മാലിന്യ സംസ്കരണ മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്ക്: ശാരദാ മുരളീധരന്‍

Trivandrum / December 22, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ലക്ഷ്യമിടുന്ന സുസ്ഥിരവും ശാസ്ത്രീയവുമായ മാലിന്യസംസ്കരണ സൗകര്യങ്ങള്‍ കേരളത്തിലൂടനീളം കൊണ്ടുവരുന്നതില്‍ സ്വകാര്യ മേഖലയ്ക്ക് വലിയ സംഭാവന നല്കാന്‍ കഴിയുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ മാലിന്യ സംസ്കരണ മേഖലയിലെ സ്വകാര്യ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സര്‍ക്കാരിനോ പൊതുമേഖലാ ഏജന്‍സികള്‍ക്കോ മാത്രം മാലിന്യ സംസ്കരണ മേഖലയില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയില്ല. സ്വകാര്യ മേഖലയിലെ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ഈ വിടവുകള്‍ നികത്താന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

 മാലിന്യസംസ്കരണ മേഖലയില്‍ സംരംഭകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാണ്. ഇതിനകം നിരവധി സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയിച്ചിട്ടുണ്ട്. മാലിന്യമുക്തം നവകേരളം പ്രചാരണത്തില്‍ പങ്കാളികളായ സ്വകാര്യ സംരംഭകരിലൂടെ സൃഷ്ടിക്കപ്പെട്ട പൊതു അവബോധത്തില്‍ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരം വനശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയില്‍ നാല്പതോളം സ്വകാര്യ ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

അജൈവ മാലിന്യങ്ങളുടെ അളവ് അനുദിനം കൂടിവരുന്നതിനാല്‍ മാലിന്യ സംസ്കരണത്തില്‍ സ്വകാര്യ മേഖലാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനും ആഗ്രഹമുണ്ട്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് സാധിക്കും.

 
ചിക്കന്‍ റെന്‍ഡറിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ധാരാളം അവസരങ്ങള്‍ സംരംഭകര്‍ക്ക് മുന്നിലുണ്ട്. ഇത്തരം മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംരംഭകര്‍ ബോധവാന്മാരാകണം. അത്തരം സംരംഭങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

സ്വകാര്യ ഏജന്‍സികളുടെ പ്രതിനിധികള്‍ താഴേത്തട്ടിലെ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും നിരവധി കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ പിന്തുണ തേടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കി.


ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജാ സ്വാഗതം പറഞ്ഞു. കാമ്പയിന്‍ കണ്‍സള്‍ട്ടന്‍റ്  ജഗജീവന്‍, സികെസിഎല്‍ എംഡി സുരേഷ് കുമാര്‍, കെഎസ് ഡബ്ല്യൂഎംപി കണ്‍സള്‍ട്ടന്‍റ് കേശവന്‍ നായര്‍,  മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്‍സി ബി. എസ് എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.

Photo Gallery

+
Content