മുതലമടയില്‍ ചോളകൃഷിയുമായി കേരള ഫീഡ്സ്

KFL
Palakkad / May 28, 2022

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സ് ലിമിറ്റഡ് മുതലമടയില്‍ ചോളകൃഷിക്ക് തുടക്കമിട്ടു. കാലിത്തീറ്റയുടെ വില കുറച്ച് ക്ഷീരകര്‍ഷകരെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രധാന അസംസ്കൃത വസ്തുവായ ചോളത്തിന്‍റെ കൃഷിക്ക് മുന്നിട്ടിറങ്ങിയത്.
സര്‍ക്കാരിന്‍റെ പ്രത്യേക പദ്ധതിപ്രകാരം കൃഷി വകുപ്പ്, ക്ഷീര വികസന വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല എന്നിവയുമായി സഹകരിച്ചാണ് കേരള ഫീഡ്സ് പഞ്ചാബിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെയ്സ് റിസര്‍ച്ചിന്‍റെ (ഐഐഎംആര്‍) സാങ്കേതികസഹായത്തോടെ കൃഷിയിലേക്ക് ചുവടുവയ്ച്ചത്. മുതലമട ഈസ്റ്റ് ക്ഷീരോദ്പ്പാദക സഹകരണസംഘത്തിന്‍റെ പതിനഞ്ചേക്കര്‍ ഭൂമിയിലാണ് കൃഷി. ഐഐഎംആറില്‍ നിന്നുള്ള വിദഗ്ധസംഘത്തിന്‍റെ മണ്ണുപരിശോധനയ്ക്കു ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ അത്യുല്‍പ്പാദന ശേഷിയുള്ള സങ്കരയിനം വിത്തായ സിഒഎച്ച്എം 8 അഞ്ച് ഏക്കറില്‍ വിതച്ചത്.
ഐഐഎംആര്‍ സീനിയര്‍ സയന്‍റിസ്റ്റ് ഡോ. സുബി എസ്ബിയുടെ നേതൃത്വത്തില്‍ ഡോ. ശങ്കര്‍ ലാല്‍ജാട്ടും ഡോ. യതീഷ് കെആറും  ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണ് സ്ഥലം സന്ദര്‍ശിച്ച് മണ്ണുപരിശോധന നടത്തിയത്. മണ്ണിന്‍റെ പിഎച്ച് മൂല്യം ചോളകൃഷിക്ക് അനുയോജ്യമാണെന്ന് ഡോ. സുബി എസ്ബി പറഞ്ഞു. ഒരു ഏക്കറില്‍ നിന്നും മൂന്ന് ടണ്ണോളം ചോളം ലഭിക്കത്തക്ക  അത്യുല്‍പ്പാദന ശേഷിയുള്ള വിത്തെന്നതാണ് സിഒഎച്ച്എം 8 ന്‍റെ  പ്രത്യേകത. ഇത് നൂറുദിവസത്തിനകം വിളവെടുപ്പിന് പാകമാകും.  ആവശ്യമായ സാങ്കേതിക നേതൃത്വം  കേരള ഫീഡ്സിന്‍റെ സഹായത്തോടെ നിരന്തരം ലഭ്യമാക്കുമെന്നും അവര്‍ വ്യക്തമാക്കി.
കാലിത്തീറ്റ ഉല്‍പ്പാദനത്തിനു പുറമേ  ചോളത്തിന്‍റെ തണ്ട് കന്നുകാലികള്‍ക്ക് ആഹാരമായി നല്‍കാമെന്നും അതുവഴി പാലുല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് പാലിന്‍റെ കൊഴുപ്പ് കൂട്ടാനാകുമെന്നും കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. കൃഷിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിന് 20 ദിവസത്തിനു ശേഷം പരിശോധനയ്ക്കായി എത്താമെന്ന് ശാസ്ത്രജ്ഞര്‍ വാക്കുതന്നിട്ടുണ്ട്.  ചോളകൃഷി വിജയകരമായാല്‍  കുറഞ്ഞത് അഞ്ചേക്കറില്‍ കേരളത്തിലെല്ലായിടത്തും ഇതു പിന്‍തുടരാനാകും. ഐഐഎംആറിന്‍റെ സാങ്കേതികസഹായത്തോടെ കുറഞ്ഞത് അഞ്ച് ഏക്കറിലെങ്കിലും കേരളത്തില്‍ എവിടെയാണേലും ചോളകൃഷി നടത്തുകയാണെങ്കില്‍ അത്തരം ചോളം വിപണിവിലയോ, അതില്‍ കൂടുതലോ നല്‍കി ഏറ്റെടുക്കാന്‍ കേരള ഫീഡ്സ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജയ സുരേഷ്,  അസിസ്റ്റ് ഡയറക്ടര്‍ - ക്വാളിറ്റി കണ്‍ട്രോളര്‍ ഫെമി വി മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അഫ്സ, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അശ്വതി, കേരള ഫീഡ്സ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. അനുരാജ്, പ്രോജക്ട് വിഭാഗം മാനേജര്‍ സുധീര്‍, മുതലമട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അലൈ രാജ്, തൊഴിലുറപ്പ് പദ്ധതി ജില്ല കോര്‍ഡിനേറ്റര്‍ ബാലഗോപാല്‍, കുടുബശ്രീ കോര്‍ഡിനേറ്റര്‍ സെയ്ദലവി തുടങ്ങിയവരും കുടുംബശ്രീ അംഗങ്ങളും   ചോളകൃഷിയിറക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

Photo Gallery

+
Content