സന്ദര്‍ശകരെ ആകര്‍ഷിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ ചരിത്ര പ്രദര്‍ശനം

Trivandrum / December 4, 2023

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെ 3500 വര്‍ഷം പഴക്കമുള്ള പൗരാണികവും ആധുനികവുമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ നൂറടിക്കുള്ളില്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ കവാടത്തിലാണ് ആയുര്‍വേദത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനം.

ക്രിസ്തുവിന് 1500 വര്‍ഷം മുമ്പ് അഥര്‍വ്വ വേദ സംഹിതയിലാണ് ആയുര്‍വേദത്തിന്‍റെ വിശദമായ പ്രതിപാദ്യമുള്ളത്. അന്ന് മുതല്‍ 2022 ല്‍ ലോകാരോഗ്യ സംഘടന പരമ്പരാഗത വൈദ്യശാഖയുടെ ആഗോളകേന്ദ്രം ഇന്ത്യയില്‍ ആരംഭിച്ചത് വരെയുള്ള നാഴികക്കല്ലുകള്‍ ഈ പ്രദര്‍ശനത്തില്‍ കാണാം. 1000 ബിസിയിലെ പുനര്‍വാസ്തു ആത്രേയ, കായകല്‍പം, ശാലക്യ തുടങ്ങിയ ചികിത്സാ രീതികള്‍ ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. പിന്നീട് ഭേല സംഹിത, അഗ്നിവേശ തന്ത്ര, ധൃതബല എന്നിവയും പ്രതിപാദിച്ചിരുന്നു.

ധന്വന്തരി കാലം, വാഗ്ഭട കാലം, ഒമ്പത് ആയുര്‍വേദ നിഘണ്ടുക്കള്‍, സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള പ്രതിപാദനം എന്നിവയെക്കുറിച്ച് ചിത്രങ്ങള്‍ സംയോജിപ്പിച്ചുള്ള ചാര്‍ട്ടുകള്‍ ഏറെ വിജ്ഞാനപ്രദമാണ്. ചരിത്ര ഉദ്ഖനനത്തില്‍ കണ്ടെത്തിയ ബോവറുടെ കയ്യെഴുത്തു രേഖകള്‍, ഹോര്‍ത്തൂസ് മലബാറിക്കസ് എന്നിവയിലെ ആയുര്‍വേദ പരാമര്‍ശങ്ങള്‍ എന്നിവയും രേഖപ്പെടുത്തിയിരിക്കുന്നു.

കൊല്‍ക്കത്തയിലെ കവിരാജ ഗംഗാധര്‍ റോയി ആണ് ആധുനിക കാലത്ത് ആയുര്‍വേദത്തിലെ അധ്യയനം ആരംഭിച്ചതെന്ന് കരുതുന്നു. 1902 ല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വാണിജ്യാടിസ്ഥാനത്തില്‍ ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനം തുടങ്ങി. സ്വാതന്ത്ര്യത്തിന് ശേഷം 1947 ല്‍ ഭാരതീയ വൈദ്യശാഖ ഔദ്യോഗികമായി ആരംഭിക്കാന്‍ ചോപ്ര സമിതി ശുപാര്‍ശ ചെയ്തു. 93 ല്‍ ആയുര്‍വേദത്തിനായി പ്രത്യേക വകുപ്പ്, 2014 ല്‍ ആയുഷ് മന്ത്രാലയ രൂപീകരണം, 2022 ല്‍ ലോകാരോഗ്യ സംഘടന ആഗോള കേന്ദ്രം എന്നിവയെല്ലാം കാഴ്ചക്കാരന് എളുപ്പത്തില്‍ മനസിലാക്കാവുന്ന രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഇതിനു പുറമെ ആയുര്‍വേദത്തില്‍ ആധുനിക സാങ്കേതിക വിദ്യയായ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ സമന്വയിപ്പിച്ച വിശദാംശങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംസ്കൃത ഗ്രന്ഥങ്ങളുടെ വലിയ മാതൃകകള്‍, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നൊരുക്കുന്നു.

കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.

 

Photo Gallery

+
Content
+
Content