ജിഎഎഫിലേക്കെത്തൂ; ഔഷധ സസ്യങ്ങളുമായി മടങ്ങാം

Trivandrum / December 3, 2023

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലേക്കെത്തുന്നവരെ കാത്തിരിക്കുന്നത് ഔഷധ സസ്യങ്ങളുടെ വലിയ നിര. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഔഷധ സസ്യങ്ങള്‍ വാങ്ങുന്നതിനും പരിചയപ്പെടുന്നതിനുമുള്ള അവസരം ജിഎഎഫിലുണ്ട്.

 കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ ബോട്ടണി വിഭാഗത്തിന്‍റെ സ്റ്റാളില്‍ അന്‍പതിലധികം ഇനങ്ങളില്‍പ്പെട്ട ഔഷധ സസ്യങ്ങള്‍ ലഭ്യമാകും. നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തിള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി ,കരിനൊച്ചി, ആടലോടകം, ദശപുഷ്പങ്ങള്‍ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആയുഷ് വകുപ്പിന് കീഴില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്‍റേയും നാഷണല്‍ ആയുഷ് മിഷന്‍റേയും സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിന്‍റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഔഷധ സസ്യങ്ങള്‍ സംരംക്ഷിക്കുന്നത്.

 
ആധുനിക രീതിയിലുള്ള ഔഷധസസ്യ ഉദ്യാനവും വിത്തുകള്‍ സംരംക്ഷിക്കുന്നതിനുള്ള വിത്തുകേന്ദ്രവും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള യൂണിവേഴ്സിറ്റിയുടെ വിത്തു കേന്ദ്രത്തില്‍ സംരംക്ഷിക്കുന്ന നൂറിലധികം ഇനത്തില്‍പ്പെട്ട നെല്‍വിത്തുകളുടെ പ്രദര്‍ശനവും ജിഎഎഫില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ തനത് നെല്‍വിത്തുകള്‍ക്ക് പുറമെ ഒറീസ, പശ്ചിമ ബംഗാള്‍, കര്‍ണാടക, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിത്തുകള്‍ പരിചയപ്പെടാന്‍ പ്രദര്‍ശനം അവസരമൊരുക്കും.

 കാര്യവട്ടം കാമ്പസില്‍ ബോട്ടണി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെവി ക്രേവിങ്സ് സ്റ്റാര്‍ട്ടപ്പിന്‍റെ ഉത്പന്നമായ എന്‍-സോര്‍ കുടമ്പുളി സത്ത് എന്ന അമിതവണ്ണം തടയുന്നതിനുള്ള ഔഷധവും സ്റ്റാളിലുണ്ട്. തഴുതാമയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ലിവ്- എവര്‍ മരുന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലമാണ് പാര്‍ശ്വ ഫലങ്ങളില്ലാത്ത ലിവ്- എവര്‍ മരുന്നിന് പേറ്റന്‍റ് ലഭിച്ചത്.

 കേരളത്തില്‍ നിന്ന് അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ചില ഔഷധസസ്യങ്ങള്‍ പ്രദര്‍ശനത്തിന്‍റെ പ്രത്യേകതയാണ്. ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങിയവയും രേഖപ്പെടുത്തിയിട്ടുണ്ട്. ബോണ്‍സായിയായി വളര്‍ത്താന്‍ കഴിയുന്ന ഔഷധ സസ്യങ്ങളും വില്പനയ്ക്കുണ്ട്.

പുതുതലമുറയ്ക്ക് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഗാര്‍ജുന ആയുര്‍വേദ നടത്തുന്ന ഔഷധ സസ്യവിതരണവും ശ്രദ്ധേയമാണ്. ദേശീയ ഔഷധ സസ്യബോര്‍ഡിന്‍റെ സ്റ്റാളില്‍ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഔഷധ സസ്യങ്ങളുടെ കൃഷി, സംരംക്ഷണം, വിപണനം, ഗവേഷണം, ബോധവത്ക്കരണം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്‍റെ സ്റ്റാളിന്‍റെ പ്രത്യേകതയാണ്. ഔഷധ സസ്യങ്ങളുടെ വില്പന ലക്ഷ്യമിട്ട് സോമതീരം ആയുര്‍വേദ സെന്‍ററിന്‍റെ സ്റ്റാളിലെ ഔഷധോദ്യാനത്തിലും സസ്യങ്ങളുടെ വില്പന ഒരുക്കിയിട്ടുണ്ട്.

Photo Gallery

+
Content