സീറോ വേസ്റ്റ് ഹാക്കത്തോണിനായി സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് കെഎസ് യുഎം

Trivandrum / December 4, 2023

തിരുവനന്തപുരം: ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള മാലിന്യ സംസ്കരണ ഹാക്കത്തോണിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. കേരള ഡെവലപ്മെന്‍റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്നുള്ള  'സീറോ വേസ്റ്റ് ഹാക്കത്തോണ്‍' പരിപാടിയിലേക്കാണ് ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുന്നത്.

മാലിന്യ സംസ്കരണ വെല്ലുവിളികളെ നേരിടാന്‍ നൂതന സ്റ്റാര്‍ട്ടപ്പ് സൊല്യൂഷനുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സംരംഭമാണ് 'സീറോ വേസ്റ്റ് ഹാക്കത്തോണ്‍'. സംസ്ഥാനത്തുടനീളം സുസ്ഥിരവും കാര്യക്ഷമവുമായ മാലിന്യസംസ്കരണ രീതികള്‍ നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യയുടെയും നവീകരണത്തിന്‍റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

സംസ്ഥാന സര്‍ക്കാരിന്‍റെ സീറോ വേസ്റ്റ് ഹാക്കത്തോണ്‍ പ്രചാരണ പരിപാടിക്ക് സംഭാവന നല്‍കാനും അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും സാധിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും ഇത് വലിയ ബിസിനസ് അവസരങ്ങള്‍ നല്‍കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മാലിന്യ സംസ്കരണം, മാലിന്യ നിര്‍മാര്‍ജനം, മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, മാലിന്യം വേര്‍തിരിക്കല്‍, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകളും നൂതന സാങ്കേതികവിദ്യകളുമാണ് ഹാക്കത്തോണ്‍ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍, ഏജന്‍സികള്‍, സംഘടനകള്‍ എന്നിവയ്ക്ക് മാലിന്യ സംസ്കരണത്തിനുള്ള നൂതന പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഹാക്കത്തോണില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ വഴി നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://kdisc.kerala.gov.in/en/zero-waste-hackathon/

മാലിന്യ സംസ്കരണ ഹാക്കത്തോണില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ് ഡബ്ല്യുഎംപി), , കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില), സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (സിഎംഡി) എന്നിവയുമായും കെ-ഡിസ്ക് സഹകരിക്കുന്നുണ്ട്.

Photo Gallery