കേരളത്തിന്‍റെ പാരമ്പര്യ മൃഗചികിത്സാവിധികളുമായി ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ സ്റ്റാള്‍

Trivandrum / December 4, 2023

തിരുവനന്തപുരം: കന്നുകാലി ചികിത്സയില്‍ നാട്ടുവൈദ്യം ഉപയോഗിക്കാമെന്ന കേരളത്തിന്‍റെ കണ്ടെത്തലിന് ദേശീയതലത്തിലുള്ള പ്രചാരവുമായി ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി). അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ എന്‍ഡിഡിബി സ്റ്റാളിന്‍റെ പ്രമേയം തന്നെ ഈ നേട്ടമാണ്.

മൃഗങ്ങളില്‍ ആന്‍റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക ഇതിന്‍റെ ലക്ഷ്യമാണ്. മനുഷ്യന്‍റെ ആരോഗ്യത്തിന് മൃഗങ്ങളുടെ ആരോഗ്യവുമായി ബന്ധമുണ്ടെന്നുള്ള വണ്‍ഹെല്‍ത്ത് ആശയത്തിന്‍റെ ഭാഗമായാണ് എത്നോ വെറ്ററിനറി മെഡിസിന്‍ പ്രോത്സാഹിപ്പിക്കുന്നത്.

കന്നുകാലി കര്‍ഷകര്‍ക്ക് നാട്ടില്‍ ലഭ്യമായ പച്ചമരുന്നുകളിലൂടെ തങ്ങളുടെ മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ സംശയനിവാരണം സ്റ്റാളില്‍ ലഭിക്കും. വിവിധ ലക്ഷണങ്ങളിലൂടെ പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിവ്, ചികിത്സ, നിര്‍ദേശങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് മനസിലാക്കാം. മൃഗരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കുകള്‍ മനുഷ്യശരീരത്തിനും ദോഷമാണ്. പാല്‍ ശുദ്ധീകരിക്കുമെങ്കിലും ഇത് ചെറിയ അളവിലെങ്കിലും  മനുഷ്യശരീരത്തില്‍ എത്തുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ക്ഷീര വികസന ബോര്‍ഡ് നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യം വയ്ക്കുന്നത്. പശുക്കളില്‍ സാധാരണയായി കാണാറുള്ള അകിടുവീക്കത്തെ കറ്റാര്‍വാഴയും ചുണ്ണാമ്പും നാരങ്ങയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുളള മിശ്രിതത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. പനിക്കും വിരശല്യത്തിനും വ്രണങ്ങള്‍ക്കും ചര്‍മ്മമുഴയ്ക്കും കാമ്പ് അടഞ്ഞുപോകുന്നതിനുമെല്ലാം പാരമ്പര്യ ആയുര്‍വേദവിധി പ്രകാരമുള്ള ചികിത്സാ വിധികളുണ്ട്.

കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുന്നതിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ എത്തിപ്പെടുന്നത് തടയാന്‍ സാധിക്കും. പ്രാദേശികമായി ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന നാട്ടുമരുന്നുകള്‍ ഉപയോഗിച്ച് മൃഗങ്ങളുടെ രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

കേരളത്തിന്‍റെ ഈ ചികിത്സാരീതിയെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചിരുന്നു. രാജ്യത്തെ നിരവധി സ്വകാര്യ സഹകരണ സംഘങ്ങള്‍ ഇത് പ്രയോഗത്തില്‍ വരുത്തിയതായും കേരളത്തിലും കര്‍ഷകരില്‍ പാരമ്പര്യ ചികിത്സാ അവബോധം വളര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും ദേശീയ ക്ഷീര വികസന ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമി ജേക്കബ് പറഞ്ഞു. മൃഗങ്ങളുടെ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും അവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുക്കള്‍ പടരുന്നത് കുറയ്ക്കാനും നാട്ടുമരുന്ന് ഉപയോഗത്തിലൂടെ സാധിക്കും. നിരവധി കന്നുകാലി കര്‍ഷകര്‍ സംശയ നിവാരണങ്ങള്‍ക്കായി സ്റ്റാളില്‍ എത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.  

 

 

Photo Gallery

+
Content