കേശവ് മാലിക്ക് ജന്മശതാബ്ദി-  ഐസ്കള്‍പ്റ്റ് പ്രദര്‍ശനവുമായി ശില്‍പികള്‍

New Delhi / December 8, 2023

 

ന്യൂഡല്‍ഹി: വിഖ്യാത കലാഗവേഷകനായ കേശവ് മാലിക്കിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടത്തിയ കലാപ്രദര്‍ശനം അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയായി. ഐ സ്കള്‍പ്റ്റ് എന്ന പ്രദര്‍ശനത്തില്‍ 24 ആധുനിക ശില്‍പങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 


    കവി, സാഹിത്യകാരന്‍, ക്യൂറേറ്റര്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്ന കേശവ് മാലിക്കിന്‍റെ എഴുത്തില്‍ പെയിന്‍റിംഗുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ കലാരുചികളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഇഷ്ടമാണ് ശില്‍പങ്ങളോടുണ്ടായിരുന്നത്. 


    കേശവ് മാലിക് സ്ഥാപിച്ച ഡല്‍ഹി ആര്‍ട്സ് സൊസൈറ്റിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഡിസംബര്‍ ഏഴ് മുതല്‍ 21 വരെ നടക്കുന്ന പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത് കലാചരിത്രകാരിയായ ഉമാ നായരാണ്. കുട്ടനാട്ടിലെ ചമ്പക്കുളത്ത് ബാല്യം ചെലവഴിച്ച ഉമാനായര്‍ ഡല്‍ഹിയില്‍ സ്കൂള്‍ അധ്യാപികയായിരുന്നു. സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി ഉഷാ മാലിക് ചടങ്ങിന് തുടക്കമായി വിളക്ക് കൊളുത്തിയപ്പോള്‍ പ്രശസ്ത കോസ്മെറ്റോളജിസ്റ്റ് സിമാല്‍ സോയിന്‍, ഫാഷന്‍ ഡിസൈനര്‍ റിതു ബെരി എന്നിവര്‍ പ്രദര്‍ശനത്തിന്‍റെ പ്രഖ്യാപനം നടത്തി. ഡല്‍ഹി ആര്‍ട്സ് സൊസൈറ്റി പ്രസിഡന്‍റ് നീരജ് ഗുപ്ത, ഐഐസി പ്രസിഡന്‍റും ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലായിരുന്ന കെ എന്‍ ശ്രീവാസ്തവ എന്നിവര്‍ സംസാരിച്ചു.


    കേശവ് മാലിക്കിന് ഏറെ ഇഷ്ടപ്പെട്ട ഏഴ് ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. മനോജ് അറോറയാണ് ഇതൊരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 11 മണി മൂതല്‍ 7 മണി വരെ ഐസ്കള്‍പ്റ്റ് പ്രദര്‍ശനം സൗജന്യമായി പൊതുജനങ്ങള്‍ക്ക് കാണാം.
    പരിചയസമ്പന്നരും തുടക്കക്കാരുടെയും പ്രദര്‍ശനം ഐ സ്കള്‍പ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്യൂറേറ്റര്‍ ഉമാ നായര്‍ പറഞ്ഞു. കേശവ് മാലിക്കിന്‍റെ ജന്മശതാബ്ദി ആഘോഷിക്കേണ്ടത് കലാലോകത്തിന്‍റെ ആവശ്യമാണ്. ഐഐസിയില്‍ ശില്‍പ പ്രദര്‍ശനം നടത്തണമെന്ന പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ എംജികെ മേനോന്‍റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നുമുള്ള കലാകാരډാര്‍ ഐസ്കള്‍പ്റ്റിന്‍റെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


    ഗീതാ ചന്ദ്രന്‍ അവതരിപ്പിച്ച ഭരതനാട്യം ചടങ്ങിന് മാറ്റുകൂട്ടി. കര്‍ണാടക-ഹിന്ദുസ്ഥാനി സംഗീതങ്ങളുടെ രാഗസാദൃശ്യം അവതരിപ്പിച്ച നൃത്തം ഏവരെയും ആകര്‍ഷിച്ചു. കേശവ് മാലിക്കുമായുള്ള ഓര്‍മ്മകള്‍ നീരജ് ഗുപ്ത പങ്ക് വച്ചു.
    നീരജ് ഗുപ്തയെക്കൂടാതെ അമര്‍ നാഥ് ഷെഗല്‍, സതീഷ് ഗുപ്ത, ഹിമ്മത് ഷാ, സോണിയ സരീന്‍, അന്തരിച്ച റിനി ധുമല്‍, ജി രഘു, അരുണ്‍ പണ്ഡിറ്റ്, ബിമന്‍ ദാസ്, ധനഞ്ജയ് സിംഗ്, ഹര്‍ഷ ദുരുഗഡ്ഡ, എസ് ഡി ഹരിപ്രസാദ്, പ്രമോദ് മാന്‍, രാജേഷ് റാം, നിമേഷ് പിള്ള, ഫണീന്ദ്രനാഥ് ചതുര്‍വേദി, മുസാഫിര്‍ അലി, എന്‍ എസ് റാണ, അന്‍കോന്‍ മിത്ര, വിപുല്‍ കുമാര്‍, സതീഷ് ഗുജ്റാള്‍, രാം കുമാര്‍ മന്ന, ഭോല കുമാര്‍ എന്നിവരുടെ ശില്‍പങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മരം, കല്ല്, ലോഹം, കളിമണ്ണ് എന്നിവ കൊണ്ടുള്ളതാണ് ശില്‍പങ്ങള്‍. 


    ഐസ്കള്‍പ്റ്റിന്‍റെ കാറ്റലോഗ് കവിയും തത്വചിന്തകനുമായ ഡോ. കരണ്‍ സിംഗ് പുറത്തിറക്കും. ഉമാ നായരും മുകേഷ് ശര്‍മ്മയും ചേര്‍ന്നാണ് 60 പേജിലുള്ള കാറ്റലോഗ് തയ്യാറാക്കിയിട്ടുള്ളത്. തരുണ്‍ ഖന്നയാണ് ഇത് സ്പോണ്‍സര്‍ ചെയ്തിട്ടുള്ളത്. 
    രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ കലാപ്രദര്‍ശനങ്ങള്‍ കേശവ് മാലിക് ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. ലളിത കലാ അക്കാദമി, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Photo Gallery

+
Content
+
Content
+
Content