റഷ്യന്‍ ഷിപ്പ്യാര്‍ഡിന്‍റെ എല്‍എന്‍ജി ടാങ്കര്‍ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ഇന്ത്യന്‍ കമ്പനി

മലയാളി ഉടമസ്ഥതയിലുള്ള ക്രാസ്നി ഡിഫന്‍സ് 100 കോടി രൂപയുടെ കരാര്‍ നേടിയത് ചൈനീസ് കമ്പനികളുമായി മത്സരിച്ച്
Mumbai / December 15, 2023

മുംബൈ: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ ക്രാസ്നി ഡിഫന്‍സ് ടെക്നോളജീസ് ലിമിറ്റഡ് റഷ്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പല്‍ നിര്‍മ്മാണശാലയായ സ്വെസ്ദ ഷിപ്പ് ബില്‍ഡിംഗ് കോംപ്ലക്സുമായി (എസ്എസ്കെ സ്വെസ്ദ) കരാറില്‍. എസ്എസ്കെ സ്വെസ്ദ നിര്‍മ്മിക്കുന്ന രണ്ട് ഐസ് ക്ലാസ് എല്‍എന്‍ജി ടാങ്കര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകാനാണ് മുംബൈ ആസ്ഥാനമായുള്ള കമ്പനി 100 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചത്. 


    വ്ളാഡിവോസ്റ്റോക്കില്‍ നടന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിലാണ് രണ്ടു വര്‍ഷത്തേക്കുള്ള കരാറില്‍ ഏര്‍പ്പെട്ടത്. എല്‍എല്‍സി സ്വെസ്ദ ഷിപ്പ് ബില്‍ഡിംഗ് കോംപ്ലക്സ് ജനറല്‍ ഡയറക്ടര്‍ ടെസ്ലുകോ സെര്‍ഗേ ഇവാനോവിച്ചും ക്രാസ്നി ഡിഫന്‍സ് ടെക്നോളജീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റിട്ട. കമാന്‍ഡര്‍ ഡോ. വി.ജി. ജയപ്രകാശനുമാണ് കരാറില്‍ ഒപ്പുവച്ചത്. ചൈനീസ് കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരം മറികടന്നാണ് ക്രാസ്നി ഡിഫന്‍സ് കരാര്‍ നേടിയത്. 


    പദ്ധതി നടത്തിപ്പിനായി ബോള്‍ഷോയ് കാമെനിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ 'ക്രാസ്നി കാമെന്‍ എല്‍എല്‍സി' പ്രവര്‍ത്തിക്കും. ക്രാസ്നി ഡിഫന്‍സിന് സ്വെസ്ദയുമായി നിലവില്‍ നിരവധി പദ്ധതികളില്‍ പങ്കാളിത്തമുണ്ട്.


    പ്രതിരോധ മേഖലയിലെ പ്രമുഖ എസ്എംഇ കമ്പനിയായ ക്രാസ്നി ഇന്ത്യന്‍ നാവികസേനയുടെ റഷ്യന്‍ നിര്‍മ്മിത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലനം, ഇറക്കുമതി തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിര്‍വ്വഹിക്കുന്നത്. പുതിയ കപ്പലുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നതിനൊപ്പം കോസ്റ്റ്ഗാര്‍ഡ് കപ്പലുകളുടെ പ്രവൃത്തിയിലും ക്രാസ്നിയുടെ സാന്നിധ്യമുണ്ട്. 


    പത്തനംതിട്ടക്കാരനായ റിട്ട. കമാന്‍ഡര്‍ ഡോ. വി.ജി. ജയപ്രകാശന്‍ സ്ഥാപിച്ച ക്രാസ്നിക്ക് റഷ്യന്‍ സൈനിക വ്യവസായവുമായി മൂന്ന് പതിറ്റാണ്ടിന്‍റെ ബന്ധമാണുള്ളത്. ഇന്തോ-റഷ്യന്‍ സൈനിക സാങ്കേതിക സഹകരണത്തില്‍ സ്വകാര്യ മേഖലയിലെ മുന്‍നിര കമ്പനി എന്ന ബഹുമതിയുള്ള ക്രാസ്നി റഷ്യന്‍ സൈനിക സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന 'മേക്ക് ഇന്‍ ഇന്ത്യ' പരിപാടിയുടെയും ഭാഗമാണ്.


    റഷ്യയിലെ ഏറ്റവും വലിയ കപ്പല്‍ശാലയായ സ്വെസ്ദയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത് അഭിമാനകരമാണെന്ന് റിട്ട. കമാന്‍ഡര്‍ ഡോ. വി.ജി. ജയപ്രകാശന്‍ പറഞ്ഞു. ഈ പങ്കാളിത്തം ദീര്‍ഘകാലം മുന്നോട്ടുപോകാനാണ് ക്രാസ്നി ആഗ്രഹിക്കുന്നത്. കപ്പല്‍നിര്‍മ്മാണത്തിലും മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങളിലുമുള്ള കമ്പനിയുടെ പങ്കാളിത്തം ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Photo Gallery

+
Content