സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സയന്‍സ് ഔട്ട്റീച്ച് പരിപാടി സംഘടിപ്പിച്ചു

ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്‍റെ മുന്നോടിയായുള്ള പരിപാടി
Trivandrum / December 6, 2023

തിരുവനന്തപുരം:  സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) തിരുവനന്തപുരം സ്വദേശി സയന്‍സ് മൂവ്മെന്‍റ് കേരളയുമായി (വിജ്ഞാന ഭാരതിയുടെ കേരള ചാപ്റ്റര്‍) സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്‍റെ മുന്നോടിയായുള്ള സയന്‍സ് ഔട്ട്റീച്ച് പരിപാടി സംഘടിപ്പിച്ചു.


ജനുവരി 17 മുതല്‍ 20 വരെ ഫരീദാബാദിലെ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും റീജിയണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലുമായാണ് ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ 2023 (ഐഐഎസ്എഫ് 2023) ന്‍റെ ഒന്‍പതാം പതിപ്പ് നടക്കുക.

രാജ്യത്തിന്‍റെ പുരോഗതിയില്‍ സഹായിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മഹത്തായ സംഭാവനകളെക്കുറിച്ച് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സിഎസ്ഐആര്‍- എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

വിജ്ഞാന ഭാരതിയുടെ ദക്ഷിണ മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ഗ രവീന്ദ്രനാഥ് ഐഐഎസ്എഫ്  2023 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. സയന്‍സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള സ്പേസ് ഹാക്കത്തോണ്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് അവര്‍ ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്‍റെ അനുഭവപരിചയവും വൈദഗ്ധ്യവും യുവജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്ന ഒരു സവിശേഷ അവസരമാണ് ഐഐഎസ്എഫ് എന്ന് എച്ച്ആര്‍എഡിയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റും ഹെഡുമായ ഡോ.യു. എസ്.ഹരീഷ് ആമുഖപ്രസംഗത്തില്‍ പറഞ്ഞു.

സി.എസ്.ഐ.ആര്‍- എന്‍.ഐ.ഐ.എസ്.ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആന്‍റണി പീറ്റര്‍ രാജ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി എംഎസ്ടിഡിയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. യു.എസ്. ഹരീഷ്, സി-സെറ്റിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ആര്‍.ബി. രാഖി എന്നിവര്‍ ശാസ്ത്ര പ്രഭാഷണങ്ങള്‍ നടത്തി. .

ചിന്മയ വിദ്യാലയങ്ങളില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികളും തിരുവനന്തപുരം ലയോള സ്കൂളില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികളുമാണ് പരിപാടിയില്‍ പങ്കെടുത്തത്. സി.എസ്.ഐ.ആര്‍-- എന്‍.ഐ.ഐ.എസ്.ടി യിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.

ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഭൗമശാസ്ത്ര മന്ത്രാലയം, ബഹിരാകാശ-ആണവോര്‍ജ വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാന ഭാരതിയുമായി സഹകരിച്ചാണ് ഐ ഐ എസ് എഫ് 2023 സംഘടിപ്പിക്കുന്നത്.

Photo Gallery

+
Content