കേഡര്‍ ഓട്ടിസം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രി ക്ഷണിച്ചു

Trivandrum / December 6, 2023

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (കേഡര്‍) സംഘടിപ്പിക്കുന്ന ഓട്ടിസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

ഓട്ടിസ്റ്റിക്കായവരെ പരിഗണിക്കാനും ഉള്‍ക്കൊള്ളാനുമുള്ള സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേഡര്‍ ഇന്‍റര്‍നാഷണല്‍ ഫിലിംലെറ്റ് ഫെസ്റ്റിവല്‍ ഓണ്‍ ഓട്ടിസം (സിഐഎഫ്എ-2024) സംഘടിപ്പിക്കുന്നത്. ഓട്ടിസവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ഉള്ളടക്കമുള്ള ഹ്രസ്വചിത്രങ്ങള്‍ ഫെസ്റ്റിവെലിലേക്ക് സമര്‍പ്പിക്കാം. ഒന്നുമുതല്‍ അഞ്ച് മിനിറ്റ് വരെയായിരിക്കണം ദൈര്‍ഘ്യം.

മികച്ച ചിത്രത്തിന് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം നല്‍കും. സിനിമ, ഓട്ടിസം മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിക്കുക. ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് 2024 ഏപ്രില്‍ 2 ന് അവാര്‍ഡ് ദാന ചടങ്ങ് നടത്തും. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി 29. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: cifa@cadrre.org

Photo Gallery