അഞ്ച് കോടി രൂപയുടെ സമ്പൂര്‍ണ്ണ മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍

Kochi / December 15, 2023

കൊച്ചി:  മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ആയിരത്തില്‍പ്പരം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്കായി സമ്പൂര്‍ണ്ണവും, സമഗ്രവുമായ കന്നുകാലി ഇന്‍ഷൂറന്‍സും മൃഗസംരക്ഷണ പദ്ധതികളും നടപ്പാക്കുമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ അറിയിച്ചു.

ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം സബ്സിഡി, മൃഗഡോക്ടറുടെ സേവനം, മിനറല്‍ മിക്സ് വിതരണം, വാട്സാപ്പ് വഴിയുള്ള ടെലിമെഡിസിന്‍ എന്നിവയ്ക്കായി അഞ്ച് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ക്ഷീര സഹകരണ പ്രസ്ഥാനം ഇത്രയും വിപുലമായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നത്. ഡോക്ടര്‍മാര്‍ വീടുകളില്‍ വന്ന് കന്നുകാലികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും, ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.  ഇന്‍ഷ്വര്‍ ചെയ്യുന്ന കര്‍ഷകന്‍റെ ആദ്യത്തെ ഉരുവിന് 300 രൂപയും, പിന്നീട് ഓരോ ഉരുവിനും  100 രൂപ വീതവും എന്ന നിലയിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഉരു ഒന്നിന് 500 രൂപ നിരക്കില്‍ ഒരു കര്‍ഷകന്‍റെ നാല് ഉരുക്കള്‍ക്ക് വരെ യൂണിയന്‍ പ്രീമിയം സബ്സിഡി നല്‍കുന്നു. കാലികള്‍ മരണപ്പെടുകയോ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ഇന്‍ഷ്വര്‍ ചെയ്യുന്ന എല്ലാ പശുക്കള്‍ക്കും എന്‍ഡിഡിബിയുടെ സഹായത്തോടു കൂടി ഏകദേശം  500 രൂപ വിലവരുന്ന മിനറല്‍ മിക്സ്ച്ചര്‍ സൗജന്യമായും നല്‍കുമെന്നും ജയന്‍ അറിയിച്ചു.


മില്‍മയുടെ ഡോക്ടര്‍മാര്‍ ക്ഷീര സഹകരണസംഘങ്ങളിലെത്തി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കര്‍ഷകരെ ഏറ്റവും പ്രതിസന്ധിയിലാക്കുന്ന കന്നുകാലികളിലെ വന്ധ്യതാ നിവാരണ ചികിത്സയുള്‍പ്പെടെ ഈ ക്യാമ്പിലൂടെ നല്‍കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത പശുക്കള്‍ മരണപ്പെടുമ്പോള്‍ മേഖലാ യൂണിയന്‍ ആശ്വാസ സഹായമായി 15000 രൂപ കര്‍ഷകര്‍ക്ക് നല്‍കിവരുന്നുണ്ട്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് വരുന്ന സാമ്പത്തിക നഷ്ടത്തിന്‍റെ ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ. അതിനാലാണ് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് എന്ന ആശയം ഉയര്‍ന്നു വന്നതെന്നും ജയന്‍ ചൂണ്ടിക്കാട്ടി.

കന്നുകാലികളുടെ ഗുരുതരമല്ലാത്ത രോഗങ്ങള്‍ ക്ഷീരസഹകരണ സംഘം സെക്രട്ടറി വഴി ഡോക്ടര്‍മാരെ അറിയിച്ചാല്‍ നല്‍കേണ്ട മരുന്നുകളുടെ വിവരം വാട്സപ്പില്‍ ലഭ്യമാക്കുന്ന ടെലിമെഡിസിന്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. വളരെ ലളിതമായ രീതിയില്‍ ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇതിലൂടെ കഴിയും. ഈ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ദേശീയ ക്ഷീരദിനത്തില്‍ നടത്തുകയും സംഘങ്ങളില്‍ ഇവ ആരംഭിച്ചതായും എം ടി ജയന്‍ അറിയിച്ചു.

Photo Gallery