കേശവ് മാലിക്ക് ജډശതാബ്ദി ശില്‍പ പ്രദര്‍ശനം; ശ്രദ്ധേയരായി പുതു തലമുറ ശില്‍പികള്‍

New Delhi / December 18, 2023

ന്യൂഡല്‍ഹി: പറന്ന് പൊങ്ങാനൊരുങ്ങുന്ന ചിത്രശലഭത്തെ ഫണീന്ദ്ര നാഥ് ചതുര്‍വേദി സൃഷ്ടിച്ചത് നിറങ്ങള്‍ ചാലിച്ച ഉരുക്കു പാളികള്‍ കൊണ്ടാണ്. വിഖ്യാതമായ ഇന്ത്യയുടെ ശില്‍പകലാ വൈദഗ്ധ്യം വരും തലമുറയില്‍ ഭദ്രമാണെന്ന് കാണിച്ചു തരുന്നതാണ് ഡല്‍ഹിയില്‍ നടക്കുന്ന ഐസ്കള്‍പ്റ്റ് പ്രദര്‍ശനം.

    എഴുത്തുകാരവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന കലാസ്വാദകന്‍ കേശവ് മാലിക്കിന്‍റെ ജډശതാബ്ദിയോടനുബന്ധിച്ച് ഡല്‍ഹിയിലെ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ ഒരുക്കിയിട്ടുള്ള ശില്‍പ പ്രദര്‍ശനത്തില്‍ പരിചയസമ്പന്നരും തുടക്കക്കാരുമായ നിരവധി പേരുടെ സൃഷ്ടികള്‍ മനോഹരമായി ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി ആര്‍ട്ട് സൊസൈറ്റിക്കു വേണ്ടി മലയാളിയായ കലാചരിത്രകാരി ഉമാ നായരാണ് ഇത് ക്യൂറേറ്റ് ചെയ്തിട്ടുള്ളത്. പുതുതലമുറ ശില്‍പികള്‍ സമകാലീനകലയിലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ പാരമ്പര്യവും പൈതൃകവും തങ്ങളുടെ സൃഷ്ടികളിലൂടെ കാത്തു സൂക്ഷിക്കുകയാണ്.

    ഡിസംബര്‍ ഏഴുമുതല്‍ 21 വരെയാണ് പ്രദര്‍ശനം. ആകെ 24 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ വച്ചിട്ടുള്ളത്. 

    ഉരുക്കുപാളികളില്‍ ചിത്രശലഭത്തിന്‍റെ നിറങ്ങള്‍ ചാലിച്ച് ഫണീന്ദ്രനാഥ് ഒരുക്കിയിരിക്കുന്ന ഏകായതം എന്ന സൃഷ്ടി മാന്ത്രികമായ അനുഭവമാണ് നല്‍കുന്നതെന്ന് ഉമാ നായര്‍ സാക്ഷ്യപ്പെടുത്തി. സ്വര്‍ഗീയവും ഭൗമികവുമായ അനുഭൂതികളെ കൃത്യമായ അളവില്‍ ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നു. 42 കാരനായ ഫണീന്ദ്ര 2000 മാണ്ട് മുതലാണ് ശില്‍പ പ്രദര്‍ശനം ആരംഭിച്ചത്.
    സമകാലീന വാസ്തുകലയെ ഓര്‍മ്മിപ്പിക്കുന്ന തടി കൊണ്ടുള്ള പിരമിഡ് രൂപമാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഹര്‍ഷ ദുരുഗഡ്ഡ ഒരുക്കിയിട്ടുള്ളത്. നാടന്‍ കളിപ്പാട്ടത്തിന്‍റെ ശൈലിയിലാണ് ഇതിന്‍റെ നിര്‍മ്മാണം.

    ആര്‍്കിടെക്ട് കൂടിയായ ശില്‍പി നിമേഷ് പിള്ളയുടെ ഒറ്റക്കൊമ്പന്‍ എന്ന സൃഷ്ടി അലുമിനിയത്തിലാണ് ചെയ്തിട്ടുള്ളത്. എല്ലാത്തരം കഥകളെയും ഒറ്റ ആല്‍ബത്തിലേക്ക് കൊണ്ടു വരുന്നതിനുളഅള ശ്രമമാണ് നടത്തിയിട്ടുള്ളത്. കേശവ് മാലിക്കിന് ഫോട്ടോകളോടുള്ള പ്രിയം കൂടി കണക്കിലെടുത്താണ് മനോജ് അറോറയുടെ ഒമ്പത് മോണോക്രോമുകള്‍ ഉമാ നായര്‍ ഐസ്കള്‍പറ്റില്‍ ഉള്‍പ്പെടുത്തിയത്.

    വിവിധ സംസ്ക്കാരങ്ങളെക്കുറിച്ചുള്ള അഗാധ പാണ്ഡിത്യമുണ്ടായിരുന്ന കേശവ് മാലിക്കിന് എന്നും പൊതു കലായിടങ്ങളോട് പ്രിയമായിരുന്നുവെന്ന് ഡല്‍ഹി ആര്‍ട് സൊസൈറ്റിയുടെ പ്രസിഡന്‍റും ശില്‍പിയുമായ നീരജ് ഗുപ്ത പറഞ്ഞു. ഡല്‍ഹിയിലെ ബുദ്ധ ജയന്തി പാര്‍ക്കിലുളള മരശില്‍പങ്ങളുടെ പിന്നില്‍ ഡിഎഎസിന്‍റെ പങ്ക് വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ പൈതൃകത്തിന് നൈരന്തര്യമുണ്ടെന്ന് ഉറപ്പിക്കുകയാണ് നീരജ് ഗുപ്തയുടെ കൃഷ്ണ പരമ്പര.

    വിഖ്യാത ശില്‍പി അമര്‍ നാഥ് സെഹ്ഗല്‍ സൃഷ്ടിച്ച ഗണേശ പ്രതിമയാണ് പ്രദര്‍ശനത്തിന്‍റെ ആകര്‍ഷണങ്ങളിലൊന്ന്. അലുമിനിയം ഷീറ്റില്‍ അന്‍കോണ്‍ മിത്ര ഒരുക്കിയ വൃക്ഷം അനന്തമായ അനുഭൂതിയുടെ കനമില്ലാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. 

    ഉരുക്കില്‍ തീര്‍ത്ത സ്ത്രീയുടെ ശിരസ്സാണ് ഹിമ്മത്ത് ഷായുടെ സൃഷ്ടി. ബോധി വൃക്ഷച്ചോട്ടിലിരിക്കുന്ന ബിമന്‍ ദാസിന്‍റെ ബുദ്ധന്‍, റിനി ധൂമ്മലിന്‍റെ ശാന്തതയുടെ പ്രകാശവലയം, ധനഞ്ജയ് സിംഗിന്‍റെ ഇരട്ടത്തലയന്‍ മനുഷ്യര്‍, ജി രഘുവിന്‍റെ ഇരിക്കുന്ന കല്‍ദമ്പതികള്‍, മുസാഫിര്‍ അലിയുടെ കുതിരകള്‍, സതീഷ് ഗുപ്തയുടെ ഭാരതമാതാവ് എന്നിവയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.

    അരുണ്‍ പണ്ഡിറ്റിന്‍റെ വയലിനിസ്റ്റ്, ദേശീയ പുരസ്ക്കാര ജേതാവ് ഭോല കുമാറിന്‍റെ സേനകളുടെ മഥനം, എന്‍ എസ് റാണയുടെ സാന്ത്വനം എന്നിവയെല്ലാം ബൗദ്ധികമായ അനുഭൂതി പകരുന്നു.

പ്രമോദ് മാന്‍, രാജേഷ് റാമിന്‍റെ ഹൈബ്രിഡ് മനുഷ്യന്‍, റാം കുമാര്‍ മന്നായുടെ ശിവന്‍, എസ് ഡി ഹരിപ്രസാദിന്‍റെ വെള്ളാരംകല്ല് ശില്‍പം, പരേതനായ സതീഷ് ഗുജ്റാളിന്‍റെ കരിങ്കല്‍ ശില്‍പം, സോണിയ സരീനിന്‍റെ ഭാവനാമയി എന്ന ഭൂമിദേവി, വിപുല്‍ കുമാറിന്‍റെ ചൈനാ ക്ലേ, മാര്‍ബിള്‍, കല്ല് മിശ്രിതം എന്നിവയും പ്രദര്‍ശനത്തിന്‍റെ ആകര്‍ഷണങ്ങളാണ്.

കവിയും തത്വചിന്തകനുമായ ഡോ. കരണ്‍ സിംഗാണ് ഐസ്കള്‍പ്റ്റിന്‍റെ കാറ്റലോഗ് പ്രകാശനം നിര്‍വഹിച്ചത്. ശില്‍പകലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാരിന്‍റെ സഹകരണവും ഇടപെടലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേശവ് മാലിക്കിന്‍റെ പത്നിയും സംഗീതനാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ ഉഷ മാലിക് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കോസ്മറ്റോളജിസ്റ്റ്  സൈമള്‍ സോയിന്‍, ഫാഷന്‍ ഡിസൈനര്‍ റിതു ബേരി എന്നിവര്‍ പ്രദര്‍ശനത്തിന്‍റെ വിളംബരം നടത്തി. ഗീത ചന്ദ്രന്‍റെ ഭരതനാട്യ അവതരവും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി.
 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content