എല്ലാ ചികിത്സാരീതികളെയും അംഗീകരിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നിലപാട്: എം വി ഗോവിന്ദന്‍
Trivandrum / December 3, 2023
തിരുവനന്തപുരം: എല്ലാ ചികിത്സാരീതികളെയും ഒരുപോലെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് സോളിഡാരിറ്റി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദവും അലോപ്പതിയും തമ്മില്‍ മുമ്പ് വലിയ ഏറ്റുമുട്ടല്‍ നടന്നിരുന്നുവെന്നും ഇപ്പോള്‍ അത് കുറഞ്ഞിരിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ ചികിത്സാരീതികളെയും തുല്യമായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന നിയമനിര്‍മ്മാണം കേരള നിയമസഭ നടത്തിയത് ഏറെ ശ്രദ്ധേയമാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ആയുര്‍വേദത്തിന് എതിരായ പ്രചാരവേലകള്‍ കുറേക്കാലമായി നടക്കുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ഇപ്പോള്‍ ആയുര്‍വേദം മാറിക്കഴിഞ്ഞു. ആയുര്‍വേദത്തിന്‍റെ ശാസ്ത്രീയ അടിത്തറ തെളിയിക്കുന്ന കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. ആയുര്‍വേദത്തിന്‍റെ അനന്തസാധ്യതകള്‍ വരുംതലമുറയ്ക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന മരുന്നും ചികിത്സയും ഉറപ്പുവരുത്തണം. ഓരോ ഔഷധ നിര്‍മ്മാണത്തിനും നിരവധി ചേരുവകള്‍ വലിയ അളവില്‍ വേണമെന്നത് ആയുര്‍വേദത്തിന്‍റെ പരിമിതിയാണ്. ഇത്രയധികം ഔഷധക്കൂട്ടുകള്‍ ആവശ്യമാണോയെന്നും ഒന്നോ രണ്ടോ ചേരുവകള്‍ മാത്രം ചേര്‍ത്തുള്ള മരുന്നുകളുടെ നിര്‍മ്മാണം ഫലപ്രദമാക്കാനാകുമോയെന്ന് ആലോചിക്കണം. ആയുര്‍വേദത്തെ ശാസ്ത്രീയമായി നവീകരിക്കുന്ന വെല്ലുവിളി ആയുര്‍വേദ ഭിഷഗ്വരന്മാരും പഠിതാക്കളും പങ്കാളികളും ഉള്‍പ്പെടുന്ന സമൂഹം ഏറ്റെടുക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
രോഗചികിത്സയില്‍ ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള ചികിത്സാരീതികളുടെ പരസ്പര സഹകരണം ആവശ്യമാണെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിനാവശ്യമായ പച്ചമരുന്നുകളുടെ ലഭ്യത കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കയും ബിനോയ് വിശ്വം പങ്കുവച്ചു. പല ആയുര്‍വേദ മരുന്നുകള്‍ക്കും ആവശ്യമായ എല്ലാ ചേരുവകളും ലഭിക്കുന്നില്ലെന്നത് ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കള്‍ തന്നെ പരാതിപ്പെടുന്നുണ്ട്. അമിതമായ പരിസ്ഥിതി ചൂഷണം ഒഴിവാക്കുകയും ഔഷധ നിര്‍മ്മാണത്തിനുള്ള ചെടികളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദത്തിലാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും മികച്ച ഗവേഷണങ്ങള്‍ നടക്കുന്നതെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ പറഞ്ഞു. ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ പ്രോത്സാഹനത്തില്‍ ആയുഷ് മന്ത്രാലയത്തിന്‍റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന് എഎംഎഐ സെക്രട്ടറി കെസി അജിത് കുമാര്‍ സ്വാഗതവും ഡോ. ഇട്ടുകുഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
Photo Gallery
