വ്യാജപ്രചാരണങ്ങള്‍ സ്വകാര്യലോബിക്കു വേണ്ടിയെന്ന് കേരള ഫീഡ്സ്

ഗുണമേന്മയില്‍ വിട്ടു വീഴ്ചയില്ല, വിദഗ്ധ ന്യൂട്രീഷ്യന്‍ സംഘം പരിശോധന നടത്തും
Calicut / December 18, 2023

കോഴിക്കോട്: പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സിനെതിരെ വ്യാജപ്രചരണമാണ് നടക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിപണിയില്‍ ഏറ്റവും വില കുറച്ച്  കാലിത്തീറ്റ വില്‍ക്കുന്ന കേരള ഫീഡ്സിനെ തകര്‍ക്കാന്‍ സ്വകാര്യ കാലിത്തീറ്റ ലോബി നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കമ്പനി അറിയിച്ചു.

കാലം തെറ്റി വന്ന മഴ മൂലമുണ്ടായ താത്കാലിക സാഹചര്യം നിമിത്തമാണ് വളരെ കുറച്ചു ചാക്കില്‍ ഈര്‍പ്പം കണ്ടെത്തിയതെന്ന് കേരള ഫീഡ്സ് അറിയിച്ചു. ഇത് പൂര്‍ണമായും തിരികെ എത്തിച്ച് അത്യാധുനിക ലാബോറട്ടറിയില്‍ പരിശോധയ്ക്ക് വിധേയമാക്കി. തിരികെയെത്തിച്ചതില്‍ തന്നെ വളരെ കുറച്ച് ബാഗുകളില്‍ മാത്രമാണ് പൂപ്പല്‍ ബാധ കണ്ടെത്തിയത്. മികച്ച പരിചയസമ്പത്തും ഈ രംഗത്ത് ഡോക്ടറേറ്റ് യോഗ്യതയുമുള്ള ന്യൂട്രീഷ്യന്മാരുടെ വിദഗ്ധ സംഘം തിരുവങ്ങൂര്‍ പ്ലാന്‍റ് സന്ദര്‍ശിച്ച് പൂപ്പല്‍ വന്ന ബാഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അറിയിച്ചു.


സെപ്തംബര്‍ മാസത്തില്‍ 4192.98 ടണ്‍, ഒക്ടോബറില്‍ 4232.63 ടണ്‍, നവംബറില്‍ 4425.13 ടണ്‍ എന്നിങ്ങനെയാണ് തിരവങ്ങൂരിലെ കാലിത്തീറ്റ ഉത്പാദനം. ദിവസം ശരാശരി 4000 ബാഗുകളാണ് ഇവിടെ നിറയ്ക്കുന്നത്. മുന്‍ മാസങ്ങളിലെയും ശരാശരി ഉത്പാദനം ഇതായിരിക്കെ യൂണിറ്റ് അടച്ചു പൂട്ടുമെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണ്.


നാല് തട്ടുകളിലായുള്ള ഗുണമേന്മാ പരിശോധനയാണ് കേരള ഫീഡ്സിന്‍റെ ഓരോ ഉത്പാദന യൂണിറ്റിലും നടത്തുന്നത്. അസംസ്കൃത വസ്തുക്കള്‍ ഗേറ്റ് കടക്കുമ്പോഴും, അത് അണ്‍ലോഡ് ചെയ്യുമ്പോഴും, സംഭരണിയില്‍ കയറ്റുമ്പോഴും ഉത്പാദന സമയത്തും വെവ്വേറെ പരിശോധനകള്‍ നടത്തുന്നുണ്ട്. ബിഐഎസ് മാനദണ്ഡങ്ങളനുസരിച്ചാണ് എല്ലാ ഉത്പാദന യൂണിറ്റും പ്രവര്‍ത്തിക്കുന്നത്. കാലിത്തീറ്റയായി പുറത്തു വരുമ്പോഴും വീണ്ടും ഗുണമേന്മാ പരിശോധന നടത്തുന്നു.


കേരള ഫീഡ്സിന്‍റെ എല്ലാ പ്ലാന്‍റുകളിലും കെമിസ്റ്റുകളടങ്ങുന്ന പ്രത്യേക സംഘമാണ് അതത് ലാബുകളില്‍ പരിശോധനകള്‍ നടത്തുന്നത്. കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള ചേരുവകള്‍, ഗുണമേന്മ എന്നിവയുടെ നിയന്ത്രണം ന്യൂട്രീഷന്‍ അനലിസ്റ്റും വെറ്റിനറി ഡോക്ടറുമായ ഡോ. അനുരാജിന്‍റെ മേല്‍നോട്ടത്തിലാണ്.

 
കാലം തെറ്റി പെയ്യുന്ന മഴ അസംസ്കൃത വസ്തുക്കളില്‍ ഈര്‍പ്പത്തിന്‍റെ അളവ് കൂട്ടാന്‍ കാരണമായിട്ടുണ്ട്. ലോഡിംഗ് സമയത്തും ചരക്ക് നീക്കം നടത്തുമ്പോഴും ഇതേ പ്രതിസന്ധിയുണ്ട്. അതു കൊണ്ട് തന്നെ ഈര്‍പ്പം ശ്രദ്ധയില്‍പെട്ടാല്‍ അത്തരം ബാഗുകള്‍ കമ്പനി തിരികെയെത്തിക്കുകയാണ് ചെയ്യുന്നത്. അംഗീകൃത പ്രക്രിയയിലൂടെ അത് പുനരുപയോഗിക്കാവുന്ന കാലിത്തീറ്റയാക്കി മാറ്റുകയും ചെയ്യും.

 
വിപണിയില്‍ ഏറ്റവും വില കുറച്ച് വില്‍ക്കുന്ന കാലിത്തീറ്റയാണ് കേരള ഫീഡ്സെന്ന് കമ്പനി ചെയര്‍മാന്‍ കെ ശ്രീകുമാര്‍ പറഞ്ഞു. ഏതു സ്വകാര്യ കമ്പനിയേക്കാളും 90  രൂപയോളം കുറച്ചാണ് കേരള ഫീഡ്സിന്‍റെ കാലിത്തീറ്റ വിപണിയില്‍ ലഭിക്കുന്നത്. കാലിത്തീറ്റ ഉത്പാദന നിയമം കൂടി വരുന്നതോടെ ഗുണമേന്മയില്ലാത്ത കാലിത്തീറ്റ സംസ്ഥാനത്ത് നിന്നു തന്നെ അപ്രത്യക്ഷമാകും. വ്യാജപ്രചാരണത്തിലൂടെ കേരള ഫീഡ്സിനെ വിപണിയില്‍ നിന്നും ഒഴിവാക്കി ഇല്ലാത്ത കാലിത്തീറ്റ ക്ഷാമം വരുത്തി ഗുണമേന്മാ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢലക്ഷ്യമാണിതെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിയണമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

Photo Gallery