സോഫ്റ്റ് വെയര്‍, ഹാർഡ് വെയര്‍ മേഖലയിലെ സൗജന്യ പഠനകേന്ദ്രമായ ടിങ്കര്‍സ്പേസ് ഒന്നാം വാര്‍ഷികത്തിലേക്ക്

Kochi / December 14, 2023

കൊച്ചി:സോഫ്റ്റ്  വെയര്‍, ഹാർഡ് വെയര്‍ മേഖലകളില്‍ താത്പര്യമുള്ള ആര്‍ക്കും ഇതെക്കുറിച്ച് സൗജന്യമായി അറിയാനും പഠിക്കാനും അവസരമൊരുക്കുന്ന സാമൂഹ്യസംരംഭമായ ടിങ്കര്‍സ്പേസ് ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുന്നു. ഇതിനോടനുബന്ധിച്ച് കളമശേരിയിലെ ടിങ്കര്‍സ്പേസ് കാമ്പസില്‍ ഈ മാസം 17 ന് സ്പേസ് കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്.

കോഡിംഗ്, ഹാര്‍ഡ് വെയര്‍, ചാറ്റ് ജിപിറ്റി, നിര്‍മ്മിത ബുദ്ധി തുടങ്ങി ആധുനിക സാങ്കേതികവിദ്യയെക്കുറിച്ച് അറിയാനും പഠിക്കാനും താത്പര്യമുള്ള ആര്‍ക്കും സൗജന്യമായി സ്പേസ് കാര്‍ണിവലില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി https://www.tinkerhub.org/tinkerspace/spacecarnival എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത എന്തു തന്നെയായാലും സാങ്കേതിക അഭിരുചിയും ഇതെക്കുറിച്ച് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്കും പഠിക്കാനുതകുന്ന സാങ്കേതിത സാമൂഹ്യ വേദിയാണ് ടിങ്കര്‍സ്പേസ്. സാങ്കേതികപഠനത്തിലെ സൗജന്യ വായനശാലയെന്ന് ഇതിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ഒരു വര്‍ഷം ടിങ്കര്‍സ്പേസ് നടത്തിയ പ്രവര്‍ത്തനങ്ങളെ കാണിക്കുന്നതിനോടൊപ്പം വിദഗ്ധരുമായുള്ള ആശയവിനിമയം, സാങ്കേതികമേഖലയിലെ സംശയനിവാരണം, ചോദ്യോത്തരവേള തുടങ്ങി വിവിധ സെഷനുകളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. സമാഗത ഫൗണ്ടേഷനും ഫോസ് യുണൈറ്റഡുമാണ് ഇതിന് സഹായം നല്‍കിയിട്ടുള്ളത്.

ഇവിടെ പഠിക്കുന്നവര്‍ തന്നെ സ്വന്തമായി കൂട്ടായ്മയുണ്ടാക്കി പരസ്പരം വിജ്ഞാനം പങ്കുവയ്ക്കുന്ന കമ്മ്യൂണിറ്റി ലേണിംഗാണ് ടിങ്കര്‍ സ്പേസിന്‍റെ രീതി. വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികള്‍ നടത്തുന്ന സംശയനിവാരണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം നടന്ന 130 ഓളം പരിപാടികളില്‍ 3000 ഓളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് ടിങ്കര്‍സ്പേസിന്‍റെ സഹസ്ഥാപകനും സിഇഒയുമായ മൂസ മെഹര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ സാങ്കേതികമേഖലയിലെ തത്പര കക്ഷികളുടെ ഒത്തു ചേരുന്നയിടമാണ് ടിങ്കര്‍സ്പേസ്. മികച്ച സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്സ് മേക്കര്‍ സ്റ്റേഷന്‍, ത്രിഡി പ്രിന്‍റര്‍, എആര്‍ വിആര്‍ ടൂളുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ സൗജന്യമായി ഉപയോഗിക്കാവുന്ന ജിപിയു എന്നിവ ഒരുക്കിയിട്ടുണ്ട്.

Photo Gallery