തെ പറ്റിയും വ്യക്തമായ ഉള്‍കാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിനു പുറമെ വിവിധ സാങ്കേതിക -എഞ്ചിനീയറിംഗ് മേഖലകളിലെ നൈപുണ്യം വികസിപ്പിക്കാനും അത് വഴി മികച്ച ഒരു പ്രൊഫഷണല്‍ ആകാനുള്ള അവസരവും ഫാബ് അക്കാദമി നല്‍കുന്നു.
ഫാബ് അക്കാദമി കോഴ്സ് പൂര്‍ണമായും ഓഫ്ലൈന്‍ ആയി  കൊച്ചിയില്‍ വന്നു ചെയ്യേണ്ടതാണ്. ലോകത്താകമാനം  70 ഫാബ്ലാബുകളിലാണ് ഈ കോഴ്സ് നടത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ സൂപ്പര്‍ ഫാബ്ലാബ് കൊച്ചിയില്‍ നിന്നും ഫാബ് അക്കാദമി കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുകയോ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നേടുകയോ ചെയ്തിട്ടുണ്ട്.  

മറ്റു കോഴ്സുകള്‍ പോലെ അദ്ധ്യാപകര്‍ ചാലക ശക്തിയാകുന്ന പാഠ്യ പദ്ധതിയല്ല ഫാബ് അക്കാദമിയുടേത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പ്രൊജക്റ്റ് തിരഞ്ഞെടുക്കാനും, കോഴ്സില്‍ നിന്ന് ലഭിക്കുന്ന അറിവ് ഉപയോഗിച്ച്  അത് വികസിപ്പിക്കാനുമുള്ള അവസരമാണ് ഈ പാഠ്യപദ്ധതി നല്‍കുന്നത്. ഇത് വഴി പ്രോഡക്റ്റ് ഡിസൈനിംഗിന്‍റെയും , പ്രോഡക്റ്റ് ഡെവലപ്മെന്‍റിന്‍റെയും എല്ലാ തലങ്ങളും ആധികാരികമായി മനസിലാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഫാബ്ലാബ് കേരളയില്‍ നിന്നും ഫാബ് അക്കാദമി പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഇന്ന് പ്രമുഖ റിസര്‍ച്ച് പാര്‍ക്കുകകളിലും , മള്‍ട്ടിനാഷണല്‍ ഹാര്‍ഡ്വെയര്‍ പ്രോഡക്റ്റ് ഡെവലപ്മെന്‍റ്റ് സ്ഥാപനങ്ങളിലും മികച്ച തസ്തികകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഇത് കൂടാതെ ഫാബ്ലാബ് കേരളയില്‍ നിന്നും ഫാബ് അക്കാദമി പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ ഇന്‍റേണ്‍ഷിപ്പിനും ഫെലോഷിപ്പിനും അവസരമുണ്ടായിരിക്കും. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റു ഉന്നത തൊഴിലുകളിലേക്കുള്ള ചവിട്ടു പടി കൂടിയാണ്.
 

 

Photo Gallery