ലഹരിക്കെതിരെ ഒറ്റക്കെട്ടായി കേരളത്തിലെ ഐടി ലോകം

Kochi / December 8, 2023

കൊച്ചി: മയക്ക് മരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ അപകടകരമാം വിധം വര്‍ധിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഐടി ലോകം ഇതിനെതിരെ ശക്തമായ സന്ദേശവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്(ജിടെക്) ലഹരിക്കെതിരെ നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന മോബ് ഡാന്‍സ് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു.

ഇന്‍ഫോ പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള ആയിരത്തിലധികം പ്രൊഫഷണലുകളും സിഇഒമാരും ഇതില്‍ പങ്കെടുത്തു. ബൈക്ക് റാലി, തത്സമയ ബാന്‍ഡ് എന്നിവയ്ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലഹരി-മയക്കുമരുന്ന് ഉപയോഗത്തില്‍ നാല് മടങ്ങ് വര്‍ധനയുണ്ടായതായി ഉമ തോമസ് ചൂണ്ടിക്കാട്ടി. സമൂഹത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നതെന്ന വസ്തുത മനസിലാക്കി എല്ലാവരും ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ പോരാടണമെന്നും അവര്‍ ആഹ്വാനം ചെയ്തു. നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ് എന്നതാകണം മുദ്രാവാക്യം. ഇവിടെ കൂടിയിരിക്കുന്ന ജനക്കൂട്ടം പ്രതീക്ഷ നല്‍കുന്നതാണ്. ഇത്തരം പ്രചാരണ പരിപാടികള്‍ ബഹുജന മുന്നേറ്റമാക്കി മാറ്റിക്കൊണ്ട് കേരളത്തെ ലഹരിവിമുക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഐടി പ്രൊഫഷണലുകളില്‍ 80 ശതമാനത്തോളം പേരും ജിടെക് സംഘടനയുടെ ഭാഗമാണ്. ഒന്നരലക്ഷത്തിലധികം അംഗങ്ങളാണ് ഇതിലുള്ളത്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍റ്, ഐബിഎസ് സോഫ്റ്റ് വെയേഴ്സ്, യുഎസ്ടി, ഇ വൈ, ടാറ്റ എല്‍എക്സി തുടങ്ങിയവ ജിടെക് അംഗങ്ങളാണ്.

ലഹരിക്കെതിരായ പ്രചാരണത്തിന്‍റെ സമാപനം 2024 ഫെബ്രുവരി 11 ഞായറാഴ്ച വമ്പിച്ച മാരത്തോണ്‍ പരിപാടിയോടെ നടക്കും. 5000 ലധികം പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മാരത്തോണാകും ഇതെന്നാണ് കണക്കുകൂട്ടുന്നത്. www.gtechmarathon.com എന്ന വെബ്സൈറ്റിലൂടെ മാരത്തോണിന് രജിസ്റ്റര്‍ ചെയ്യാം.

Photo Gallery

+
Content