യുഎന്‍ സമ്മേളനത്തില്‍ പുതിയ ഉത്പന്നമായ ഒബീലിയ അവതരിപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

Kochi / December 14, 2023

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ദുബായിയില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കൂട്ടായ്മയായ കോപ്- 28 അന്താരാഷ്ട്ര സമ്മേളനത്തില്‍ പുതിയ ഉത്പന്നമായ ഒബീലിയ അവതരിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള സാറാ ബയോടെക്. ആഗോളതലത്തില്‍ പങ്കെടുത്ത 22 സ്റ്റാര്‍ട്ടപ്പുകളില്‍ ഈ സമ്മേളനത്തില്‍ അവതരണം നടത്താന്‍ അവസരം ലഭിച്ച ഏക ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് വിദ്യാര്‍ഥി സംരംഭമായ സാറാ ബയോടെക്.

സീവീഡ് സാങ്കേതികവിദ്യയിലൂടെ കടല്‍പായലുകള്‍ വഴി അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുത്ത് വളരുന്ന ആല്‍ഗകള്‍ ഉപയോഗിച്ച് ബിസ്ക്കറ്റ് നിര്‍മ്മിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഏറെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ ഉത്പന്നം വളരെ കുറഞ്ഞ അളവില്‍ മാത്രം കഴിച്ചാല്‍ മതിയാകുമെന്നതിനാല്‍ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഏറെ ഗുണകരമാണെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ നജീബ് ബിന്‍ ഹനീഫ് പറഞ്ഞു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നത് കൂടുതലും മരങ്ങളാണ്. എന്നാല്‍ നാഗരിക അന്തരീക്ഷത്തില്‍ വനവത്കരണത്തിന് ഏറെ പരിമിതികളുണ്ടെന്ന് നജീബ് ചൂണ്ടിക്കാട്ടി. അതിനാല്‍ മരങ്ങള്‍ക്ക് സമാനമായ രീതിയില്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്ന ആല്‍ഗകളുള്ള ടാങ്ക് വയ്ക്കുന്നതിലൂടെ ഇത് പരിഹരിക്കാനാകും. നാല് ടാങ്കുകള്‍ ഒരു വലിയ വൃക്ഷത്തിന്‍റെ ഫലം ചെയ്യുമെന്ന് നജീബ് പറഞ്ഞു.

ഈ നൂതന ഉത്പന്നത്തിന് കോപ്-28 ല്‍ ഏറെ പ്രശംസ ലഭിച്ചു. ദുബായ് ഭരണകൂടം ഉള്‍പ്പെടെ ഇതിന്‍റെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച കാലാവസ്ഥയുള്ളത് ഗള്‍ഫ് രാജ്യങ്ങളിലായതിനാല്‍ ഇതിന് സാധ്യതയേറെയാണ്.
തൃശൂരിലെ സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍റര്‍ വഴിയാണ് ഇവര്‍ സംരംഭകത്വത്തിലേക്ക് കടന്നത്. കളമശേരിയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓഫീസിലും ഡി-കാര്‍ബണൈസിംഗ് ടാങ്ക് ഇവര്‍ ഘടിപ്പിച്ചിട്ടുണ്ട്.

 പുതിയ ഉത്പന്നമായ ഒബീലിയയുടെ ഡിസൈനും നിര്‍മ്മാണവും പൂര്‍ണമായും കെഎസ് യുഎമ്മിന് കീഴിലുള്ള ഫാബ് ലാബ് കേരളയിലാണ് നടത്തിയത്. സുസ്ഥിര വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ ഇതിന്‍റെ നിര്‍മ്മാണം നടത്തണമെന്ന തീരുമാനത്തില്‍ പുനരുപയോഗിച്ച 140 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയത്. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്(ഐഒടി) ഉപയോഗിച്ചുള്ള ഇലക്ട്രോണിക് മൊഡ്യൂളും ഫാബ് ലാബാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ഒബീലിയയുടെ പാരിസ്ഥിതിക പ്രാധാന്യം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഇതിന്‍റെ രൂപകല്‍പന നടത്തിയതെന്ന് ഫാബ് ലാബ് കേരള പ്രൊജക്ട് ഡയറക്ടര്‍ കാര്‍ത്തിക് പരശുരാമന്‍ പറഞ്ഞു. ഇതിന്‍റെ വെളിച്ചത്തിലാണ് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കെന്ന ആശയത്തിലേക്കെത്തിയത്. ബെംഗളുരുവിലെ സ്റ്റീയര്‍ എന്‍ജിനീയറിംഗില്‍ നിന്നാണ് പ്ലാസ്റ്റിക് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ബീ ലൈറ്റ് എന്ന ബ്രാന്‍ഡില്‍ നേരത്തെ തന്നെ ആല്‍ഗകള്‍ ഉപയോഗിച്ചുള്ള ബിസ്ക്കറ്റ് സാറാ ടെക്നോളജീസ് വിപണിയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചര്‍ റിസര്‍ച്ച്-സെന്‍റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജീസ് (ഐസിഎആര്‍-സിഐഎഫ്ടി) യുമായി സഹകരിച്ചാണ് സാറാ ബയോടെക് ഈ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്.

Photo Gallery

+
Content
+
Content
+
Content