തലസ്ഥാന നഗരിയെ ആഘോഷത്തിമിര്‍പ്പിലാക്കാന്‍ 'വസന്തോത്സവം'

കനകക്കുന്നില്‍ നാളെ (ഡിസംബര്‍ 24) ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും
Trivandrum / December 22, 2023

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം നാളെ (ഡിസംബര്‍ 24) ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്‍റണി രാജു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.


കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കുന്നത്. അപൂര്‍വ്വമായ പുഷ്പങ്ങള്‍ അടക്കം നയനമനോഹരമായ രീതിയില്‍ ക്രമീകരിച്ച് വസന്തോത്സവത്തെ ആകര്‍ഷകമാക്കും. തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാന്‍ ഒരുങ്ങുന്ന കനകക്കുന്നിന് കൂടുതല്‍ ഉണര്‍വേകുന്ന തരത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റലേഷനും ഉണ്ടായിരിക്കും. കനകക്കുന്നിലെ നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്‍റെ ഭാഗമാകും.

 
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും ഉത്സവ ചാരുത പകരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങള്‍ പ്രത്യേകം തട്ടുകളില്‍ വിന്യസിച്ച് ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ഇത്തവണത്തേത്. നാളെ രാവിലെ മുതല്‍ മേളയിലേക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ജനുവരി രണ്ട് വരെ നടക്കുന്ന വസന്തോത്സവത്തിലെ പ്രവേശന നിരക്ക്. സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പെറ്റ്സ് പാര്‍ക്ക്, ട്രേഡ് ഫെയര്‍ എന്നിവയാണ് പരിപാടിയുടെ മറ്റ് ആകര്‍ഷണങ്ങള്‍.


തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോടും ദീപാലങ്കാരങ്ങളും ഇന്‍സ്റ്റലേഷനുകളും ഒരുക്കുന്നുണ്ട്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

Photo Gallery

+
Content
+
Content
+
Content