ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കും- മന്ത്രി ജെ ചിഞ്ചു റാണി

KFL
Thrissur / May 27, 2022

തൃശൂര്‍: പാലിന്‍റെ വില വര്‍ധിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ വിവിധ വകുപ്പുകളുടെ സാമ്പത്തിക സഹായം ഏകോപിപ്പിച്ച് ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവനും സബ്സിഡി നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് തൃശൂരില്‍ സംഘടിപ്പിച്ച 'കാലിത്തീറ്റ: ഗുണമേന്മയും വിലക്കുറവും ലഭ്യതയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിലവിലെ അവസ്ഥയില്‍ രാജ്യത്ത് ക്ഷീരകര്‍ഷര്‍ക്ക് പാലിന് ഏറ്റവുമധികം വില ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ നിലയ്ക്ക് പാലിന് വിലകൂട്ടിയാല്‍ അന്യസംസ്ഥാനത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ കൊണ്ടു വന്ന് വില്‍ക്കുന്ന അവസ്ഥയുണ്ടാകും. നിലവിലെ പരിപാലനച്ചെലവ് കണക്കിലെടുത്താല്‍ ഇന്ന് പാലിന് ലഭിക്കുന്ന തുക മതിയാവില്ലെന്ന ബോധ്യവും സര്‍ക്കാരിനുണ്ട്.     ഇതിനായി ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളും മില്‍മ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയും ക്ഷീരമേഖലയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം ഏകോപിപ്പിച്ച് കര്‍ഷകന് സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സബ്സിഡി ക്ഷീരകര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന രീതിയാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാലിത്തീറ്റ നിര്‍മ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ ചോളത്തിന്‍റെ ലഭ്യതക്കുറവ് കേരള ഫീഡ്സിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് മറികടക്കാന്‍ കേരളത്തില്‍ ചോളക്കൃഷി വ്യാപകമാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. എത്ര ഉത്പാദിപ്പിച്ചാലും അത് സംഭരിക്കാന്‍ തയ്യാറാണെന്ന് കേരള ഫീഡ്സ് അറിയിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള ചോളക്കൃഷി നടത്തുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അതിന്‍റെ സാധ്യതകള്‍ ആരായാനും രാജ്യത്തെ മികച്ച ചോള ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള വനിത ക്യാറ്റില്‍ കെയര്‍ ജീവനക്കാര്‍ക്ക് അധികവരുമാനമെന്ന നിലയില്‍ അവര്‍ സന്ദര്‍ശിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കേരള ഫീഡ്സിന്‍റെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള അവസരവും ഒരുക്കിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വിപണനത്തിന് സൗജന്യപരിശീലനം കേരള ഫീഡ്സ് തന്നെ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകര്‍ഷര്‍ക്ക് പശുവൊന്നിന് 20,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പ ലഭിക്കും. മാസം തോറും പലിശ മാത്രം കര്‍ഷകര്‍ അടച്ചാല്‍ മതിയാകും. ഈടില്ലാതെ ലഭിക്കുന്ന ഈ വായ്പ വര്‍ഷം തോറും പുതുക്കി വയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ്, എല്ലാ ജില്ലകളിലും ഓപ്പറേഷന്‍ തിയേറ്റര്‍, എക്സ്റേ സംവിധാനം എന്നിവയുള്ള ടെലി വെറ്റിനറി യൂണിറ്റുകള്‍ നിലവില്‍ വരും. പശുക്കളുടെ സമഗ്രമായ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്ന നാനോചിപ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പത്തനംതിട്ടജില്ലയില്‍ നടപ്പാക്കുമെന്നും ജെ ചിഞ്ചു റാണി പറഞ്ഞു.

കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത സാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടുന്നതിനാല്‍ കേരളഫീഡ്സിന്‍റെ സാമ്പത്തിക ഭദ്രത വെല്ലുവിളി നേരിടുകയാണെന്ന് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സഹായനടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തവെ ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

ഗുണമേന്മയുള്ള കാലിത്തീറ്റ വിപണിവിലയേക്കാള്‍ 160 രൂപ കുറവില്‍ കര്‍ഷകര്‍ക്ക് എത്തിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. നേരിട്ട് ക്ഷീരകര്‍ഷകരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരെന്ന് നിലയില്‍ ഫോഡര്‍ പ്രമോട്ടര്‍മാര്‍, വനിത ക്യാറ്റില്‍ കെയര്‍ ജീവനക്കാര്‍ എന്നിവരെക്കൂടി ഇതിന്‍റെ വിപണനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ജോ. ഡയറക്ടര്‍ റാഫി പോള്‍ സംസാരിച്ചു. കേരള ഫീഡ്സിന്‍റെ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിശദീകരണം മാര്‍ക്കറ്റിംഗ് മാനേജര്‍ ജയചന്ദ്രന്‍ ബി, ഡെ. മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈന്‍ എസ് ബാബു എന്നിവര്‍ നടത്തി. ഗുണമേന്മയെക്കുറിച്ചുള്ള ക്ലാസ് കേരള ഫീഡ്സ് ഗുണമേന്മാ വിഭാഗം അസി. മാനേജര്‍ ഡോ. അനുരാജ് കെ എസ് നയിച്ചു. വിപണന തന്ത്രത്തെക്കുറിച്ച് ടാലന്‍റ്സ് എച് ആര്‍ സൊല്യൂഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിധിന്‍ കൃഷ്ണ നടത്തി.

ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ഫോഡര്‍ പ്രമോട്ടര്‍മാര്‍, വനിത ക്യാറ്റില്‍ കെയര്‍ ജീവനക്കാര്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്തത്. 

Photo Gallery

+
Content