ആയുര്‍വേദ സേവനങ്ങളുടെ അന്താരാഷ്ട്ര വിപണി ശക്തിപ്പെടുത്താന്‍ വേദിയൊരുക്കി ജിഎഎഫ് ബി ടു ബി മീറ്റ്

250 ടൂര്‍ ഓപ്പറേറ്റര്‍മാരും 100 സെല്ലര്‍മാരും 300 ബയേഴ്സും പങ്കെടുത്തു
Trivandrum / December 3, 2023

തിരുവനന്തപുരം: ആയുര്‍വേദ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര വിപണി ശക്തിപ്പെടുത്താന്‍ വേദിയൊരുക്കി ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ (ജിഎഎഫ്-2023) ആയുര്‍വേദ ബി ടു ബി മീറ്റ്. ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള സജീവമായ ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കിയ മീറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും നൂറോളം സെല്ലര്‍മാരും മുന്നൂറോളം ബയേഴ്സുമാണ് പങ്കെടുത്തത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ബി ടു ബി മീറ്റില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 250 ടൂര്‍ ഓപ്പറേറ്റരും 50 ലധികം ആയുര്‍വേദ മാനുഫാക്ചര്‍മാരും 30 ലധികം ട്രേഡര്‍മാര്‍മാരും ഭാഗമായി.

നൈജീരിയയിലെ കോംപ്ലിമെന്‍ററി മെഡിസിന്‍ മേധാവി ഡോ. മാര്‍ട്ടിന്‍സ് ഒച്ചുബിയോജോ എമേജ് ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയ്ക്ക് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത പ്രയോജനപ്പെടുത്തണമെന്ന് ഡോ. മാര്‍ട്ടിന്‍സ് ഒച്ചുബിയോജോ എമേജ് പറഞ്ഞു. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഔഷധച്ചെടികളുടെ കലവറയാണ്. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളും ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിന് ആഗോള സ്വീകാര്യത ഉണ്ടാക്കിയെടുക്കുകയാണ് വെല്ലുവിളി. ജിഎഎഫ് പോലുള്ള ആഗോള സമ്മേളനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും ആയുര്‍വേദത്തിന് ആഗോളസ്വീകാര്യത സൃഷ്ടിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണെന്നും മാര്‍ട്ടിന്‍സ് ഒച്ചുബിയോജോ കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളിലെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയുടെ സഹകരണത്തിനും സേവനങ്ങളുടെ കൈമാറ്റത്തിനും ആയുര്‍വേദ ബി ടു ബി മീറ്റ് വഴിയൊരുക്കുമെന്ന് ഗോവ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ധീരജ് ആര്‍ വാഗ്‌ലേ പറഞ്ഞു.


ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നീ രണ്ട് വിഭാഗങ്ങളാണ് ബിടുബി മീറ്റില്‍ ഉണ്ടായിരുന്നത്. ഉത്പന്ന വിഭാഗത്തില്‍ രാജ്യത്തെ പ്രധാന മാനുഫാക്ചറിങ് കമ്പനികളെ വില്‍പ്പനക്കാരായി അവതരിപ്പിച്ചു. ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്‍റുമാരും സേവനമേഖലയുടെ ഭാഗമായി മീറ്റില്‍ പങ്കെടുത്തു. കേരളത്തിലെയും ഇന്ത്യയിലെയും ആയുര്‍വേദ ആശുപത്രികളും റിസോര്‍ട്ടുകളും ക്ലിനിക്കുകളും സെല്ലര്‍മാരായും ആയുര്‍വേദ ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാരും ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്‍റുമാരും ബയര്‍മാരായും പങ്കെടുത്തു. രാജ്യത്തെ വെല്‍നസ് ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും മീറ്റ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോമതീരം ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ബേബി മാത്യു മീറ്റിന്‍റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആയുഷ് അഡ്വൈസര്‍ ഡോ. രഘു, രസായന ആയുര്‍വേദ സെന്‍റര്‍ സിടിഒയും ബി ടു ബി മീറ്റ് ചെയര്‍മാനുമായ ഡോ. വി. മാധവചന്ദ്രന്‍, എംഎസ്എംഇ കേരള ഡയറക്ടര്‍ പ്രകാശ്, കെടിഡിഎ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, സിട്രൈന്‍ ഹോസ്പിറ്റാലിറ്റീസ് ചെയര്‍മാന്‍ പ്രസാദ് മഞ്ഞളി, എഎച്ച്എംഎ പ്രസിഡന്‍റ് ഡോ. വിജയന്‍ നങ്ങേലി, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. വിഷ്ണു നമ്പൂതിരി, ബിടുബി മീറ്റ് കോര്‍ഡിനേറ്റര്‍ ഡോ. അഭിലാഷ്, ജിഎഎഫ് ബിടുബി മീറ്റ് കണ്‍വീനര്‍ സിജി നായര്‍ എന്നിവര്‍ സംസാരിച്ചു.

നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. സമീര്‍ സദേക്കര്‍, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് കോര്‍പ്പറേറ്റ് ജനറല്‍ മാനേജര്‍ ചിത്ര, ഡോ. വി. ശ്രീകുമാര്‍, കെ.കെ സ്വാമി എന്നിവര്‍ ആയുര്‍വേദ സേവനങ്ങളെയും ഉത്പന്നങ്ങളെയും കുറിച്ചുള്ള അവതരണങ്ങള്‍ നടത്തി.

സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്. 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് പ്രമേയം.

 

Photo Gallery

+
Content