പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

എയിംസില്‍ ആയുഷ് സംയോജിത വിഭാഗം സ്ഥാപിക്കുമെന്നും ജിഎഎഫില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ പ്രതിനിധി
Trivandrum / December 4, 2023

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനത്തില്‍ ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് (ഐപിഎച്ച്എസ്) ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുള്ള കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ ആയുഷ് മന്ത്രാലയ പ്രതിനിധി. അവശ്യ മരുന്നുകളും മനുഷ്യശേഷിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയുള്ള പൊതുജനാരോഗ്യ നിലവാരം ഉണ്ടായിരിക്കണമെന്നാണ് കരട് മുന്നോട്ടുവയ്ക്കുന്നത്. അന്തിമ കരട് തയ്യാറായിക്കഴിഞ്ഞുവെന്നും ഇത് അഭിപ്രായങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ആയുഷ്) ഡോ. രഘു എ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ (ജിഎഎഫ്- 2023) 'ആയുര്‍വേദവും പൊതുജനാരോഗ്യവും' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനസൗകര്യം, ഗുണനിലവാരം, ക്ലിനിക്കല്‍ ഗവേണന്‍സ് എന്നിവയില്‍ ഐപിഎച്ച്എസിനു തുല്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതിനാല്‍ ഒരു വര്‍ഷത്തിനകം ഇതിലേക്കു മാറാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്ന് ഡോ. രഘു പറഞ്ഞു. 2017 ലെ ദേശീയ ആരോഗ്യനയം നിര്‍ദേശിക്കുന്നതു പ്രകാരം ആരോഗ്യ മന്ത്രാലയത്തിന്‍റെയും ആയുഷ് മന്ത്രാലയത്തിന്‍റെയും സംയുക്ത നേതൃത്വത്തിലുള്ള സമിതി രാജ്യത്തുടനീളമുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആയുഷ് ചികിത്സാ സമ്പ്രദായത്തിന്‍റെ സംയോജിത വിഭാഗങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സംയോജിത വകുപ്പുകളില്‍ നിന്ന് കൂടുതല്‍ നിര്‍ദ്ദിഷ്ട സഹകരണ ഗവേഷണ പഠനങ്ങള്‍ നടക്കുന്നതിനാല്‍ ഇത് ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

പൊതുജനാരോഗ്യത്തില്‍ സമൂഹത്തിന്‍റെ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്ന് സൂചിപ്പിച്ച ഡോ. രഘു പൊതുജനാരോഗ്യ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും വിലയിരുത്തുന്നതിലും സമൂഹത്തിന്‍റെ സജീവമായ ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. സംരംഭങ്ങളുടെ ഏകോപനവും പ്രചാരണവും ശക്തിപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ആയുഷ് മന്ത്രാലയം ഇതുവരെ 12,500 ആയുഷ് ഹെല്‍ത്ത്-വെല്‍നസ് സെന്‍ററുകള്‍ക്ക് അംഗീകാരം നല്‍കി. അതില്‍ 8,000-ത്തിലധികം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജില്ലാതലത്തില്‍ വന്‍തോതില്‍ സംയോജിത ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ധാരാളം ആയുഷ് സ്ഥാപനങ്ങളുണ്ട്. ആയുഷില്‍ നിന്നുള്ള സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതിന് ആശ വര്‍ക്കര്‍മാരുടെ ശാക്തീകരണം പ്രധാനമാണ്. മനുഷ്യവിഭവശേഷി, ഗവേഷണം, ഔഷധസസ്യ മേഖല, സേവന വിതരണം, രോഗികളുടെ രജിസ്ട്രേഷന്‍ എന്നിവയുള്‍പ്പെടെ ആയുഷിന്‍റെ എല്ലാ മേഖലകളിലും ഇടപഴകുന്നതിനുള്ള സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ആയുഷ് ഗ്രിഡ് മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. ഈ ഡിജിറ്റല്‍ പ്ലാറ്റ് ഫോം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധിപ്പിച്ച് ആശയവിനിമയം സുഗമമാക്കും.

പൊതുജനാരോഗ്യ നിയമത്തില്‍ ആയുര്‍വേദവും മറ്റ് പരമ്പരാഗത ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയതിന് കേരള സര്‍ക്കാരിനെ അഭിനന്ദിച്ച ഡോ. രഘു ആയുഷ് ബിരുദധാരികളും മറ്റ് യോഗ്യതയുള്ളവരും അടങ്ങുന്ന ഒരു സമര്‍പ്പിത പബ്ലിക് ഹെല്‍ത്ത് മാനേജ്മെന്‍റ് കേഡര്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

ഗര്‍ഭാവസ്ഥയിലെ അമിതവണ്ണത്തിലും ജീവിതശൈലി രോഗങ്ങളിലും ആയുര്‍വേദത്തിന്‍റെ ഫലപ്രദമായ ഇടപെടലുകളെക്കുറിച്ച് ലാത്വിയ സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡിക് സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടറും ഗവേഷകയുമായ ഡോ. സിന്തിജ സൗസ തന്‍റെ അവതരണത്തില്‍ വിശദീകരിച്ചു.

കര്‍ണാടകയിലെ കെഎല്‍ഇ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രിന്‍സിപ്പലും മെഡിക്കല്‍ ഡയറക്ടറുമായ സുഹാസ് കുമാര്‍ ഷെട്ടി, ബെംഗളൂരു ട്രാന്‍സ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി റിസര്‍ച്ച് അസോസിയേറ്റ് ഡോ. മഹേഷ് മാധവ് മധ്പതി, ന്യൂഡല്‍ഹി എഐഐഎയിലെ സ്വസ്ഥവൃത്ത വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശിവ്കുമാര്‍ എസ് ഹാര്‍തി, യൂണിവേഴ്സിറ്റി ഓഫ് ട്രാന്‍സ്-ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്നോളജി പ്രൊഫസര്‍ ഡോ. പി എം ഉണ്ണികൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

 

Photo Gallery

+
Content
+
Content