മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ കുഴിച്ച് മൂടിയാലോ തത്സമയ പിഴ 5000 രൂപ

നിയമത്തില്‍ ഭേദഗതി വരുത്തി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി
Trivandrum / December 11, 2023

തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും സര്‍ക്കാര്‍ നടപടികളും കൂടുതല്‍ കാര്യക്ഷമവും കര്‍ശനവുമാക്കുന്നതിന് മുനിസിപ്പാലിറ്റി, പഞ്ചായത്തി രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താല്‍ ഒരു വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ശനിയാഴ്ച പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
മാലിന്യ മുക്തം ക്യാമ്പയിന്‍റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിച്ച ഒരു പ്രധാന കാര്യമായിരുന്നു പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്.

2023-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2023-ലെ കേരള മുനിസിപാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സുകളിലൂടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രധാനമായ മാറ്റങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വ്യാപകമായ അധികാരങ്ങള്‍ നല്‍കി എന്നതാണ്. ഇതു പ്രകാരം മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ആക്കിയിട്ടുണ്ട്. തെറ്റായ പ്രവൃത്തി ചെയ്യുന്നതില്‍ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നതിന് അതിനനുസരിച്ചുള്ള ഗൗരവമേറിയ പിഴ ഈടാക്കേണ്ടതാണെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.

മാലിന്യം  കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം അവരുടെ മേല്‍ ചുമത്താവുന്ന പിഴയുടെ തോത് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശ്ശിക പോലെ ഈടാക്കേണ്ടതാണ്.

മാലിന്യമുക്ത കേരളം കാമ്പയിന്‍റെ ഭാഗമായി സ്വീകരിച്ച ഒരു സുപ്രധാന ചുവടു വയ്പ്പാണ് പുതിയ നിയമ ഭേദഗതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ് പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ കൂടുതല്‍ പിഴ ചുമത്തുന്നതിന് ഈ നിയമ ഭേദഗതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്‍റെ സുസ്ഥിര ഭാവി ശക്തിപ്പെടുത്തുന്നതിനായി പാരിസ്ഥിതിക പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് തടയിടാന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെയുള്ള പിഴ കനത്തതായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചുമതലകള്‍ പൂര്‍ണമായും സെക്രട്ടറിയില്‍ നിക്ഷിപ്തമാണെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കി. ശിക്ഷാനടപടികള്‍ എടുക്കാനും നടപ്പിലാക്കാനുമുള്ള സെക്രട്ടറിയുടെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. പഴയ നിയമം അനുസരിച്ച് ഇത്തരം വിഷയങ്ങളില്‍ സെക്രട്ടറിക്ക് എടുക്കാവുന്ന നടപടികളില്‍ പരിമിതി ഉണ്ടായിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം നോട്ടീസ് കൊടുത്ത്, കുറ്റാരോപിതനായ വ്യക്തിയെ കേട്ട ശേഷം പിഴ ചുമത്താനുള്ള അധികാരവും ഓര്‍ഡിനന്‍സി വഴി സെക്രട്ടറിക്ക് നല്‍കി.
ഏതെങ്കിലും മാലിന്യ ഉത്പാദകന്‍ യൂസര്‍ ഫീ നല്‍കുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍, പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കാവുന്നതാണെന്ന് ഓര്‍ഡിനന്‍സില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 90 ദിവസത്തിനു ശേഷവും തുക നല്‍കാത്ത പക്ഷം മാത്രമേ അത് ഈടാക്കാന്‍ പാടുള്ളൂ. കൂടാതെ യൂസര്‍ ഫീ  അടയ്ക്കാത്ത വ്യക്തിക്ക് അത് അടയ്ക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഏതൊരു സേവനവും സെക്രട്ടറിക്ക് നിരസിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉചിതം എന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസര്‍ ഫീയില്‍ നിന്നും ഒഴിവാക്കാം.

മാലിന്യ സംസ്കരണത്തിന് വേണ്ട നടപടികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ ചുമതലകള്‍ ഏല്‍പ്പിക്കുന്നതിനും സെക്രട്ടറിക്ക് അധികാരം നല്‍കി. പ്രസിഡന്‍റിന്‍റെ അറിവോടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ബന്ധപ്പെട്ട ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത തുക ചിലവാക്കാനുമുള്ള  അധികാരം ഭേദഗതിയിലൂടെ സെക്രട്ടറിക്ക് നല്‍കി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കേണ്ട പൂര്‍ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനം എടുക്കാത്ത പക്ഷം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അനുമതി അംഗീകരിച്ചതായോ നല്‍കിയതായോ കരുതപ്പെടുന്നതാണ്. നിര്‍ദേശങ്ങള്‍ കൈക്കൊള്ളാത്ത പക്ഷം സര്‍ക്കാരിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍മേല്‍ പിഴ ചുമത്താനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം ഭൂമിയോ, അല്ലെങ്കില്‍ സ്വകാര്യ ഭൂമിയോ കണ്ടെത്തുന്നതിനു മുന്‍ഗണന നല്‍കേണ്ടതാണ്. ആവശ്യമെങ്കില്‍ നിലവിലുള്ള നിയമമനുസരിച്ച് സ്വകാര്യ ഭൂമി ഏറ്റെടുക്കാവുന്നതാണ്.

സംസ്ഥാനത്ത് അനേകം ആളുകള്‍ ഒത്തുചേരുന്ന യോഗങ്ങളും, പരിപാടികളും കൂടി വരികയാണ്. ഇത് കണക്കിലെടുത്ത് കൊണ്ട് 100-ല്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ (ലൈസന്‍സ് ഇല്ലാത്ത സ്ഥലത്ത് നടത്തുന്നതിന്) മൂന്ന് ദിവസം മുന്‍പെങ്കിലും ഗ്രാമ പഞ്ചായത്തില്‍ അറിയിക്കണം. ഇവിടുത്തെ മാലിന്യം തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന ഫീസ് നല്‍കി ചുമതലപ്പെടുത്തിയിട്ടുള്ള മാലിന്യം ശേഖരിക്കുന്നവര്‍ക്കോ ഏജന്‍സികള്‍ക്കോ കൈമാറേണ്ടതുമാണ് എന്നും ഭേദഗതിയില്‍ പറയുന്നു.

മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് നികുതി ഒഴിവാക്കല്‍ ഇളവുകള്‍, ക്ഷേമ പദ്ധതികള്‍ മുതലായ പ്രോത്സാഹനങ്ങള്‍ തദ്ദേശ സ്ഥാപനത്തിന് നല്‍കാം.

മാലിന്യ സംസ്കരണ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴത്തുക, മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച സിഎസ്ആര്‍ സംഭാവനകള്‍, സ്പോണ്‍സര്‍ഷിപ്പ് തുകകള്‍, മറ്റേതെങ്കിലും സംഭാവനകള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും തുകകള്‍ എന്നിവ പ്രത്യേക ഫണ്ടിലേക്ക് നിക്ഷേപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള ഈ ഫണ്ട് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും, കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും പൊതുജനത്തെ കൂടുതല്‍ ബോധവാന്‍മാരും പങ്കാളികളുമാക്കുന്നതിനായി വ്യവസ്ഥ കൊണ്ട് വന്നു. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി സെക്രട്ടറിയെ രേഖാമൂലം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

കടകളുടെ ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം, ഉപഭോക്താക്കള്‍ മാലിന്യം വലിച്ചെറിയല്‍, തീയിടല്‍ എന്നിവ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും കടയുടമയുടെയും കൈവശക്കാരുടെയും ഉത്തരവാദിത്തമാക്കി. മാലിന്യമോ വിസ്സര്‍ജ്ജ്യവസ്തുക്കളോ തെറ്റായ രീതിയില്‍ കൈയ്യൊഴിയുന്നതിനായി കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനു വേണ്ട നടപടികള്‍ ഓര്‍ഡിനന്‍സില്‍ കൊണ്ട് വന്നിട്ടുണ്ട്.

 

Photo Gallery